ബേക്കറിയില്‍ നിന്നും കിട്ടുന്ന പതുപതുത്ത ഗീ കേക്കിന് ഐസിങ് ഒന്നുമില്ലെങ്കിലും അസാധ്യരുചിയാണ്. 5 മിനിറ്റു കൊണ്ട് ചേരുവകളെല്ലാം യോജിപ്പിച്ച്, ബേക്കറിയിലെ അതേ രുചിയില്‍ വളരെ എളുപ്പത്തില്‍ വീട്ടിലും തയാറാക്കാം നെയ്യ് ചേര്‍ത്ത ഒന്നാന്തരം ഗീ കേക്ക്.
ചേരുവകൾ
• മൈദ - 3/4 കപ്പ്
• മുട്ട - 2 എണ്ണം
• പഞ്ചസാര - 1/2 കപ്പ്
• നെയ്യ് - 1/4 കപ്പ്
• കോൺഫ്ലോർ - 1 ടേബിൾസ്പൂൺ
• ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
• ഉപ്പ് - ഒരു നുള്ള്
• പാൽ – 2 ടേബിൾ സ്പൂൺ
• വാനില എസൻസ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
• ഒരു കേക്ക് ടിന്‍ എടുത്തു കുറച്ച് എണ്ണ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ബട്ടര്‍ പേപ്പര്‍ വച്ച് കൊടുക്കുക.
• മൈദയും കോൺഫ്ലോറും ബേക്കിങ് പൗഡറും ഉപ്പും അരിച്ചു മാറ്റി വയ്ക്കുക.
• ഇനി മുട്ട മിക്സിയുടെ ജാറിലേക്കു പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്കു നെയ്യും പഞ്ചസാരയും വാനില എസന്‍സും ചേര്‍ത്ത് ഒന്നുകൂടി അടിച്ച് മയപ്പെടുത്തി ഒരു ബൗളിലേക്കു ഒഴിച്ചു വയ്ക്കുക.
• ഒരു നോണ്‍ സ്റ്റിക്ക് പാന്‍ അടപ്പുള്ളത് പ്രീഹീറ്റ് ചെയ്യാന്‍ ലോഫ്ലേമില്‍ അടച്ചു വച്ചു ചൂടാക്കുക.
• അരിച്ചു വച്ച മൈദയും കോൺഫ്ലോറും ബേക്കിങ് പൗഡറും ഉപ്പും മുട്ടക്കൂട്ടിലേക്ക് ഒന്നുകൂടി അരിച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു പാല്‍ കൂടി ചേര്‍ത്തു മിക്സ് ചെയ്യുക.
• ഇനി ഇത് തയാറാക്കി വച്ച കേക്ക് ടിന്നിലേക്ക് ഒഴിച്ച് ലെവല്‍ ചെയ്തു ടാപ് ചെയ്യുക. പ്രീഹീറ്റ് ചെയ്ത നോണ്‍ സ്റ്റിക്ക് പാനിലേക്കു സ്റ്റീല്‍ റിങ് വച്ച് കേക്ക് ടിന്‍ ഇറക്കി വയ്ക്കുക. നോണ്‍ സ്റ്റിക്ക് പാന്‍ അടച്ചു വച്ച് 30 മിനിറ്റു ബേക്ക് ചെയ്തു എടുക്കുക. അതു കഴിഞ്ഞു തീ ഓഫ് ചെയ്തു കേക്ക് പുറത്തെടുത്തു വയ്ക്കുക. ചൂടാറിയാൽ കേക്ക് ടിന്നില്‍ നിന്നും പുറത്തെടുത്തു മുറിക്കാം.
English Summary : Ghee cake, bakery style tea cake.