കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിൽ ഗോതമ്പുപൊടിയും ശർക്കരയും തേങ്ങയും ചേർത്ത് ഏറെ രുചികരമായ ഒരു പലഹാരം. സ്കൂളിൽ കൊടുത്തു വിടാനും പ്രഭാത ഭക്ഷണത്തിനും വൈകുന്നേരം ചായയ്ക്കൊപ്പവും കഴിക്കാം. രണ്ടുദിവസം വരെ കേടാവാതെ ഇരിക്കുകയും ചെയ്യും.
ചേരുവകൾ
- ഗോതമ്പുപൊടി - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - ഒരു ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് - ഒരു മുറി
- ശർക്കര - അര കപ്പ്
- ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഗോതമ്പുപൊടിയിലേക്ക് ഉപ്പും നെയ്യും ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു നല്ല കട്ടിയിൽ കുഴച്ചെടുക്കുക.
- തയാറാക്കിയ മാവ് അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.
- ശർക്കര, അൽപം വെള്ളം ചേർത്ത് ഉരുക്കുക. കല്ലുള്ള ശർക്കരയാണെങ്കിൽ അരിച്ചെടുക്കണം.
- ഇതിലേക്കു തേങ്ങ ചിരകിയതും ഏലയ്ക്കാപ്പൊടിയും ചേർത്തു കട്ടിയാവുന്നതു വരെ വരട്ടി എടുക്കുക.
- തയാറാക്കിയ മാവിൽ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉരുളകൾ എടുത്ത് അൽപം എണ്ണ തടവി പൂരി പരത്തുന്നതുപോലെ പരത്തുക.
- ഒരു സ്പൂൺ തേങ്ങാക്കൂട്ടു വച്ച് രണ്ടായി മടക്കി വശങ്ങൾ ഒട്ടിച്ചു കൊടുക്കണം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇളം ബ്രൗൺ നിറത്തിൽ വറത്തു കോരുക.
- രുചികരമായ പലഹാരം തയാർ.
Content Summary : Wheat snack recipe by Ganga.