വൈൻ ഇല്ലാതെ എന്ത് ക്രിസ്മസ്; തയാറാക്കാം ഫസ്റ്റ് ക്‌ളാസ് മുന്തിരിവീഞ്ഞ്

Grape Wine
SHARE

 ക്രിസ്മസ് എത്താറായി; അസൽ ഹോം മെയ്ഡ് മുന്തിരി വൈൻ വീട്ടിൽ ഒരുക്കിയാലോ? വീഞ്ഞും കേക്കുമില്ലാതെയുള്ള ക്രിസ്മസ് ആഘോഷം സങ്കൽപിക്കാനേ പ്രയാസം. പുരാതന രീതിയിൽ തയാറാക്കി വന്നിരുന്ന മധുര മുന്തിരി വീഞ്ഞാണ് ഇത്തവണ നക്ഷത്ര വിളക്കുകളണയാത്ത ക്രിസ്മസ് രാത്രികളുടെ വിരുന്നുകളിലേക്ക് ഒരുക്കുന്നത്. യൂറോപ്യൻ രാജ്യമായ ജോർജിയയിലാണ് വീഞ്ഞ് രുചി ആദ്യം പരീക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.  മുന്തിരി ഉപയോഗിച്ച് നിർമ്മിച്ച വീഞ്ഞ് ഭരണികളിൽ നിറച്ച്  വായു  കടക്കാതെ ബന്ധിച്ച് മണ്ണിനടിയിലാഴ്ത്തി  വർഷങ്ങളോളം സൂക്ഷിച്ച ശേഷം പുറത്തെടുക്കുന്നു. ഈ രീതിയിൽ നിർമ്മിക്കുന്ന വീഞ്ഞ്  മറ്റുള്ള വീഞ്ഞുകളേക്കാൾ മണത്തിലും ഗുണത്തിലും വീര്യത്തിലും രുചിയിലും ബഹുദൂരം മുന്നിൽ നിൽക്കുന്നു.

ചേരുവകൾ 

 • കറുത്ത മുന്തിരി - 3 കിലോ ഗ്രാം
 • പഞ്ചസാര - 2 കിലോ ഗ്രാം
 • യീസ്റ്റ് - 2 ടീ സ്പൂൺ 
 • പഞ്ചസാര - 1 ടീ സ്പൂൺ 
 • ചെറു ചൂട് വെള്ളം - 4 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

 • മുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി നന്നായി വെള്ളം തുടച്ചെടുക്കുക.  വെള്ളം ഒട്ടും ഇല്ലാതെ ഉപയോഗിക്കണം.  
 • ഒരു പാത്രത്തിൽ ഈസ്റ്റും പഞ്ചസാരയും ചെറുചൂട് വെള്ളം ഒഴിച്ച് ഇളക്കി വയ്ക്കുക. 
 • ഈർപ്പരഹിതമായ ഭരണിയിൽ വേണം മുന്തിരി നിറക്കാൻ. അതിന് ശേഷം പഞ്ചസാര ചേർത്ത് മുന്തിരി നന്നായി ഒരു കടകോൽ കൊണ്ട്  ഉടയ്ക്കുക.
 • അതിലേക്ക് പൊങ്ങി വന്ന യീസ്റ്റ് ചേർത്ത് വീണ്ടും ഇളക്കി ഭരണിയുടെ അടപ്പ് കൊണ്ട് അടച്ച് വയ്ക്കുക.  അതിന് മുകളിൽ ഒരു തുണി വെച്ച് നന്നായി കെട്ടുക.  അതിന് മുകളിൽ പ്ലാസ്റ്റിക്‌ കവർ വെച്ച് കെട്ടുക.  
 • മണ്ണിൽ ഒരു കുഴി എടുത്ത് ഭരണി അതിനുള്ളിലേക്ക് ഇറക്കിയ ശേഷം മണ്ണ് കൊണ്ട് മുഴുവനായും മൂടുക.
 • 21 ദിവസങ്ങൾക്കു ശേഷം ഈ ഭരണി പുറത്തെടുക്കാവുന്നതാണ്.  കൂടുതൽ ദിവസങ്ങൾ ഭരണി  മണ്ണിനടിയിൽ  വെക്കുന്നത് വൈനിന്റെ സ്വാദ് വർധിപ്പിക്കും.  പുറത്തെടുത്ത ശേഷം നന്നായി ഒന്ന് ഇളക്കി അരിച്ചെടുക്കുക.  ബോട്ടലിൽ നിറച്ച ശേഷം 7 ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിക്കാം.

English Summary: Buried Grape Wine, Christmas Wine, Underground Fermentation

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA