കർക്കടക മാസത്തിലെ തിരുവോണ ദിവസം പിള്ളേരോണമായി ആഘോഷിക്കുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ചേർത്തു സദ്യ ഒരുക്കാം. സാധാരണ എല്ലാ പായസത്തിലും ചേർക്കുന്ന ഒരു ചേരുവയാണ് ചൗവരി. മുത്തു പോലെ പായസത്തിനുള്ളിൽ കിടക്കുന്ന ഈ ചൗവരി മിക്ക കുട്ടികൾക്കും ഒരുപാട് ഇഷ്ടമാണ്. ചൗവരി മാത്രം ചേർത്തും രുചികരമായ പായസം തയാറാക്കാം. 11 നാണ് പിള്ളേരോണം ആഘോഷിക്കുന്നത്.
ചേരുവകൾ
- ചൗവരി- അരക്കപ്പ്
- പാൽ - ഒരു ലിറ്റർ
- പഞ്ചസാര - അര കപ്പ്
- ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
- നെയ്യ് - രണ്ടര ടേബിൾസ്പൂൺ
- കശുവണ്ടി - രണ്ട് ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് കോരുക.
- ഇതേ നെയ്യിലേക്കു ചൗവരി ചേർത്തു ചെറിയ തീയിൽ 5 മിനിറ്റ് വറക്കുക (ചെറിയ തരികൾ ഉള്ള ചവ്വരിയാണ് കൂടുതൽ നല്ലത്).
- തീ ഓഫ് ചെയ്തതിനുശേഷം ചൗവരിയിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ചൗവരി കുതിരാനായി 10 മിനിറ്റ് മാറ്റി വയ്ക്കുക.
- ബാക്കിയുള്ള പാലും കൂടി ചേർത്തു തീ ഓൺ ചെയ്ത് ചൗവരി നന്നായിട്ട് വേവുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക.
- നന്നായി വെന്തതിനുശേഷം ഇതിലേക്കു പഞ്ചസാരയും ഏലക്ക പൊടിയും ചേർത്തു കൊടുക്കാം. (പഞ്ചസാരയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ കാരമൽ തയാറാക്കാൻ മാറ്റിവയ്ക്കണം).
- പായസം നന്നായി ഇളക്കിയതിനുശേഷം തീ ചെറുതാക്കി വയ്ക്കുക.
- ഇതേ സമയം മറ്റൊരു പാത്രത്തിൽ പഞ്ചസാര ചൂടാക്കി കാരമൽ തയാറാക്കാം.
- തിളച്ചുകൊണ്ടിരിക്കുന്ന പായസത്തിലേക്കു കാരമൽ സിറപ്പ് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
- തീ ഓഫ് ചെയ്തതിനു ശേഷം അര ടേബിൾ സ്പൂൺ നെയ്യും വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക.
- സൂപ്പർ രുചിയുള്ള ചൗവരി പായസം തയാർ.
- തണുത്ത് കഴിയുമ്പോൾ പായസത്തിന് കട്ടി കൂടുതലാണെങ്കിൽ അൽപം പാൽ തിളപ്പിച്ച് ചേർത്താൽ മതി.
English Summary : Pilleronam': A forgotten tradition that celebrated childhood.