ADVERTISEMENT

കേക്കുകൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പല രുചിയിലും പല വലിപ്പത്തിലുമെല്ലാം കേക്കുകൾ തയാറാക്കാറുണ്ട്. എന്നാൽ 'ബെന്റോ' കേക്ക് എന്ന് കേട്ടിട്ടുണ്ടോ? പേര് കേട്ട് അമ്പരക്കുകയൊന്നും വേണ്ട. 'ബെന്റോ' എന്നാൽ ഉപയോഗിക്കാൻ എളുപ്പമുള്ളത് എന്നാണ് അർത്ഥം. ഇത് ജാപ്പനീസ് വാക്കാണ്.  ജപ്പാനിൽ 'ബെന്റോ' ഫുഡ് ബോക്‌സുകൾ വലിയ പ്രചാരത്തിലുണ്ട്. ഒരു നേരത്തേക്ക് അത്യാവശ്യം കഴിക്കാവുന്ന ഭക്ഷണത്തിന്റെ ബോക്‌സിനെയാണ് 'ബെന്റോ ബോക്‌സ്' എന്ന് പറയുന്നത്. ചെറുതും തയാറാക്കാനും  കൊണ്ട് നടക്കാനും കഴിക്കാനുമെല്ലാം എളുപ്പത്തിലുള്ളതുമായ മിനി കേക്കിനെയാണ് 'ബെന്റോ കേക്ക്' എന്ന് വിളിക്കുന്നത്. ഇത് പ്രിയപ്പെട്ടവർക്ക് വിശേഷാവസരങ്ങളിൽ സമ്മാനമായും നൽകാം. അവ്ൻ, ബേക്കിങ് ഉപകരണങ്ങൾ, കേക്ക് ടിൻ ഒന്നുമില്ലാതെ എളുപ്പത്തിൽ ഈ കേക്ക് ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ:

കാരമൽ സിറപ്പ്:

 • പഞ്ചസാര - ¼ കപ്പ്
 • വെള്ളം – 2 ടേബിൾസ്പൂൺ
 • തിളച്ചവെള്ളം - ¼ കപ്പ് 

ഡ്രൈ ഇൻഗ്രീഡിയൻസ്:

 • മൈദ - ¼ കപ്പ്
 • ബേക്കിങ് പൗഡർ - ¼ ടീസ്പൂൺ  
 • ഉപ്പ് - ഒരു നുള്ള്

മറ്റു ചേരുവകൾ:

 • വെണ്ണ - 2 ടേബിൾസ്പൂൺ
 • പൊടിച്ച പഞ്ചസാര – 3 ടേബിൾസ്പൂൺ (മസാലകൾ കൂട്ടി പൊടിച്ചത്)
 • മുട്ട - ഒരു മുട്ടയുടെ പകുതി
 • വാനില എസൻസ് - ¼ ടീസ്പൂൺ
 • മുന്തിരി വൈൻ - 1 ടീസ്പൂൺ
 • ഡ്രൈ ഫ്രൂട്ട്സ് - ¼ കപ്പ്(വൈനിൽ കുതിർത്തത്)
 • കശുവണ്ടി – 4-5 എണ്ണം

മസാലകൾ:

 • ഏലക്കായ - ഒരെണ്ണം
 • കരയാമ്പൂ - ഒരെണ്ണം
 • പട്ട - വളരെ ചെറിയ കഷ്ണം
 • ജാതിക്കായ - വളരെ ചെറിയ കഷ്ണം
 • ചുക്ക് - വളരെ ചെറിയ കഷ്ണം

തയാറാക്കുന്ന വിധം:

ഒരു ചെറിയ പാത്രം എടുത്തു വെണ്ണ തടവി ബട്ടർ പേപ്പർ താഴെയും വശങ്ങളിലും ഇട്ടു കൊടുക്കാം. ഇനി മറ്റൊരു പാത്രമെടുത്ത് അതിലേക്കു തണുപ്പില്ലാത്ത വെണ്ണയും പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം (പഞ്ചസാര പൊടിക്കുമ്പോൾ അതിൽ മസാലകൾ ചേർത്തു പൊടിക്കണം).

ഇനിയൊരു മുട്ട ചെറുതായൊന്ന് അടിച്ച് ഇതിലേക്കു പകുതി മാത്രം ചേർത്തു നന്നായി യോജിപ്പിക്കാം. ഇനി കാരമൽ സിറപ്പ് (കാൽകപ്പ് പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് ഉരുക്കി കാരമൽ കളർ ആകുമ്പോൾ കാൽകപ്പ് ചൂടുവെള്ളം ഒഴിച്ച് ഒരു മിനിറ്റ് നേരം കൂടി ചൂടാക്കി എടുത്ത ശേഷം നന്നായി തണുത്തത്) ഒഴിച്ചുകൊടുക്കണം.

ഇനി ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ച് ചേർക്കാം. ഇതിലേക്ക് എസൻസും മുന്തിരി വൈനും ചേർത്തിളക്കി എടുക്കാം.(മുന്തിരി വൈന് പകരം ഓറഞ്ച് ജ്യൂസ് ചേർത്താലും മതിയാകും.) 

ഇനി ഡ്രൈഫ്രൂട്ട്സ് വൈനിൽ നിന്ന് അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ ഒരു ടേബിൾ സ്പൂൺ മൈദ ചേർത്തിളക്കി എടുക്കാം, ഇതിൽ കശുവണ്ടി നുറുക്കി ഇട്ടുകൊടുക്കാം. ഇത് ഇനി ബാറ്ററിലേക്ക് ഇട്ട് പതുക്കെ ഇളക്കി എടുക്കണം. ഇത് നേരത്തെ തയാറാക്കിവച്ച പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. 

ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് പത്ത് മിനിറ്റ് പ്രീഹീറ്റ് ചെയ്ത ശേഷം അതിലേക്കു ബാറ്റർ ഒഴിച്ച പാത്രം ഇറക്കിവച്ച് 35 മിനിറ്റ് മീഡിയം തീയിൽ ബേക്ക് ചെയ്തെടുക്കാം. ഒന്ന് ചൂടാറിയശേഷം പാത്രത്തിൽനിന്ന് കേക്ക് പുറത്തേക്കെടുത്തു ബട്ടർ പേപ്പർ എടുത്തുമാറ്റി നല്ലതുപോലെ ചൂടാറാൻ വയ്ക്കാം. അതിനുശേഷം കേക്കിന്റെ മുകളിലും വശങ്ങളിലും മുന്തിരിവൈൻ ബ്രഷ് ചെയ്തു കൊടുക്കാം. ഇതൊന്നു വലിഞ്ഞു കഴിഞ്ഞാൽ ഒരു ബട്ടർ പേപ്പറിലേക്ക് മാറ്റി ബട്ടർ പേപ്പറോടുകൂടി ഗിഫ്റ്റ് ബോക്സിലേക്ക് ഇറക്കി വയ്ക്കാം. ഇത് ഭംഗിയായി അലങ്കരിച്ച് പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനമായി നൽകാം.

Content Summary : Bento cake is a petite sized dessert packaged in takeout boxes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com