വീട്ടിൽ തയാറാക്കാം മൃദുവായ കറുത്ത ഹൽവ

mrs-k-mathews-recipes-black-halwa
കറുത്ത ഹൽവ
SHARE

കുട്ടിക്കാലത്ത് ആദ്യം രുചിച്ച മധുരങ്ങളുടെ പട്ടികയെടുത്താൽ ഒന്നാമതുണ്ടാകും കറുത്ത ഹൽവ. കശുവണ്ടിപ്പരിപ്പു പതിഞ്ഞിരിക്കുന്ന മൃദുവായ കറുത്ത ഹൽവ കഷ്ണങ്ങൾ എത്ര കഴിച്ചാലും മതിവരുമായിരുന്നില്ലല്ലോ. ആ രൂചിക്കൂട്ട് ഇൗ വീക്കെൻഡിൽ വീട്ടിൽ തയാറാക്കിയാലോ?

കറുത്ത ഹൽവ

1. മൈദ – അരക്കിലോ

2. വെള്ളം – പാകത്തിന്

3. ശർക്കര – രണ്ടു കിലോ

4. തേങ്ങ – മൂന്ന്

5. നെയ്യ് – 350 ഗ്രാം

6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്.

7. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മൈദ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക. ഏകദേശം മൂന്നു ലീറ്റർ വെള്ളം അൽപാൽപം വീതം കുഴച്ച മാവിൽ ഒഴിച്ചു ഞെരടണം. പാലു പോലെയാക്കി അതു മാറ്റി വയ്ക്കുക. വീണ്ടും വെള്ളമൊഴിച്ചു കലക്കി പാൽ എടുക്കുക. ഇങ്ങനെ രണ്ടു – മൂന്നു തവണ ചെയ്ത് ഏറ്റവും ഒടുവിൽ വരുന്ന പിശിട് കളയണം. ഊറ്റിയ പാൽ ഒരു മണിക്കൂർ വച്ച് തെളി ഊറ്റിക്കളയുക. മട്ട് മാത്രം എടുത്തു വയ്ക്കുക.

∙ശർക്കര ഒന്നര ലീറ്റർ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നര ലീറ്റർ പാലെടുത്തു വയ്ക്കുക.

∙തയാറാക്കിയ മൈദയിൽ ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ച് ചുവടുകട്ടിയുള്ള ഉരുളിയിൽ ഒഴിക്കണം. ഇതു നല്ല തീയിൽ തുടരെയിളക്കി കുറുക്കണം. അടിയിൽ പിടിക്കാതിരിക്കാൻ കുറേശ്ശെ നെയ്യൊഴിച്ചു കൊടുക്കാം. ഏകദേശം ഹൽവയുടെ പരുവമാകുമ്പോൾ കഴുവണ്ടിപ്പരിപ്പ് ചേർത്തിളക്കണം.

∙സ്പൂണിൽ എടുത്താൽ ഉരുളുന്ന പരുവത്തിൽ ഹൽവ മുറുകുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക. നെയ്യ് പുരട്ടിയ പാത്രത്തിൽ ചൂടോടെ ഒഴിച്ചു നിരത്തി അൽപം കശുവണ്ടിപ്പരിപ്പ് മുകളിൽ വിതരണം. ചൂടാറിയ ശേഷം ഹൽവ കഷണങ്ങളാക്കി ഉപയോഗിക്കാം.

∙ഹൽവയ്ക്കു കൂടുതൽ കറുപ്പുനിറം വേണമെങ്കിൽ 50 ഗ്രാം പഞ്ചസാര കറുപ്പുനിറത്തിൽ കാരമലാക്കി മൈദ മിശ്രിതത്തിൽ ചേർക്കാം.

Content Summary : Mrs. K. M. Mathew's Recipe - Black Halwa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA