ADVERTISEMENT

മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് റാഗിയിൽ മാംസ്യവും ധാതുക്കളും കൂടുതൽ അടങ്ങിയിട്ടുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറുധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. ശരീരത്തിലെ മുഴകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് തുടങ്ങിയവയിൽനിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നു. കൊഴുപ്പ് കുറഞ്ഞതും വേഗത്തിൽ ദഹനം നടക്കുന്നതുമായ ഭക്ഷണം കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനും എല്ലുകളുടെ വളർച്ചയ്ക്കും ശരീരത്തിലെ വിളർച്ച പരിഹരിക്കാനും റാഗി മികച്ച ഭക്ഷണമാണ്.

പ്രഭാത ഭക്ഷണത്തിനൊരുക്കാം റാഗി ദോശ

നാരുകളുടെ കലവറയാണ് റാഗി. ഇതിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ രക്തത്തിൽ എത്തിച്ചേരുന്നതിനു മുൻപു തന്നെ ആഗിരണം ചെയ്യുന്നതിനാൽ കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നു. അങ്ങനെ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

Finger-Millet-farming
റാഗി. ചിത്രം : സമീർ എ. ഹമീദ്

1. റാഗി – 300 ഗ്രാം
ഉഴുന്ന്– 50 ഗ്രാം
2. അവക്കാഡോ അരച്ചത് – 50 ഗ്രാം, ആവശ്യമെങ്കിൽ
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙റാഗിയും ഉഴുന്നും മൂന്നു മണിക്കൂർ കുതിർത്തശേഷം നന്നായി അരച്ചെടുക്കുക.
∙ഇതു രണ്ടു മണിക്കൂർ പൊങ്ങാൻ വച്ച ശേഷം അവക്കാഡോ അരച്ചതും ഉപ്പും ചേർത്തിളക്കുക. ചൂടായ കല്ലിൽ ഒഴിച്ചു മാവു ചുട്ടെടുക്കാം.

കുഞ്ഞുങ്ങളുടെ ശരീരപുഷ്‌ടിക്ക് കുറുക്കുവഴി


ഇടയ്‌ക്കിടെ വിശന്നു വിതുമ്പുന്ന കുഞ്ഞിനു വയർ നിറയാൻ നേരാനേരം എന്താണ് ഏറ്റവും ഉത്തമം? ആറുമാസമായെങ്കിൽ കുഞ്ഞുവാവയ്‌ക്ക് കുറുക്ക് കൊടുത്തു തുടങ്ങാം. ഉമിനീർഗ്രന്ഥികൾ പ്രവർത്തിച്ചു തുടങ്ങാൻ ഇത്രയും നാൾ വേണമെന്നതിനാൽ ദഹനം എളുപ്പിൽ നടക്കും.

ragi-payasam
റാഗി പായസം. ചിത്രം : ഫഹദ് മുനീർ

അമ്മയ്‌ക്കു മുലപ്പാൽ കുറവെങ്കിൽ മൂന്നു മാസമാകുമ്പോഴേക്കും കുറുക്കുകൾ തുടങ്ങുന്നതു കൊണ്ടു ദോഷമില്ല. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞുങ്ങൾക്കു മുതിർന്നവർ കഴിക്കുന്ന മിക്കവാറും ആഹാരങ്ങൾ കൊടുത്തു തുടങ്ങാമെന്നതിനാൽ കുറുക്ക് അതുവരെ മതിയാകും. എല്ലാ ആഹാരങ്ങളോടും പ്രിയം കാണിക്കുന്ന കുഞ്ഞുങ്ങൾക്കു മൂന്നു വയസ്സുവരെ കുറുക്കുകൊടുക്കാം.

പഞ്ഞപ്പുല്ല് (മുത്താറി, റാഗി), കൂവരക്, ഏത്തയ്‌ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണു കുറുക്കുണ്ടാക്കാൻ പറ്റിയത്. കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും ഉത്തമ സ്രോതസുകളാണു കുറുക്കുകൾ. കാൽസ്യം കൂടുതലുളളതിനാൽ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളർച്ച കിട്ടാൻ കുറുക്കു പ്രയോജനപ്പെടും. ഏത്തയ്‌ക്കാപ്പൊടിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്‌ടി കുറവുള്ള കുട്ടികൾക്കു കുറുക്ക് പതിവായി കൊടുക്കാം. എല്ലാ ആഹാരവും ദഹിക്കാത്ത അവസ്‌ഥയുളള കുഞ്ഞുങ്ങൾക്കും ഇതു നല്ലതാണ്. മെലിഞ്ഞിരിക്കുന്ന കുട്ടികൾക്ക് കുറുക്കിനൊപ്പം അമുക്കുരം പൊടിച്ചുചേർത്തു നൽകുക, ശരീരം പുഷ്‌ടിപ്പെടും. തെച്ചിപ്പൂവ്, ബദാം, ഇരട്ടിമധുരം, വയമ്പ് എന്നിവ പൊടിച്ച മിശ്രിതവും കുറുക്കിൽ ചേർത്തു നൽകിയാൽ ബുദ്ധിശക്‌തി വർധിക്കുമെന്ന് ആയുർവേദം പറയുന്നു. ജടാമാഞ്‌ചി, കറിവേപ്പില, വരട്ടുമഞ്ഞൾ, പിപ്പലി, നെല്ലിക്കാത്തോട്, വെളളക്കൊട്ടം, നറുനീണ്ടിക്കിഴങ്ങ്, വയമ്പ് എന്നിവയും ഇവയ്‌ക്കു തുല്യഅളവിൽ ബ്രഹ്‌മിയും പശുവിൻ പാലിൽ താളിച്ച് കുറുക്കിൽ ചേർത്തു കൊടുക്കുന്നതും ബുദ്ധിശക്‌തിക്കു മേന്മ കൂട്ടുമെന്നാണ് ആയുർവേദ വിധി.

Content Summary : As millet is more fibrous than wheat and rice, it is an excellent food for diabetes patients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com