ADVERTISEMENT

ദോശ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മസാലദോശയാണ്. മസാല ദോശകളിൽ തന്നെ ഏറെ രുചിയുള്ള ഒരു മസാലദോശയാണ് മൈസൂർ മസാല ദോശ. ദോശ ചുട്ട് അതിനുള്ളിൽ ഒരു ചട്നി പുരട്ടി മസാല വച്ചാണ് മൈസൂർ മസാല ദോശ തയാറാക്കുന്നത്.

ചട്നി തയാറാക്കുന്ന വിധം 

ചേരുവകൾ

  • തേങ്ങാക്കൊത്ത് - അര കപ്പ്
  • കടലപ്പരിപ്പ് - ഒരു ടേബിൾ സ്പൂൺ
  • മല്ലി - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി - 6 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കറിവേപ്പില - ഒരു തണ്ട്
  • എണ്ണ - ഒരു ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കായപ്പൊടി - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ഒന്ന് മുതൽ ഏഴു വരെയുള്ള ചേരുവകൾ ചെറിയ തീയിൽ വറുത്തെടുക്കുക. 
  • തീ ഓഫ് ചെയ്തതിനുശേഷം കാശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക.
  • ചൂട് ആറിയതിനുശേഷം ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്തു നല്ല മയത്തിൽ കട്ടിയായി അരച്ചെടുക്കുക.

ഉരുളക്കിഴങ്ങ് മസാല തയാറാക്കുന്ന വിധം

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - അരക്കിലോ
  • എണ്ണ - രണ്ട് ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • വറ്റൽ മുളക് - 3 
  • സവാള - 4
  • പച്ചമുളക് - 4
  • ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി - അര ടീസ്പൂൺ
  • കായപ്പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - കാൽ കപ്പ്
  • നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതി

 

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെള്ളം ചേർത്തു പ്രഷർകുക്കറിൽ 4 വിസിൽ വരുന്നതുവരെ വേവിക്കുക. 
  • തൊലി മാറ്റിയതിനുശേഷം ഉടച്ചു വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, ഉഴുന്നുപരിപ്പും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിക്കുക.
  • ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, സവാള ഇവ ചേർത്ത് വഴറ്റുക.
  • സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മഞ്ഞൾപൊടിയും കായപ്പൊടിയും ഉപ്പും ചേർക്കുക.
  • സവാള നന്നായി വെന്തു കിട്ടാനായി കാൽ കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിച്ച് അടച്ചുവച്ച് 5 മിനിറ്റ് വേവിക്കുക.
  • വെന്ത സവാളയിലേക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങളും ചേർക്കുക. കഷ്ണങ്ങൾ നന്നായി ഉടച്ചു കൊടുക്കണം.
  • നന്നായി ചൂടാവുമ്പോൾ തീ ഓഫ് ചെയ്ത് ഒരു മുറി നാരങ്ങാനീര് കൂടി ചേർത്ത് യോജിപ്പിക്കാം.

 

മസാല ദോശ തയാറാക്കുന്ന വിധം

  • ഒരു ദോശക്കല്ലു ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് ഒരു ഗ്ലാസ് കൊണ്ടോ പാത്രം കൊണ്ടോ കനം കുറച്ച് പരത്തുക.
  • ആവശ്യത്തിന് നെയ് പുരട്ടുക. താഴ്ഭാഗം ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ തയാറാക്കിയ ചട്നി ഒരു സ്പൂൺ ദോശയ്ക്ക് മുകളിൽ പുരട്ടുക.
  • മസാല കൂടി വെച്ചശേഷം മടക്കിയെടുത്താൽ രുചികരമായ മൈസൂർ മസാല ദോശ തയാർ.

 

Content Summary : Mysore dosa is crisp and soft dosa spiced with red chutney and served with a potato dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com