ADVERTISEMENT

ഫിഷ് ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുമെങ്കിലും അത് ഇത്ര സ്വാദോടെ ഉണ്ടാക്കാമെന്ന് അധികമാര്‍ക്കും അറിയില്ല. സാധാരണ ബിരിയാണിയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി മണ്‍ചട്ടിയില്‍ ഈ ഫിഷ് ബിരിയാണി തയാറാക്കുന്നതിനാല്‍ ബിരിയാണിക്ക്  ഇരട്ടി രുചിയാണ്. 

ചേരുവകള്‍

  • നെയ്യ് മീന്‍ - 6 കഷ്ണം
  • ജീരാറൈസ് - 5 കപ്പ്
  • സവാള - 6 എണ്ണം
  • തക്കാളി - 3 എണ്ണം
  • പച്ചമുളക് - 5 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂണ്‍
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 3 ടീസ്പൂണ്‍
  • കുരുമുളക്പൊടി - 1 ടീസ്പൂണ്‍
  • ഗരംമസാലപൊടി - 1 ടീസ്പൂണ്‍
  • തേങ്ങാപ്പാല്‍ - 1 കപ്പ്
  • മല്ലിയില - 2 ടീസ്പൂണ്‍
  • ബേലീഫ് - 3 എണ്ണം
  • കറുവപ്പട്ട - 2 കഷണം
  • ഏലയ്ക്ക - 10 എണ്ണം
  • ഗ്രാമ്പൂ - 10 എണ്ണം
  • നാരങ്ങാ നീര് - 2 ടീസ്പൂണ്‍
  • കിസ്മിസ് - 20 എണ്ണം
  • അണ്ടിപരിപ്പ് - 10 എണ്ണം
  • തിളച്ചവെള്ളം - 10 കപ്പ്
  • സണ്‍ഫ്ളവർ ഓയില്‍ - 1/2 കപ്പ്
  • ഉപ്പ് - പാകത്തിന്

 

തയാറാക്കുന്ന വിധം

ആദ്യം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നെയ്മീന്‍ കഷ്ണങ്ങളില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വറുക്കാനായി അര മണിക്കൂര്‍ തിരുമ്മിവയ്ക്കുക.

ഒരു പാനില്‍ അര കപ്പ് എണ്ണ ഒഴിച്ച്  ചൂടായ ശേഷം കിസ്മിസ്, അണ്ടിപരിപ്പ്, ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ യഥാക്രമം വറുത്ത്കോരി മാറ്റിവയ്ക്കുക.

അതിനുശേഷം അതേ എണ്ണയില്‍ തന്നെ മീന്‍ കഷണങ്ങളും വറുത്തെടുക്കുക. മീന്‍ കഷണങ്ങള്‍ പൊടിഞ്ഞുപോകാതെ വറുത്തെടുക്കണം.

മീന്‍ വറുത്തെടുത്ത ശേഷം ആ എണ്ണയിലേയക്ക് അരിഞ്ഞുവെച്ചിരിക്കുന്ന അഞ്ചു സവാള ചേര്‍ത്ത് വഴറ്റാം. സവാള കുറച്ച് വഴറ്റിയതിനു ശേഷം മണ്‍ചട്ടിയിലേയ്ക്ക് മാറ്റാം. മീന്‍ മണ്‍ചട്ടിയില്‍ വറുത്താല്‍ പൊടിഞ്ഞു പോകാന്‍ സാധ്യതയുള്ളതിനാലാണ് പാനില്‍ വറുത്തെടുത്തത്. സവാളയും മീനും വറുത്തെടുത്ത അതേ എണ്ണയില്‍ തന്നെ ബിരിയാണി മസാല തയാറാക്കിയാല്‍ രുചിയേറും.

ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന മൂന്ന് തക്കാളി, അഞ്ച് പച്ചമുളക്, രണ്ട് തണ്ട് കറിവേപ്പില, രണ്ട് ടീസ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി അരച്ചത് എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. 

അതിനു ശേഷം ചെറിയ തീയില്‍ മൂന്ന് ടീസ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല കാല്‍ ടീസ്പൂണ്‍ മഞ്ഞൾപ്പൊടി എന്നിവകൂടി ചേര്‍ത്ത് വഴറ്റിയതിനു ശേഷം ഒരു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ക്കുക. തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വറുത്തെടുത്ത മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കാം. കഷ്ണങ്ങള്‍ മസാലയില്‍ പൊതിഞ്ഞ് കുറച്ച് മല്ലിയില കൂടി വിതറിയ ശേഷം അഞ്ച് മിനിറ്റ് മൂടിവയ്ക്കുക. അതിന് ശേഷം തീ അണച്ച് ചോറ് തയാറാക്കാം.

ചോറ് തയാറാക്കുന്നതിനായി അഞ്ച് കപ്പ് ജീരാറൈസ് അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകിവാരി വെള്ളം വലിയാന്‍ വയ്ക്കുക. ചോറ് വേവിക്കാനായി അരിയുടെ അളവിന്റെ ഇരട്ടി വെള്ളം അതായത് 5 കപ്പ് അരിക്ക് 10 കപ്പ് വെള്ളം തിളപ്പിക്കുക.  തിളച്ച് വരുന്ന വെള്ളത്തിലേക്ക് 3 ബേലീഫ്, 2 കഷ്ണം കറുവാപ്പട്ട, 10 വീതം ഏലയ്ക്ക, ഗ്രാമ്പൂ, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കാം. 

വെള്ളം നന്നായി തിളച്ചതിനു ശേഷം അരി ചേര്‍ത്ത് നന്നായി ഇളക്കി രണ്ടു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്തിളക്കി ചെറു തീയില്‍ വെള്ളം വറ്റുന്നതുവരെ മൂടിവെച്ച് വേവിക്കുക. ശേഷം തീ അണയ്ക്കുക. 

ഇനി ബിരിയാണി തയാറാക്കുന്നതിനായി മണ്‍ചട്ടിയില്‍ തയാറാക്കി വച്ചിരിക്കുന്ന ഫിഷ് മസാലയ്ക്ക് മുകളിലായി ചോറ് വിളമ്പി വറുത്ത് വെച്ചിരിക്കുന്ന കിസ്മിസ്, അണ്ടിപരിപ്പ്, സവാള, മല്ലിയില എന്നിവ യഥാക്രമം വിതറി, വീണ്ടും അടുത്ത പാളി ചോറും കിസ്മിസ്, അണ്ടിപരിപ്പ്, സവാള, മല്ലിയില എന്നിവ ചേര്‍ത്ത് കൊടുക്കുക. ചോറ് തീരുന്നതുവരെ ഇങ്ങനെ ചെയ്യാം. അതിനു ശേഷം ആവി പുറത്തുപോകാതെ ഒരു മൂടികൊണ്ട് മൂടി ചെറിയ തീയില്‍ 5 മിനിറ്റ് ചൂടാക്കുക. മണ്‍ചട്ടിയുമായി ചേരാത്ത അടപ്പാണെങ്കില്‍ കുറച്ച് മൈദ കുഴച്ച് അടച്ച് വെച്ചാലും മതി.

മണ്‍ചട്ടിയില്‍ തയാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗ്യാസ് സ്റ്റൗവില്‍ ചെറിയ തീയില്‍ മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ കരിഞ്ഞു പിടിക്കാനും ചട്ടി പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

തീ അണച്ചു പത്തു മിനിറ്റിനു ശേഷം മൂടി തുറന്നു ചൂടോടെ തന്നെ ഒരു അരികില്‍ നിന്നും ചോറ് കുറച്ച് വിളമ്പി മാറ്റി  മീന്‍കഷണങ്ങളും മസാലയും ആദ്യം വിളമ്പി അതിനു മുകളില്‍ റൈസ് വിളമ്പി മണ്‍ചട്ടി ഫിഷ് ബിരിയാണി കഴിക്കാം. മണ്‍ചട്ടിയില്‍ തയാറാക്കിയതിനാല്‍ ഈ ഫിഷ് ബിരിയാണിക്ക് സ്വാദ് കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com