ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് സ്നിക്കേഴ്സ്. വീട്ടിൽ തയാറാക്കിയാൽ കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ധൈര്യമായി കുട്ടികൾക്കു കഴിക്കാൻ കൊടുക്കാം. നൗഗറ്റ്, പീനട്ട് കാരമൽ, ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് ലെയറുകളാണ് ഇതിലുള്ളത്. ബുദ്ധിമുട്ടുള്ള ഒന്നായി തോന്നുമെങ്കിലും കടയിൽ നിന്നും വാങ്ങി കുട്ടികൾക്ക് നൽകുന്നതിലും എത്രയോ നല്ലതാണ് വീട്ടിൽ തന്നെ ഉണ്ടാക്കി കുട്ടികൾക്കു നൽകി അവരെ സന്തോഷിപ്പിക്കുന്നത്.

ചേരുവകൾ

  • കപ്പലണ്ടി - 200 ഗ്രാം
  • പൊടിച്ച പഞ്ചസാര -  6 ടേബിൾസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • തേൻ - 2 ടേബിൾസ്പൂൺ
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • പീനട്ട് ബട്ടർ -100 ഗ്രാം
  • മിൽക്ക് എസൻസ് (വാനില) - ¼ ടീസ്പൂൺ

 

പീനട്ട് കാരമൽ 

  • പഞ്ചസാര - 1 കപ്പ്
  • ഉപ്പ് - ¼ ടീസ്പൂൺ
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • ഫ്രഷ് ക്രീം - ¾ കപ്പ്
  • കപ്പലണ്ടി - 120 ഗ്രാം
  • മിൽക്ക് ചോക്ലേറ്റ് - 300 ഗ്രാം

 

തയാറാക്കുന്ന വിധം

ആദ്യം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞ് എടുക്കാം. (കടയിൽ നിന്നും വാങ്ങിയ വറുത്ത കപ്പലണ്ടി ആണെങ്കിൽ രണ്ടുമൂന്നു മിനിറ്റ് മാത്രം വറുത്തെടുത്താൽ മതി. ഇത് ചെറുതായൊന്നു പൊടിച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്കു മാറ്റി അതിലേക്കു പൊടിച്ച പഞ്ചസാര, ഉപ്പ്, തേൻ, ബട്ടർ, പീനട്ട് ബട്ടർ, മിൽക്ക് എസൻസ്(വാനില എസൻസ് ) എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക.

7 ഇഞ്ചിന്റെ ബേക്കിങ് ടിൻ വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ട ശേഷം ഉള്ളിലും വെണ്ണ തടവി കൊടുക്കാം. ഇനി യോജിപ്പിച്ചു വച്ച കപ്പലണ്ടി മിശ്രിതം ഈ ടിന്നിലേക്കിട്ട്  ഒരേ പോലെ നന്നായി അമർത്തി കൊടുക്കാം. ഇത് അരമണിക്കൂർ ഫ്രിജിൽ വയ്ക്കാം.

ഇനി മറ്റൊരു ഫ്രൈയിങ് പാനിൽ ഇടത്തരം ചൂടിൽ പഞ്ചസാര ഉരുക്കി എടുക്കാം. പഞ്ചസാര എല്ലാം ഉരുക്കി കാരമൽ കളറായി കഴിഞ്ഞാൽ ബട്ടർ ചേർത്തു കൊടുക്കാം. ഇനി ഇതിലേക്കു ഫ്രഷ് ക്രീം ചേർത്തു ചെറുതായി കട്ടിയാകുന്നതു വരെ ഇളക്കി കൊടുക്കാം. അതിനു ശേഷം ഉപ്പും വറുത്ത കപ്പലണ്ടിയും ചേർത്ത് ഇളക്കി എടുക്കാം. ഇത് ഫ്രിജിൽ വച്ച് സെറ്റ് ചെയ്ത കപ്പലണ്ടി മിശ്രിതത്തിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കാം. വീണ്ടും ഫ്രിജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കാം.

മിൽക്ക് ചോക്ലേറ്റ് ഡബിൾ ബോയിലർ രീതിയിൽ ഉരുക്കി എടുത്ത് മാറ്റി വയ്ക്കാം. ഫ്രിജിൽ വച്ച് സെറ്റ് ചെയ്തത് ടിന്നിൽനിന്നും പുറത്തേക്കെടുത്തു ബാറുകളുടെ ആകൃതിയിൽ മുറിച്ചെടുക്കാം. ഇത് ഓരോന്നും ഉരുക്കിവച്ച ചോക്ലേറ്റിൽ മുക്കിയെടുത്തു ബട്ടർ പേപ്പറിനു മുകളിൽ നിരത്തി വയ്ക്കാം. ചോക്ലേറ്റ് സെറ്റ് ആകുന്നതിനു മുൻപു തന്നെ മുകളിൽ ഫോർക്ക് കൊണ്ട് ഇഷ്ടമുള്ള ഡിസൈൻ ചെയ്തു കൊടുക്കാം. 20 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുത്തശേഷം അരികുകളിൽ കൂടുതലുള്ള ചോക്ലേറ്റ് എല്ലാം മുറിച്ചു മാറ്റാം.

English Summary : Peanut caramel chocolate bar, Easy peanut nougat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com