ADVERTISEMENT

അരി കൊണ്ട് തയാറാക്കുന്ന ഒട്ടു മിക്ക വിഭവങ്ങളും നുറുക്കുഗോതമ്പു ഉപയോഗിച്ചു തയാറാക്കി എടുക്കാൻ പറ്റും. കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമായ നെയ്യപ്പവും നുറുക്കുഗോതമ്പ് വച്ച് ഉണ്ടാക്കാം. അരിപ്പൊടി കൊണ്ട് തയാറാക്കുന്ന നെയ്യപ്പത്തിലും രുചി കൂടുതലാണ് നുറുക്കുഗോതമ്പ് കൊണ്ടു തയാറാക്കുന്ന നെയ്യപ്പത്തിന്.

 

ചേരുവകൾ

  • നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
  • ഏലയ്ക്ക - 4 എണ്ണം
  • ശർക്കര - 200 ഗ്രാം
  • പാളയംകോടൻ പഴം - 2 ചെറുത്
  • മൈദ/അരിപ്പൊടി - കാൽ കപ്പ്
  • റവ - രണ്ട് ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ - ഒരു നുള്ള്
  • നെയ്യ് - രണ്ട് ടേബിൾസ്പൂൺ
  • തേങ്ങാക്കൊത്ത് - കാൽ കപ്പ്
  • കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • നുറുക്കുഗോതമ്പ് നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഏലക്ക കൂടി കുതിർത്ത് വച്ചാൽ പെട്ടെന്ന് അരഞ്ഞു കിട്ടും.
  • ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ച്  വയ്ക്കുക.
  • നന്നായി കുതിർന്ന ശേഷം നുറുക്കുഗോതമ്പ് വെള്ളത്തിൽ നിന്നും പിഴിഞ്ഞ് വാരി എടുക്കുക. ഇതിലേക്ക് ഏലയ്ക്കയും ശർക്കര പാനിയും പഴവും ചേർത്ത്  നല്ല മയത്തിൽ അരച്ചെടുക്കുക.(വെള്ളം ആവശ്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാം) 
  • ഇതിലേക്ക് മൈദ അല്ലെങ്കിൽ അരിപ്പൊടി, ബേക്കിങ് സോഡ ഇവ ചേർത്ത് വീണ്ടും ഒന്നുകൂടി അടിച്ചെടുക്കുക. മാവ് ലൂസായി തോന്നിയാൽ രണ്ട് ടേബിൾസ്പൂൺ റവ കൂടി ചേർത്തു കൊടുക്കാം.
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറുക്കുക. തീ ഓഫ് ചെയ്ത ശേഷം കറുത്ത എള്ളും കൂടി ചേർത്ത് യോജിപ്പിക്കുക.
  • തേങ്ങാക്കൊത്തിന്റെ ചൂടാറിയതിന് ശേഷം തയാറാക്കിയ മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ ഒരൽപം കുറച്ച് ഒരു തവി മാവ് ഒഴിക്കുക. നെയ്യപ്പം നന്നായി പൊങ്ങി വരാനായി ചൂട് എണ്ണ മുകളിലേക്ക് ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കണം. ഒരുവശം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ മറുവശവും മൊരിച്ചെടുക്കുക.
  • നല്ല ക്രിസ്പിയും ഉൾഭാഗം സോഫ്റ്റും ആയ നെയ്യപ്പം തയാർ

 

English Summary :  Broken Wheat Neyyappam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com