sections
MORE

പനങ്കുറുക്ക് എന്ന തനി നാടൻ ഹൽവ, ഈ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല...

ethnic-palm-halwa
SHARE

ഭക്ഷണകാര്യത്തിൽ മറ്റേതൊരു നാടിനെക്കാളും മലപ്പുറത്തിന് തനതായ ചില നാടൻ രുചികൾ ഉണ്ട്. അധികമാർക്കും അറിയില്ലാത്ത പരിചയമില്ലാത്ത ഒരു വിഭവമാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പക്കാ നാട്ടുമ്പുറം ആണ് കേട്ടോ നമ്മുടെ ഈ കക്ഷി. ആനകൾക്ക് കൊടുക്കാനുള്ള പട്ട നൽകുന്ന, വീടിന്റെ മേൽക്കൂര മേയാൻ ഓല നൽകുന്ന പനയാണ് കഥയിലെ താരം.

പനയുടെ പല ഭാഗങ്ങൾ നമ്മൾ പല ആവശ്യങ്ങൾക്കും എടുക്കും അല്ലേ. എന്നാൽ പനയെ തിന്നുക എന്നു കേട്ടിട്ടുണ്ടോ?  പയ്യെ തിന്നാൽ പനയും തിന്നാം എന്ന ചൊല്ലു കേട്ടിട്ടുണ്ടായിരിക്കും. തിന്നാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറ്റും എന്ന് തന്നെ ഉറപ്പിച്ചു പറയുകയാണ്. 

പനയുടെ തടിയ്ക്കുള്ളിലുള്ള കാമ്പ് അഥവാ ചോറ് എടുത്ത് തയാറാക്കുന്ന ഒരു   വിഭവമാണിത്. പേര്  പനങ്കുറുക്ക്. സത്യം പറഞ്ഞാൽ ഒരു തനി നാടൻ ഹൽവ. 

കടയിൽ പോയി പത്തിരിപ്പൊടി വാങ്ങുന്നത് പോലെ അത്ര ഈസി ആയി കിട്ടുന്ന ഒരു സാധനമല്ല ഇത്. ശരിക്കും പറഞ്ഞാൽ ഇത് എവിടെയും വാങ്ങാനും കിട്ടില്ല അത്രയെളുപ്പം ഒന്നും ഉണ്ടാക്കിയെടുക്കാനും പറ്റില്ല. കാരണമെന്താണെന്നല്ലേ ഒരു പന മരിക്കണം ഈ വിഭവം ഉണ്ടാകാൻ. 

കുറച്ച് സമയം എടുത്താണ് ഈ പന പൊടി ഉണ്ടാക്കുന്നത്. പനയുടെ ഉള്ളിൽ നിന്നും വെട്ടി പൊളിച്ചെടുക്കുന്ന ചോറ് നേരിട്ട് പൊടിച്ചെടുക്കും.പണ്ടൊക്കെ ഉരലിലിട്ട് പൊടിച്ചെടുക്കുകയാണ് പതിവ്. ഇന്ന് മിക്സി വന്നപ്പോൾ പൊടിക്കൽ അതിലേക്കു മാറി എന്ന് മാത്രം. പൊടിച്ചെടുത്ത പനച്ചോറ്  ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്തു അതിനു മുകളിൽ തുണി കെട്ടി ആ വെള്ളത്തിൽ കഴുകി വാരി എടുക്കും. 

ഈ കഴുകുന്ന സമയം പനക്കുള്ളിലെ പൊടി വെള്ളത്തിൽച്ചേരും.പിന്നീട് ഈ വെള്ളം ഊറി വരാനായി മാറ്റിവെക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും നല്ല വെള്ളമൊഴിച്ച് ഈ പൊടി ഒന്നുകൂടി ഊറി വരാൻ വെക്കുന്നു. പൊടിയിൽ അവശേഷിക്കുന്ന തവിട് വേർതിരിഞ്ഞ് വരാനാണിത്.

 ഇനി വെള്ളം ഊറ്റി കളഞ്ഞാൽ പാത്രത്തിന്റെ അടിയിലായി പന പൊടി ഒരു വലിയ കട്ടയായി രൂപപ്പെട്ടിരിക്കുന്നത് കാണാം. ഈ പൊടി ഇങ്ങനെ തന്നെ എടുത്ത് ഉണ്ടാക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു തുണിയിൽ ഇട്ട് നല്ലപോലെ വെള്ളം പിഴിഞ്ഞു കളഞ്ഞ് വെയിലത്തോ അടുപ്പിന്റെ ഭാഗത്തോ വച്ച് ഉണക്കിയെടുക്കാം. അങ്ങനെ ഉണക്കിയെടുക്കുന്ന പൊടി വളരെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. കൂവപ്പൊടിയുടെ ഒക്കെ വകേലെ ഒരു ബന്ധുവായി വരും ഉണങ്ങിയ പനപ്പൊടി. 

ഇനി  പനങ്കുറുക്ക് ഉണ്ടാക്കാം. പണ്ട് മൈദ ഒക്കെ അടുക്കള കീഴടക്കുന്നതിനും മുമ്പേ ഒരു തുള്ളി എണ്ണ പോലുമില്ലാതെ അമ്മമാരൊക്കെ നല്ല അടിപൊളി ഹൽവ ഉണ്ടാക്കിയെടുക്കും ഈ പനപ്പൊടി കൊണ്ട്.

പനങ്കുറുക്ക് ഉണ്ടാക്കുന്നതിന് ആകെക്കൂടി വേണ്ടത് കുറച്ച് തേങ്ങാക്കൊത്തും ശർക്കര ഉരുക്കിയതും മാത്രമാണ്. ആദ്യം പനപ്പൊടി ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക. ഏതാണ്ട് ദോശമാവിന് പോലെ. കുറച്ചുകൂടി ലൂസ് ആയിട്ടായിരിക്കും ഇത്. ഇതിലേക്ക് തേങ്ങാക്കൊത്തും ശർക്കര ഉരുക്കിയ പാനീയും ചേർത്ത് ഇളക്കും. ഈ പൊടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇളക്കി കൊടുത്തില്ലെങ്കിൽ ഉടനടി കട്ടപിടിച്ചു പോകും എന്നതാണ്. അതുകൊണ്ട് കൈ എടുക്കാതെ അതായത്, തുടങ്ങുന്നതു മുതൽ ഇറക്കി വയ്ക്കുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കണം. 

കൂട്ടുകളെല്ലാം യോജിപ്പിച്ചു കഴിഞ്ഞാൽ ഉരുളി നേരെ അടുപ്പത്തേയ്ക്ക്. മറക്കണ്ട ഇളക്കിക്കൊണ്ടിരിക്കണം. വളരെ പെട്ടെന്ന് തന്നെ പനങ്കുറുക്ക് റെഡിയാകും. കുറച്ചുനേരം ഇളക്കി കൊടുത്താൽ തന്നെ നിറം മാറി വരുന്നത് കാണാം. ഒപ്പം പശ പോലെ ഇതു കുറുകുകയും ചെയ്യും. തണുത്തു കഴിഞ്ഞ് കഴിക്കണം.  

ഒരു നുള്ള് നാവിൽ ഒന്ന് വെച്ചാൽ മതി എന്റെ സാറേ പിന്നെ ചുറ്റൂള്ളതൊന്നും കാണാമ്പറ്റൂല്ല....

English Summary: Super yummy nadan halwa made using palm rice, jaggery and coconut.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA