ADVERTISEMENT

ശരീരഭാരം നിയന്ത്രിക്കാൻ കഠിനമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണോ? എന്നാൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്താം. അടുക്കള രുചികൾ മികച്ചതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മല്ലിയാണ് ഇവിടെ താരം. മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. ശരീര ഭാരം കുറയ്ക്കാൻ മല്ലി എങ്ങനെ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്നു നോക്കാം.

മല്ലികൊണ്ട് തയാറാക്കാം 

* ഒരു ദിവസം തുടങ്ങുന്നതു തന്നെ മല്ലിയിട്ടു വെച്ച വെള്ളം ഉപയോഗിച്ച് കൊണ്ടാകാം. അതിനായി ഒരു ടേബിൾ സ്പൂൺ മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിരാനായി ഇട്ടുവെയ്ക്കാം. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. ദഹന പ്രക്രിയ സുഗമമാക്കാനിതു സഹായിക്കും.

* ഒരു ടീസ്പൂൺ മല്ലി ഒരു കപ്പ് വെള്ളത്തിലിട്ടു അഞ്ചു മിനിട്ട് മുതൽ പത്തു മിനിട്ടു വരെ തിളപ്പിക്കാം. അരിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കാം. പ്രധാന ഭക്ഷണത്തിനു മുൻപായി കുടിക്കുന്നത് വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. ദഹനത്തെ സഹായിക്കുകയും ചെയ്യും. 

* മല്ലി നല്ലതുപോലെ പൊടിച്ചതിനു ശേഷം വിഭവങ്ങളിൽ സീസണിങ് ആയി ഉപയോഗിക്കാം. പച്ചക്കറികൾ റോസ്റ്റ് ചെയ്യുമ്പോൾ, ഇറച്ചി ഗ്രിൽ ചെയ്യുമ്പോൾ തുടങ്ങി ഏതു വിഭവത്തിനു മുകളിലും അല്പം മല്ലിപൊടി വിതറാവുന്നതാണ്. കാലറി വർധിക്കുമെന്ന പേടിയും വേണ്ട. രുചിയും കൂടും.

Coriander-drink
Image Credit: :mirzamlk/Istock

* ആരോഗ്യത്തിനു ഏറെ ഗുണകരമായതും രുചികരവുമായ ഒരു സാലഡ് തയാറാക്കുമ്പോൾ മല്ലിയും ഒലിവ് ഓയിലും ചെറുനാരങ്ങ നീരും വെളുത്തുള്ളിയും അല്പം ഉപ്പും കുറച്ച് കുരുമുളക് പൊടിയും ചേർക്കാവുന്നതാണ്. ഇവയെല്ലാം ചേരുമ്പോൾ സാലഡ് കൂടുതൽ രുചികരമാകും. 

* സൂപ്പിലും ബ്രോത്തിലുമെല്ലാം മല്ലി ചേരുമ്പോൾ മണവും രുചിയും മാത്രമല്ല പോഷകങ്ങളും വർധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മല്ലി പൊടിച്ചതിനു ശേഷം സൂപ്പിൽ ചേർക്കാവുന്നതാണ്. കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. 

Image Credit: YuanruLi/Istock
Image Credit: YuanruLi/Istock

* ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ്,  ഗ്രിൽ ചെയ്ത ഇറച്ചി എന്നിവ കഴിക്കാൻ ഒരു സോസോ ഡിപ്പോ തയാറാക്കണമെങ്കിൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ. അധികം പുളിയില്ലാത്ത തൈരിൽ ഒരു നുള്ള് ഉപ്പും മല്ലിയും ചേർത്ത് മിക്സ് ചെയ്യാം. ഇനി പച്ചക്കറികളോ ഇറച്ചിയോ എന്തും ഇതിനൊപ്പം ചേർത്ത് കഴിച്ചു നോക്കൂ. രുചി കൂടും.

* സ്മൂത്തിയിൽ മല്ലി ചേർത്താൽ എങ്ങനെയുണ്ടാകും? രുചി മാത്രമല്ല, പോഷകഗുണങ്ങളും വർധിക്കും. കുറച്ച് മല്ലി നല്ലതുപോലെ പൊടിച്ചതിനു ശേഷം പഴങ്ങൾ, ഇലക്കറികൾ ഗ്രീക്ക് യോഗർട്ട് എന്നിവ കൊണ്ട് സ്മൂത്തിയോ പാനീയങ്ങളോ തയാറാക്കാം.

മല്ലിയില സാലഡിലും കറികളിലുമൊക്കെ ചേർക്കുമ്പോള്‍ സ്വാദ് ഇരട്ടിയാകും. മല്ലിയില കടയിൽ നിന്ന് വാങ്ങിയാലും ഏറെ നാൾ ഫ്രെഷായി സൂക്ഷിക്കാന്‍ പ്രയാസമാണ്, ചില വിദ്യകൾ പരീക്ഷിച്ചാൽ ഒരു മാസത്തോളം മല്ലിയില കേടാകാതെ വയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

∙മല്ലിയില കഴുകി വൃത്തിയാക്കിയതിനു ശേഷം വേരുകൾ മുറിച്ച് മാറ്റാം. വിനാഗിരി ചേർത്ത വെള്ളത്തിൽ മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടെ കഴുകാം. ശേഷം മല്ലിയില നിരത്തി വെള്ളം തോരാന്‍ വയ്ക്കാം. നന്നായി ഉണക്കിയെടുത്താൽ മല്ലിയില വേഗം കേടാകാതിരിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകുന്നതിനാൽ ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശവും ചെളിയും എല്ലാം നന്നായി നീക്കംചെയ്തു കിട്ടുകയും ചെയ്യും.

Coriander-leaves
Image Credit: :Doucefleur/Istock

∙കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ നല്ലതും ചീഞ്ഞതുമായ ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യം അതിൽ നിന്ന് നല്ലത് മാറ്റിയെടുക്കാം.  ഇലയോടുകൂടിയ ഭാഗം മുറിച്ചെടുത്ത ശേഷം വെള്ളമയം ഇല്ലാത്ത ഒരു പാത്രത്തിൽ എടുത്ത് വയ്ക്കാം. അതിന് മുകളിൽ ടിഷ്യൂ പേപ്പർ വച്ച് പാത്രം അടയ്ക്കണം. എന്നിട്ട് ഫ്രിജിൽ വയ്ക്കാം. ഇൗർപ്പം ടിഷ്യൂ പേപ്പർ വലിച്ചെടുക്കും. ഇടയ്ക്ക് പാത്രം തുറക്കുമ്പോൾ അധികം കേടാകുന്നവ എടുത്ത് മാറ്റിയിട്ട് വീണ്ടും പാത്രം അടച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ മല്ലിയില കേടാകാതിരിക്കും.

∙പാത്രത്തിൽ വെള്ളം എടുത്തിട്ട് അതിൽ വേരോടുകൂടി മല്ലിയില ഇട്ടുവച്ചാൽ കുറച്ചു ദിവസം കേടാകാതെ വയ്ക്കാം.

∙മല്ലിയിലയുെട വേരു ഭാഗം മുറിച്ച് മാറ്റിയതിനു ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ നന്നായി പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്നറിലെ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കേടുകൂടാതെ മല്ലിയില എടുക്കാം.

∙മല്ലിയില നല്ലതായി കഴുകി അരിപ്പയിൽ വച്ചോ പത്ര പേപ്പറില്‍ നിരത്തിയോ വെള്ളം ഉണക്കിയെടുക്കാം. വായു കടക്കാത്ത ഒരു പാത്രത്തിൽ  കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഇൗ മല്ലിയില വേരോടെ ഇറക്കി വച്ച്, അടച്ച് ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താലും രണ്ടുമൂന്ന് ആഴ്ചയോളം മല്ലിയില കേടാകാതെ വയ്ക്കാം. 

English Summary:

Health Benefits of Coriander and Storage Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com