ദിവസത്തിൽ ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുക എന്നത് മലയാളികളുടെ ശീലമായിരുന്നു. കുത്തരിക്കഞ്ഞിയിലെ അരിയിലൂടെ ശരീരത്തിനു വേണ്ട കാർബോഹൈഡ്രേറ്റും തവിടിൽ നിന്നും വിറ്റാമിൻ-ബിയും ലഭിക്കുന്നു. തേങ്ങാപ്പാലിൽ വേവിക്കുന്നതോടെ ഗുണങ്ങൾ ഇരട്ടിയാകും. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തേങ്ങാപ്പാൽ അത്യുത്തമമാണ്. മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാൽ എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഉണക്കലരി തേങ്ങാപ്പാലിൽ വേവിച്ചെടുത്ത പാൽകഞ്ഞി ആറു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുതൽ കൊടുത്തു തുടങ്ങാം.
ചേരുവകൾ
- ഉണക്കലരി - ഒരു കപ്പ്
- തേങ്ങ - ഒന്ന്
- ജീരകം ചതച്ചത് - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഉണക്കലരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- നന്നായി കുതിർന്ന ഉണക്കലരി കൈകൊണ്ടു ഞെരടി തരി തരിയായി പൊടിച്ചെടുക്കുക.
- ഒരു വലിയ തേങ്ങ ചിരകിയതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു അരിപ്പയിൽ കൂടി അരിച്ചെടുത്ത് ഒന്നാം തേങ്ങാപ്പാൽ മാറ്റിവയ്ക്കുക.
- അധികമുള്ള തേങ്ങാപ്പീരയിലേക്കു വീണ്ടും രണ്ടു കപ്പു വെള്ളം ചേർത്ത് അരച്ച് അരിച്ചെടുത്തു രണ്ടാം തേങ്ങാപ്പാലും പിഴിഞ്ഞെടുക്കുക.
- അരി രണ്ടു കപ്പ് വെള്ളവും രണ്ടാം തേങ്ങാപ്പാലും ചേർത്തു വേവിക്കുക.
- നന്നായി വെന്തു കഴിയുമ്പോൾ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. (മധുരം ഇഷ്ടമുള്ളവർക്ക് ഉപ്പിന് പകരം കാൽകപ്പ് പഞ്ചസാര ചേർക്കാവുന്നതാണ്)
- ഒന്നാം തേങ്ങാപ്പാലും ചേർത്തു തിളപ്പിക്കുക. കഞ്ഞിക്കു കട്ടി കൂടുതലാണെങ്കിൽ ആവശ്യത്തിനു തിളച്ച വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.
- നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
- അതീവ രുചികരമായ പാൽക്കഞ്ഞി തയാർ.
- പയറും ചമ്മന്തിയും ചുട്ട പപ്പടവും അച്ചാറും ഉണ്ടെങ്കിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയാണ്.
English Summary : Paalkanji, healthy porridge.