ADVERTISEMENT

ഐസ്ക്രീം എന്നു കേൾക്കുമ്പോഴേ കുസൃതിക്കുട്ടൻമാരുടെ വായിൽ വെള്ളം നിറയും. പുതുരുചികൾ ഐസ്ക്രീമിലും വരുന്നു. വീട്ടിൽ അരിപ്പൊടിയും പാലും പഞ്ചസാരയും ചേർത്ത് തയാറാക്കാവുന്ന രുചികരമായ ഐസ്ക്രീം പരിചയപ്പെടാം.

ചേരുവകൾ

  • പാൽ – 2 ഗ്ലാസ് (അരിപ്പൊടിയും കൊക്കോ പൗഡറും മിക്സ് ചെയ്യാൻ ഇതിൽ നിന്നും അര ഗ്ലാസ് പാൽ ചേർക്കണം)
  • പഞ്ചസാര – 14 സ്പൂൺ (മധുരം അനുസരിച്ച് മാറ്റാം)
  • അരിപ്പൊടി (വറുത്തതോ അല്ലാത്തതോ) – രണ്ടു സ്പൂൺ
  • കൊക്കോ പൗഡർ – 1 സ്പൂൺ (ആവശ്യമെങ്കിൽ)
  • വാനില എസൻസ് – കാൽ സ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് പാലെടുക്കുക അതിലേക്ക് 14 സ്പൂൺ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിനു ശേഷം ഒരു ബൗളിൽ രണ്ടു സ്പൂൺ അരിപ്പൊടി എടുക്കുക (അപ്പം/ഇടിയപ്പപ്പൊടി വറുത്തതോ/വറുക്കാത്ത പൊടിയോ ഇതിനുവേണ്ടി ഉപയോഗിക്കാം) അതിലേക്ക് ഒരു സ്പൂൺ കൊക്കോ പൗഡർ (അരിപ്പയിൽ അരിക്കുക) ചേർക്കുക. കൊക്കോ പൗഡർ ഇല്ലെങ്കിൽ ചോക്ലേറ്റ് മെൽറ്റ് ചെയ്ത് രണ്ടു സ്പൂൺ ചേർക്കുക. ഇത് മിക്സ് ചെയ്യാനായി വീണ്ടും കാൽ/അര ഗ്ലാസ് പാൽ ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിക്സ് പാലും പഞ്ചസാരയും നന്നായി തിളച്ചു വരുന്നതിലേക്ക് ചേർക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക ഇല്ലെങ്കിൽ അരിപ്പൊടി വേഗം അടിയിൽ പിടിക്കും. ഇളക്കുമ്പോൾ കട്ടയായാലും സാരമില്ല ഇത് മിക്സിയിൽ രണ്ടു തവണ അടിക്കുമ്പോൾ അതു മാറിക്കോളും.

വെട്ടിത്തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം വാനില എസൻസ് (ആവശ്യമെങ്കിൽ മാത്രം) കാൽ സ്പൂൺ ചേർത്ത് നന്നായി ഇളക്കി റൂം ടെമ്പറേച്ചറിൽ തണുക്കാൻ വയ്ക്കുക. ഫ്രിജിൽ വയ്ക്കരുത്. നോർമൽ ടെമ്പറേച്ചർ ആകുമ്പോൾ 5 മിനിറ്റ് നേരം മിക്സിയിൽ അടിക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി ഒരു അടപ്പു കൊണ്ട് അടച്ച് 1.5–2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 1.5–2 മണിക്കൂറിനു ശേഷം ഫ്രീസറിൽ നിന്നെടുത്ത് വീണ്ടും 5 മിനിറ്റ് മിക്സിയിൽ അടിക്കുക. അതിനുശേഷം എയർറ്റൈറ്റായുളള ഒരു പാത്രത്തിൽ ഒഴിച്ച് വച്ച് അതിനു മുകളിൽ ബട്ടർ പേപ്പർ/പ്ലാസ്റ്റിക് കവർ/ അലുമിനിയം ഫോയിൽ മുകളിൽ വച്ച് പാത്രത്തിന്റെ അടപ്പു കൊണ്ട് നന്നായി അടച്ച് 8 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 8 മണിക്കൂറിനു ശേഷം സാധാരണ നമ്മൾ ഉപയോഗിക്കുന്ന ചോക്ലേറ്റ് ഫ്ളേവറിൽ നല്ല രുചികരമായ അരിപ്പൊടി കൊണ്ട് ഉണ്ടാക്കിയ ചോക്ലേറ്റ് ഐസ്ക്രീം ലഭിക്കും. ഇത് അരിപ്പൊടിയാണെന്ന് അറിയുകയേയില്ല.

ശ്രദ്ധിക്കാൻ

∙കൊക്കോ പൗഡർ അരിച്ചെടുക്കുക. ഇല്ലെങ്കിൽ പാലിൽ കലങ്ങില്ല.

∙കൊക്കോ പൗഡർ ഇല്ലെങ്കിൽ ചോക്ലേറ്റ് പേസ്റ്റോ ചോക്ലേറ്റോ കളറിനുവേണ്ടി ചേർക്കാവുന്നതാണ്.

∙ചോക്ലേറ്റ് ചേർക്കാതിരുന്നാൽ വൈറ്റ് കളർ വാനില ഐസ്ക്രീം ഉണ്ടാക്കാൻ പറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com