ADVERTISEMENT

വളരെ എളുപ്പത്തിൽ ചോറും കറികളും തയാറാക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല,  3 ദിവസത്തേക്കുള്ള  ഉച്ച ഊണ് വിഭവങ്ങൾ - 30 മിനിറ്റിൽ തയാറാക്കാവുന്നതും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റുന്ന വിഭവങ്ങൾ പരിചയപ്പെടാം.

1 –ാം ദിവസം

പരിപ്പ് ഉരുളകിഴങ്ങു കറി 

  • പരിപ്പ് - 100ഗ്രാം 
  • ഉരുളക്കിഴങ്ങ് - 1 വലുത് ( വലിയ കഷ്ണങ്ങൾ ആയി മുറിച്ചത് )
  • തക്കാളി - 1 എണ്ണം (4 കഷ്ണങ്ങൾ )
  • പച്ചമുളക് -3-4 എണ്ണം 
  • കല്ലുപ്പ് - 1ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു കുക്കറിൽ മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാ ചേർത്ത് 4-5 വിസിൽ വരുന്നതു വരെ വേവിക്കുക. 
  • തണുത്ത ശേഷം കുക്കർ തുറന്ന് കഷണങ്ങൾ നന്നായി ഉടക്കുക. ശേഷം വെളിച്ചെണ്ണ വേണമെങ്കിൽ 1 ടീ സ്പൂൺ ഒഴിക്കുക. കുറച്ച് കറി വേപ്പിലയും ഇടുക. 

ബീറ്റ്റൂട്ട് ഉപ്പേരി 

  • ബീറ്റ്റൂട്ട് -1
  • പച്ചമുളക് - 3-4 എണ്ണം 
  • വെളിച്ചെണ്ണ - 1 ടീ സ്പൂൺ 
  • ഉപ്പ് - 1 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ പച്ചമുളകും ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് 5-8 മിനിട്ട് അടച്ച് വേവിക്കുക. 2-5 മിനിറ്റ് തുറന്ന് വേവിക്കുക. ശേഷം വിളമ്പാവുന്നതാണ്. 

2 –ാം ദിവസം 

ചെറുപയർ കറി 

  • ചെറുപയർ - 250 ഗ്രാം 
  • ചെറിയ ഉള്ളി - 2 കൈ പിടി 
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി - 1 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • പച്ച ചെറുപയർ നന്നായി വേവിച്ചെടുക്കുക. (കുക്കറിൽ വേവിക്കരുത്) 
  • വെളിച്ചെണ്ണ - ആവശ്യമെങ്കിൽ 

തയാറാക്കുന്ന വിധം

  • ചെറുപയർ ചെറിയ ഉള്ളിയും ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക. വെളിച്ചെണ്ണ ആവശ്യമെങ്കിൽ ചേർക്കുക. ഒപ്പം കറിവേപ്പിലയും. 

കാബേജ് ഉരുളകിഴങ്ങ് കൂട്ട് 

  • ഉരുളക്കിഴങ്ങ് -1 ചെറുതായി നുറുക്കിയത് 
  • കാബേജ് - 200 ഗ്രാം കനമില്ലാതെ നീളത്തിൽ അരിഞ്ഞത് 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
  • ഉപ്പ് - 1 ടീസ്പൂൺ 
  • നാളികേരം - 1 ചെറിയ കപ്പ്‌ 
  • ജീരകം -1 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • ചെറിയ ഉള്ളി - 6 എണ്ണം ചെറുതായി അരിഞ്ഞത് 

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക. വെന്ത ശേഷം കാബേജ് ചേർക്കുക ഒപ്പം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് വേവിക്കുക. 
  • ഇതിലേക്ക് നാളികേരവും ജീരകവും കൂടി അരച്ച് ചേർക്കുക. തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർക്കുക. കുറച്ച് ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. 

മുളകുവറുത്ത പുളി (പാലക്കാട്‌ സ്പെഷ്യൽ )

  • വെളിച്ചെണ്ണ - 1 1/2 ടീ സ്പൂൺ 
  • കടുക് - 1 ടീ സ്പൂൺ 
  • ഉലുവ - 1 ടീ സ്പൂൺ 
  • ചെറിയ ഉള്ളി -8-10 എണ്ണം 
  • പച്ചമുളക് - 6-7 എണ്ണം 
  • ഉപ്പ് - 1/2 ടേബിൾ സ്പൂൺ 
  • പുളി - നാരങ്ങ വലുപ്പത്തിൽ ഉള്ളത് 1/2 ലിറ്റർ വെള്ളത്തിൽ കലക്കി വയ്ക്കുക 
  • കായം -1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചേർക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ചെറിയ ഉള്ളി പച്ചമുളക് ചേർത്ത് 5-6 മിനിറ്റ് നന്നായി വഴറ്റുക. പച്ചമുളക് വഴന്ന് വരുമ്പോൾ പുളി വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും, കായവും ചേർത്ത് 2-3 മിനിറ്റ് തിളപ്പിക്കുക. ശേഷം വിളമ്പാവുന്നതാണ്. 

3 –ാം ദിവസം 

പുളിങ്കറി 

  • പരുപ്പ് വേവിച്ചത് - 150 ഗ്രാം 
  • കുമ്പളങ്ങ- 1/4 കിലോ 
  • നാടൻ വെണ്ടയ്ക്ക -8 എണ്ണം (ഏത് പച്ചക്കറി വേണമെങ്കിലും ചേർക്കാവുന്നതാണ്)
  • പുളി - നെല്ലിയ്ക്ക വലുപ്പത്തിൽ ഒരു കപ്പ്‌ വെള്ളത്തിൽ പിഴിഞ്ഞ് എടുത്തത് 
  • മുളകുപൊടി - 1 1/4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കല്ലുപ്പ് - 1 1/2 ടീ സ്പൂൺ 
  • മല്ലിപ്പൊടി - 1 1/2 ടീ സ്പൂൺ 
  • കായം – 1/4 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • കടുക് -1 ടീ സ്പൂൺ 
  • ഉലുവ -1 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

പരുപ്പ് വേവിക്കുക, അതിലേക്ക് കുമ്പളങ്ങ കഷ്ണങ്ങൾ ചേർക്കുക. വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർക്കുക. ഒപ്പം തന്നെ വെണ്ടയ്ക്ക, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ശേഷം പുളി പിഴിഞ്ഞതു ചേർക്കുക. തിളച്ചു വരുമ്പോൾ കായം ചേർത്ത് വാങ്ങി വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും മൂപ്പിക്കുക. അത് കറിയിലേക്ക് ഒഴിച്ച് ഇളക്കുക. 

ഉള്ളി ഉപ്പേരി 

  • വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത് 
  • മുളകുപൊടി - 1 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • ഉപ്പ് - 1/2 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 1 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വലിയ ഉള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് 5-8 മിനിറ്റ് വേവിക്കുക. ശേഷം ഇളക്കി കൊടുക്കുക. ഗ്യാസ് ഓഫ്‌ ചെയ്യുക. ഇത് ചപ്പാത്തിക്കൊപ്പവും നല്ല കോമ്പിനേഷനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com