ദോശയും ഇഡ്ഡലിയും തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച് പോലെയുള്ള തട്ടു ദോശയും, മസാല ദോശയും തയാറാക്കാം.
ചേരുവകൾ
- ഉഴുന്ന് - ഒരു കപ്പ്
- പച്ചരി - ഒന്നേകാൽ കപ്പ്
- ഉലുവ - അര ടീസ്പൂൺ
- ചോറ് / അവൽ - അര കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും നന്നായി കഴുകി വേറെവേറെ കുതിർത്തു വയ്ക്കുക. ഉലുവയും ഉഴുന്നിന്റെ കൂടെ കുതിർക്കാം. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കുതിർത്ത് വയ്ക്കണം. അരിയും ഉഴുന്നും കുതിർക്കാൻ ഫ്രിഡ്ജിൽ വച്ചാൽ മാവ് അരയ്ക്കുമ്പോൾ ചൂടാവില്ല.
മിക്സിയുടെ ജാറിലേക്ക് കുതിർത്തുവച്ച ഉഴുന്നും ഉലുവയും ഇട്ടു കൊടുക്കുക. ഉഴുന്ന് കുതിർത്ത വെള്ളം തന്നെ ഒഴിച്ച് വേണം മാവ് അരച്ചെടുക്കാൻ. ഉഴുന്നിന് മുകളിലായി വെള്ളം വരുന്ന രീതിയിൽ വെള്ളം ഒഴിക്കണം. മിക്സിയിൽ നല്ല മയത്തിൽ അരച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.
ഉഴുന്ന് അരച്ച ജാറിലേക്ക് അരിയും ചോറും ഇടുക. അരിയുടെ അതെ ലെവലിൽ വേണം വെള്ളമൊഴിച്ചു കൊടുക്കാൻ. നന്നായി അരച്ചെടുത്ത് ഉഴുന്ന് മാവിലേക്ക് ചേർക്കുക.
അരിമാവും ഉഴുന്നു മാവും കൈകൊണ്ട് നന്നായി യോജിപ്പിക്കുക. അടച്ചുവെച്ച് പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വയ്ക്കുക.
പുളിച്ചു പൊങ്ങിയ മാവിൽനിന്നും ആവശ്യത്തിനു മാത്രം എടുത്ത് ഉപ്പ് ചേർക്കുക. ബാക്കിയുള്ളത് അടച്ചുവച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം ഉപയോഗിക്കാം.
തട്ടുദോശയോ, നെയ് ദോശയോ, മസാലദോശയോ, നല്ല പഞ്ഞിപോലെയുള്ള ഇഡ്ഡലിയോ, അങ്ങനെ ഇഷ്ടമുള്ളതെന്തും ഈ മാവിൽ നിന്നും തയാറാക്കി എടുക്കാം.
ഇഡ്ഡലി തയാറാക്കുമ്പോൾ വാഴയില വട്ടത്തിൽ മുറിച്ച് അല്പം എണ്ണ തടവി മാവ് ഒഴിച്ച് വേവിച്ചാൽ നല്ല രുചിയും മണവും കിട്ടും.
ദോശ തയാറാക്കുമ്പോൾ അൽപം നല്ലെണ്ണ പുരട്ടിയാൽ ദോശ കല്ലിൽ നിന്നും എളുപ്പത്തിൽ ഇളകി വരും.
English Summary : Soft Idli and Crispy Dosa Making Tips.