കർക്കടകത്തിൽ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഉലുവാ ചീര കറി, ഉലുവ ഇഷ്ടമില്ലാത്തവരും ഇഷ്ടത്തോടെ കഴിക്കും ഈ കറി, ഉലുവ കൊണ്ട് പലതരം വിഭവങ്ങൾ ഈ മാസം കഴിക്കാറുണ്ടെങ്കിലും ഉലുവ ചീര കറി വളരെ ഹെൽത്തിയാണ്.
ചേരുവകൾ
- ഉലുവ ചീര - രണ്ട് കപ്പ്
- കൊപ്ര (ഉണക്ക തേങ്ങ)- അര മുറി
- മല്ലി - 4 സ്പൂൺ
- മുളക് പൊടി - 2 സ്പൂൺ
- പുളി - 1 ചെറുനാരങ്ങ വലിപ്പം
- ഉപ്പ് - 2 സ്പൂൺ
- വെണ്ടയ്ക്ക - 3 എണ്ണം
- എണ്ണ - 2 സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 2 എണ്ണം
- കറി വേപ്പില - 1 തണ്ട്
- കായ പൊടി - 1/4 സ്പൂൺ
- മഞ്ഞൾ പൊടി - 1 സ്പൂൺ
തയാറാക്കുന്ന വിധം
കൊപ്ര ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു കൊപ്രയും മല്ലിയും ചേർത്തു നന്നായി വറുത്തെടുക്കാം. ഉണക്ക തേങ്ങ നിറം മാറി, ഒപ്പം മല്ലിയും ചൂടാകുന്നതു വരെ വറക്കുക. ശേഷം അത് തണുക്കുന്നതു വരെ മാറ്റി വയ്ക്കുക.
തണുത്ത ശേഷം മിക്സിയുടെ ജാറിലേക്കു മാറ്റി, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തു നന്നായി അരയ്ക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, അതിലേക്ക് കടുക് ചേർത്തു പൊട്ടിച്ചു, ചുവന്ന മുളക് ചേർത്തു ഒപ്പം തന്നെ വെണ്ടയ്ക്ക അരിഞ്ഞതും ചേർക്കുക.
വെണ്ടയ്ക്ക ചേർക്കാതെയും തയാറാക്കാം, കറിക്ക് ഒരു കൊഴുപ്പ് കിട്ടാനാണ് വെണ്ടയ്ക്ക ചേർക്കുന്നത്. അതിന്റെ ഒപ്പം തന്നെ ഉലുവ ചീര നന്നായി കഴുകിയതും ചേർത്തു വഴറ്റി എടുക്കുക. ഒപ്പം അരച്ച കൂട്ടും ചേർക്കാം.
തിളയ്ക്കാൻ തുടങ്ങുമ്പോൾ പുളി പിഴിഞ്ഞതും ഉപ്പും കായപ്പൊടിയും ചേർത്തു നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക. ചോറിനൊപ്പം വളരെ രുചികരമായി കഴിക്കാം.
ഉണക്ക തേങ്ങ വറത്തു ചേർക്കുമ്പോൾ സ്വദും വളരെ നല്ലതാണ് കർക്കിടക മാസത്തിനു പറ്റിയ ഒരു വിഭവമാണ്.
English Summary : Karkidakam special healthy recipe by asha.