ADVERTISEMENT

ബേക്കറികളിൽ കിട്ടുന്ന ഒരു നാടൻ പലഹാരം ആണ് മുന്തിരിക്കൊത്ത്. ഏറെ രുചിയും പോഷകഗുണങ്ങൾ നിറഞ്ഞതുമായ ഒരു പലഹാരമാണിത്. തയാറാക്കി വച്ചാൽ രണ്ടാഴ്ചയിലധികം കേടാവാതെ ഇരിക്കും.

ചേരുവകൾ.

  • ചെറുപയർ – ഒരു കപ്പ്
  • തേങ്ങ ചിരകിയത് – ഒരു മുറി
  • ഏലയ്ക്ക – 10 എണ്ണം
  • ശർക്കര – 250 ഗ്രാം
  • ചുക്കുപൊടി – അര ടീസ്പൂൺ
  • അരിപ്പൊടി – അരക്കപ്പ്
  • മൈദ – കാൽ കപ്പ്
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 

ചെറുപയർ നന്നായി കഴുകി ഒരു പാനിൽ  ഇളം ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കുക. പയർ വറുക്കുമ്പോൾ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. നിറം മാറാൻ തുടങ്ങുമ്പോൾ ഏലയ്ക്കാ ചേർത്ത് കൊടുക്കണം. പയർ ഇളം ബ്രൗൺ നിറമായാൽ തീ അണയ്ക്കുക.

  • ഇതേ പാനിലേക്ക് ഒരു മുറി തേങ്ങ ചിരകിയത് ബ്രൗൺ നിറത്തിൽ (തീയലിന് വറുക്കുന്നത് പോലെ) വറുത്തെടുക്കുക.
  • പയറിന്റെ ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കുക. റവയുടെ പരുവത്തിൽ വേണം പൊടിച്ച് എടുക്കാൻ. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന തേങ്ങയും ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കുക.
  • ഇനി മറ്റൊരു പാത്രത്തിൽ ശർക്കരയും ഒരുകപ്പ് വെള്ളവും ഒഴിച്ച് ഉരുക്കാൻ വയ്ക്കുക. ശർക്കര നന്നായി അരിച്ചെടുക്കണം.ഇതിലേക്ക് ചുക്ക് പൊടിച്ചത് ചേർക്കുക. 
  • ഇനി ശർക്കര പാനി  കുറുകി തുടങ്ങുമ്പോൾ (നൂൽ പരുവം ആവരുത്) തീ ഓഫ് ചെയ്ത് ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പയറും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. 
  • ചൂട് കുറയുന്നതിനനുസരിച്ച് കട്ടിയായി വരും. കൈയിൽ എടുക്കാൻ പറ്റുന്ന പരുവത്തിലുള്ള ചൂടാകുമ്പോൾ ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉള്ള ഉരുളകളാക്കി മാറ്റുക.
  • ഒരു പാത്രത്തിൽ മൈദയും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും അൽപം വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ ചെറുപയർ ഉരുളകളും തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ വറത്തു കോരുക.
  • ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com