ADVERTISEMENT

ഈസ്റ്റർ, ക്രിസ്മസ്, പെരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അപ്പം അല്ലെങ്കിൽ പാലപ്പം. തേങ്ങ ചേർക്കാതെ വളരെ എളുപ്പത്തിൽ പാലപ്പവും ഒഴിച്ചു കഴിക്കാൻ ബീഫ് ഇഷ്ടുവും(സ്റ്റ്യൂ)  തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

എളുപ്പത്തിൽ ഒരു പാലപ്പം:

ആവശ്യമായ ചേരുവകൾ:

  • പശുവിൻ പാൽ - 1 ½ കപ്പ്
  • വറുത്ത അരിപ്പൊടി – 3 കപ്പ്
  • ചോറ് - ¾ കപ്പ്
  • പഞ്ചസാര - ¼ കപ്പ്
  • ഉപ്പ് - ½ ടീസ്പൂൺ 
  • വെള്ളം - ആവശ്യമെങ്കിൽ

യീസ്റ്റ് മിശ്രിതം

  • തേങ്ങാവെള്ളം – 1 കപ്പ് 
  • യീസ്റ്റ് – 1 ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം  

ഇഷ്ടു ഉണ്ടാക്കാൻ തേങ്ങ എടുക്കുമ്പോൾ തേങ്ങവെള്ളം കളയേണ്ട ആവശ്യമില്ല.

ഈ തേങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി 10 മിനിറ്റു  മൂടിവയ്ക്കാം. ഇൻസ്റ്റന്റ് ഡ്രൈ യീസ്റ്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, നേരിട്ട് ബാറ്ററിൽ ചേർക്കാം, ഇങ്ങനെ കലക്കി വയ്‌ക്കേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തിൽ, ബാറ്റർ കലക്കാൻ നേരം തേങ്ങാവെള്ളം കൂടി ഒഴിച്ചു കൊടുത്താൽ മതിയാകും. ഇനി മിക്സിയുടെ ജാറിലേക്കു പശുവിൻ പാൽ ഒഴിക്കുക. ഇതിലേക്ക് അപ്പവും ഇടിയപ്പവും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വറുത്ത അരിപ്പൊടി ചേർക്കുക, ശേഷം  ചോറ് ചേർക്കാം. ഇതിലേക്കു പഞ്ചസാര കൂടി ചേർത്ത്, തയാറാക്കിയ യീസ്റ്റ് മിശ്രിതം ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഇനി ഇത് മാവ് കലക്കി വയ്ക്കുന്ന പാത്രത്തിലേക്ക് ഒഴിക്കാം. 

മാവ് കട്ടിയുള്ളതാണെങ്കിൽ, ആവശ്യത്തിനു വെള്ളം കൂടി  ചേർത്തു കലക്കി വയ്ക്കാം. ഇനി ഇത് മൂടി വച്ച് മാവ്  പൊങ്ങുന്നതിനായി മാറ്റി വയ്ക്കാം. രണ്ടര മണിക്കൂറിനുള്ളിൽ അപ്പത്തിനുള്ള മാവ് റെഡിയായി കിട്ടും. 

മാവ് പൊങ്ങി വന്നാൽ ½ ടീസ്പൂൺ ഉപ്പ് ചേർത്തു പതുക്കെ  ഇളക്കുക. ഇനി അപ്പം ഉണ്ടാക്കാൻ തുടങ്ങാം

അപ്പച്ചട്ടി (അപ്പം പാൻ) ഇടത്തരം ചൂടിൽ ചൂടാക്കുക, മാവ് ഒഴിച്ച് പാൻ ചുറ്റിച്ചു കൊടുക്കുക, ശേഷം  മൂടിവെച്ച് വേവിക്കുക. എളുപ്പത്തിൽ പാലപ്പം തയാറായിക്കഴിഞ്ഞു.

നാടൻ ബീഫ് ഇഷ്ടു(സ്റ്റ്യൂ):

ആവശ്യമായ ചേരുവകൾ:

  • ബീഫ് - 1 കപ്പ്
  • ഉരുളക്കിഴങ്ങും കാരറ്റും - 2 എണ്ണം വീതം
  • വെളിച്ചെണ്ണ - വഴറ്റാൻ ആവശ്യമായത് 
  • ഗ്രാമ്പൂ - 5 എണ്ണം
  • ഏലക്കായ  - 5 എണ്ണം
  • കറുവപ്പട്ട - ഒരു ചെറിയ കഷണം
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • പച്ചമുളക് - 4 എണ്ണം
  • സവാള - 1
  • കുരുമുളക് - 1 ടീസ്പൂൺ
  • ഉപ്പ് - പാകത്തിന് 
  • തേങ്ങാപ്പാൽ - 1½ തേങ്ങയിൽ നിന്ന് ഒന്നാംപാലും രണ്ടാംപാലും
  • നെയ്യ് – 1 ടേബിൾസ്പൂൺ
  • കശുവണ്ടി
  • കിസ്മിസ്
  • കറിവേപ്പില - 2-3 തണ്ട്
  • ചുവന്നുള്ളി - 5 എണ്ണം

 

തയാറാക്കുന്ന വിധം:  

  • ബീഫ് കഷ്ണങ്ങൾ ഉപ്പിട്ട് വേവിച്ചു മാറ്റി വയ്ക്കാം.
  • ഒന്നര മുറി തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും പിഴിഞ്ഞ് മാറ്റിവയ്ക്കുക
  • ഉരുളക്കിഴങ്ങും കാരറ്റും തൊലി കളഞ്ഞ് കഴുകി ചെറിയ കഷ്ണങ്ങളായി മുറിക്കുക, ഇത് ഒരു കുക്കറിലേക്കിട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക.
  • ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചതച്ചെടുക്കുക 
  • കുറച്ചു കുരുമുളകു കൂടി ചതച്ചെടുക്കണം, എന്നിട്ട് വൃത്തിയുള്ള ഒരു കൊച്ചു കഷ്ണം തുണിയെടുത്തു അതിലേക്ക് ഇതിട്ട് ഒരു കിഴി പോലെ കെട്ടി കൊടുക്കാം. ഇനി ഇത് മാറ്റിവയ്ക്കാം.
  • പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാം. 
  • ചതച്ചു വച്ച മസാലകൾ(ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട) ഇട്ടു ഒന്ന് വഴറ്റി കൊടുക്കാം
  • ചെറുതായി അരിഞ്ഞ ഇഞ്ചി, നീളത്തിൽ അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്തു വഴറ്റിക്കൊടുക്കണം. 
  • അരിഞ്ഞ സവാള ചേർത്തു നന്നായി വഴറ്റുക, കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കാം
  • സവാള വാടികഴിഞ്ഞാൽ വേവിച്ചു വച്ച കാരറ്റും ഉരുളക്കിഴങ്ങും ചേർക്കാം.
  • ഉപ്പിട്ട് വേവിച്ച ചെറിയ ബീഫ് കഷ്ണങ്ങൾ കൂടി ചേർത്തുകൊടുത്തിട്ട് ഒന്ന് ഇളക്കിയെടുക്കാം. 
  • ഇനി തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പുകൂടി ചേർത്തു നന്നായിട്ട് തിളപ്പിക്കാം. 
  • തിളയ്ക്കുന്ന സമയത്ത്,  ചതച്ച  കുരുമുളകു കിഴി കെട്ടിയത് ഇട്ട് 2 മിനിറ്റ് കൂടി തിളപ്പിക്കുക.
  • ഉപ്പ് നോക്കി  ആവശ്യമെങ്കിൽ ചേർക്കുക,  എരിവ്  കൂടുതൽ വേണമെങ്കിൽ കുരുമുളകു കിഴി ഒന്നു പിഴിഞ്ഞ് ഒഴിക്കാം.
  • ഇനി തീ മീഡിയത്തിലേക്കു വച്ച ശേഷം ഒന്നാംപാൽ ഒഴിച്ചു കൊടുക്കാം, ഇനി കൈയെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.

ആദ്യത്തെ തിള വരുമ്പോൾ തീ ഓഫ് ചെയ്തു സ്ററൗവിൽ നിന്ന് ഇറക്കിവയ്ക്കാം. മറ്റൊരു പാൻ എടുത്ത് കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തെടുക്കുക, അതേപാനിൽ ചുവന്നുള്ളിയും കുറച്ച് കറിവേപ്പിലയും വഴറ്റി ഇഷ്ടുവിലേക്കു താളിച്ച് ഒഴിക്കുക. നാടൻ ബീഫ് ഇഷ്ടു ചൂടോടെ വിളമ്പാം.

 

Content Summary : Beef stew and easy appam recipe for lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com