വായിൽ അലിഞ്ഞിറങ്ങുന്ന ഡെസേർട്ടുകൾ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ക്രിസ്തുമസ് വിരുന്നൊരുക്കുമ്പോൾ അതീവ രുചികരമായി, ചോക്ലേറ്റുകൊണ്ടൊരു ക്രിസ്മസ് ഡെസേർട്ട് ഉണ്ടാക്കിയാലോ.
ചേരുവകൾ:
- പാൽ - ¾ കപ്പ്
- കോൺഫ്ലവർ - 3 ടേബിൾസ്പൂൺ
- മിൽക്ക്മെയ്ഡ് - 50 ഗ്രാം
- വാനില എസൻസ് - ½ ടീസ്പൂൺ
- ഉപ്പ് - രണ്ടു നുള്ള്
- മിൽക്ക് ചോക്ലേറ്റ് - 150 ഗ്രാം
- വൈറ്റ് ചോക്ലേറ്റ് - 100 ഗ്രാം
- ബട്ടർ - 2 ടീസ്പൂൺ
- ചെറി, ട്യൂട്ടി ഫ്രൂട്ടി, സ്പ്രിംഗിൾസ് - അലങ്കരിക്കുന്നതിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാലും കോൺഫ്ലവറും യോജിപ്പിച്ച് കുറഞ്ഞ തീയിൽ ചെറുതായി കട്ടി ആകുന്നതു വരെ ചൂടാക്കിയെടുക്കുക. ഇനി മിൽക്ക്മെയ്ഡ് ചേർത്ത് ഇളക്കിയശേഷം ചൂടിൽ നിന്ന് ഇറക്കി വച്ച് എസൻസും ഉപ്പും ചേർത്ത് ഇളക്കി എടുക്കാം. ഇതിലേക്കു മിൽക്ക് ചോക്ലേറ്റ് ചേർത്ത് അലിയിച്ച് എടുക്കാം. ഇനി ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് ഇളക്കിയ ശേഷം ഇത് മാറ്റി വയ്ക്കാം.
വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിലർ രീതിയിൽ ഉരുക്കി എടുക്കണം. ഇതിലേക്ക് ഇനി ബാക്കിയുള്ള ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് ഇളക്കി എടുക്കാം.
ഇനി 7 ഇഞ്ചിന്റെ ഒരു ബേക്കിങ് ടിന്നെടുത്തു അതിൽ താഴെയും വശങ്ങളിലും ബട്ടർ പേപ്പർ ഇട്ടുകൊടുത്തശേഷം മിൽക്ക് ചോക്ലേറ്റ് മിശ്രിതം ഒഴിച്ചു കൊടുക്കാം. ഇതിനു മുകളിലേക്കു വൈറ്റ് ചോക്ലേറ്റ് മിശ്രിതം ഒരു സ്പൂൺ കൊണ്ട് പതുക്കെ അവിടവിടെയായി ഒഴിച്ചു കൊടുക്കാം. ഇനി ഒരു സ്ക്യൂവർ കൊണ്ട് ബാറ്ററിൽ വരച്ചു കൊടുക്കാം.
അലങ്കരിക്കാനുള്ളത് മുകളിൽ വിതറിയശേഷം ഫ്രീസറിൽവച്ച് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ തണുപ്പിച്ച് എടുക്കാം. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് കഴിക്കാം. ബാക്കിയുള്ളവ ഫ്രിജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Content Summary : Christmas special dessert recipe by Nimmy.