ADVERTISEMENT

ചൗവ്വരി ഉപയോഗിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ നമ്മൾ മിക്കവരും ഇത് പായസത്തിൽ ഒക്കെ ചെറിയ അളവിൽ ആണ് ഉപയോഗിക്കാറ്. എന്നാൽ ഇതുകൊണ്ട് നമുക്ക് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കിയാലോ. ഉത്തരേന്ത്യയിൽ വ്രതത്തിന് ആഹാരം പാകം ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇത്. സംസ്കരിച്ചെടുത്ത ഒരു സസ്യാഹാരമാണ് ചൗവ്വരി. അതുകൊണ്ടാണ് ഇത് കൂടുതലും വ്രതകാലത്ത് ഉപയോഗിക്കുന്നത്.

ആരോഗ്യപരമായി ചൗവ്വരി എത്രമാത്രം നല്ലതാണ് എന്ന് നോക്കാം.

നമ്മുടെ ദഹനേന്ദ്രിയം വളരെ ആരോഗ്യപരമായി ഇരിക്കുന്നതിനും മലബന്ധം,ദഹനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും കൃത്യമായ അളവിൽ ചൗവ്വരി കഴിക്കുന്നതിലൂടെ നമുക്ക് സാധിക്കും. ചൗവ്വരിയിൽ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചൗവ്വരി വളരെയധികം ഉപകാരപ്രദമാണ്. വിറ്റാമിൻ ബി, ഫോളിക് ആസിഡ് എന്നിവയൊക്കെ അടങ്ങിയ ചൗവ്വരി ഗർഭിണികൾ കഴിക്കുന്നത് വളരെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ അയൺ, കാൽസ്യം, വിറ്റാമിൻ K എന്നിവയാലെല്ലം സമ്പുഷ്ടമാണ് ചൗവ്വരി. എളുപ്പം ദഹിക്കും എന്നതിനാൽ അസുഖമുള്ള സമയത്ത് പോലും ഇത് നമുക്ക് കഴിക്കാൻ സാധിക്കും. ധാരാളം ഗുണഗണങ്ങൾ ഉള്ള ഈ ചൗവ്വരി കൊച്ചു കുഞ്ഞുങ്ങൾക്കും കൊടുക്കുന്നത് വളരെ നല്ലതാണ്.

ചൗവ്വരി കിച്ചടി 

ചേരുവകൾ

  • ചൗവ്വരി - 1 കപ്പ്
  • വെള്ളം - കുതിർക്കാൻ ആവശ്യത്തിന് 
  • കപ്പലണ്ടി - 1/2 കപ്പ് 
  • നെയ്യ് - 3 ടേബിൾസ്പൂൺ
  • ചെറിയ ജീരകം - 1 ടീസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചൗവ്വരി 2 മണിക്കൂർ നേരം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുതിരാൻ വയ്ക്കുക. അതിനുശേഷം നന്നായി കഴുകി ഒരു അരിപ്പയിലേക്ക് അരമണിക്കൂർ നേരം മാറ്റിവയ്ക്കുക.

ഒരു പാൻ ചൂടാക്കി കപ്പലണ്ടി അതിലിട്ട് നന്നായി വറുത്തെടുക്കുക. കരിഞ്ഞുപോകാതെ സൂക്ഷിക്കണം. 5 മുതൽ 7 മിനിറ്റ് നേരം വറുത്താൽ മതിയാകും. ഇത് ചൂടാറിയശേഷം ഒരു മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. നന്നായി പൊടിഞ്ഞു പോകാതെ സൂക്ഷിക്കണം. ചൗവ്വരി ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് ജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. നേരത്തെ യോജിപ്പിച്ച് വച്ചിരിക്കുന്ന ചൗവ്വരി - കപ്പലണ്ടി മിക്സ് ഇതിലേക്ക് ചേർക്കുക. ചൗവ്വരി അതിൻറെ വെള്ളനിറത്തിൽ നിന്നും ചെറുതായി മാറി ഗ്ലാസ് പോലെ ആകുന്നതാണ് പരുവം. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വളരെ രുചികരവും ആരോഗ്യകരവുമായ ചൗവ്വരി കിച്ചടി തയ്യാർ. കൂടുതലും ഇത് വ്രതം ഒക്കെ നോക്കുമ്പോൾ തയാറാക്കുന്നത് വളരെ നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com