ADVERTISEMENT

പ്രോട്ടീൻ സമൃദ്ധമാണ്‌ പയറുവർഗ്ഗങ്ങൾ. മുളപ്പിച്ചാല്‍ അത് ഇരട്ടിയാകും.  വെജ്‌ ഭക്ഷണം കഴിക്കുന്നവർ പ്രോട്ടീൻ മതിയായ അളവിൽ നിലനിർത്താൻ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത്‌ വളരെ നല്ലതാണ്. മുളപ്പിച്ച ചെറുപയർ വച്ച് പുട്ടിനും അപ്പത്തിനും കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു കറിയും ചോറിനും കഞ്ഞിക്കും ഒരു ഉപ്പേരിയും തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.  

ഒരു കപ്പ് ചെറുപയര്‍ നന്നായി കഴുകി 7 മണിക്കൂര്‍ കുതിര്‍ക്കുക. അതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വച്ച് 14-15 മണിക്കൂര്‍ കൊണ്ട് മുളപ്പിച്ചെടുക്കാം.

 ചേരുവകള്‍

•  ചെറുപയര്‍ - 1 കപ്പ്
•  സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
•  വെളുത്തുള്ളി ചതച്ചത് - 2-3 എണ്ണം
•  തേങ്ങ ചിരകിയത് - 1/2 കപ്പ്
•  പാല്‍ - 1/2 കപ്പ്
•  മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
•  മല്ലിപ്പൊടി - 2 ടീസ്പൂണ്‍
•  മുളകുപൊടി - 1 ടീസ്പൂണ്‍
•  ഇടിച്ച മുളക് - 2 ടീസ്പൂണ്‍
•  കറിവേപ്പില -കുറച്ച്
•  ഉപ്പ് - ആവശ്യത്തിന്
•  വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
•  കടുക് - കുറച്ച്
•  വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

• മുളപ്പിച്ച ചെറുപയര്‍ 1/4 കപ്പ് വെള്ളവും 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും  ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത് വേവിച്ച് വയ്ക്കുക.(പ്രഷർ കുക്കറിൽ ഒരു വിസിൽ വരെ)

ചെറുപയര്‍ കറി

• ഒരു നോൺ സ്റ്റിക്ക്‌ പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ കടുകിട്ട് പൊട്ടിച്ച് സവാളയും കറിവേപ്പിലയും  ചേര്‍ത്ത് 2 മിനിറ്റ് വഴറ്റി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത്‌ വഴറ്റുക. മൂത്ത്‌ കഴിഞ്ഞാൽ വെള്ളവും ഉപ്പും ചേർത്ത്‌ തിളച്ച് വരുമ്പോള്‍  വേവിച്ച ചെറുപയര്‍ ചേര്‍ക്കുക. നന്നായി ഇളക്കി 10 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അതിനുശേഷം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോൾ സ്റ്റൗ ഓഫ്‌ ചെയ്യാം. അത്യന്തം രുചികരമായ ചെറുപയര്‍ കറി റെഡി!

ചെറുപയര്‍ ഉപ്പേരി 

•  ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍  വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂത്ത്‌ വരുമ്പോള്‍ ഇടിച്ച മുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക. ശേഷം വേവിച്ച് വച്ച ചെറുപയറും തേങ്ങാ ചിരകിയതും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. വളരെ സ്വാദിഷ്ടമായ ചെറുപയര്‍ ഉപ്പേരി തയാര്‍ ! (പയർ മുളപ്പിക്കാതെ ഇതേ രീതിയില്‍ തയാറാക്കാവുന്നതാണ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com