നല്ല മൊരിഞ്ഞ ഉഴുന്നുവട, സാമ്പാറും തേങ്ങ ചട്ണിയും കൂട്ടി കഴിക്കാം

HIGHLIGHTS
 • നല്ല മൊരിഞ്ഞ ചൂടൻ ഉഴുന്നു വട കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്
uzhunnuvada
SHARE

സാമ്പാറും തേങ്ങ ചട്ണിയും കൂട്ടി നല്ല മൊരിഞ്ഞ ചൂടൻ ഉഴുന്നു വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:

 • ഉഴുന്ന് - 300 ഗ്രാം
 • തണുത്ത വെള്ളം - രണ്ടോ മൂന്നോ ടേബിൾസ്പൂൺ 
 • ഉപ്പ് - ആവശ്യത്തിന്
 • ഇഞ്ചി പൊടിയായരിഞ്ഞത് - 1 ടീസ്പൂൺ
 • ചുവന്നുള്ളി അരിഞ്ഞത് - 20 എണ്ണം
 • പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
 • കറിവേപ്പില അരിഞ്ഞത് - 2 തണ്ട് 
 • കുരുമുളകു ചതച്ചത് - 1 ടീസ്പൂൺ 
 • നല്ല ജീരകം പൊടിച്ചത് -  ¼ ടീസ്പൂൺ 
 • കായം പൊടിച്ചത് - ¼ ടീസ്പൂൺ
 • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നു നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു കഴുകി വാരിയശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക (ആവശ്യമെങ്കിൽ മാത്രം രണ്ടോ മൂന്നോ ടേബിൾസ്പൂൺ തണുത്ത വെള്ളം ചേർത്ത് അടിച്ചെടുക്കാം).

ഇത് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം ആവശ്യത്തിന് ഉപ്പും ചേർത്തു കൈ കൊണ്ടോ സ്പൂൺ ഉപയോഗിച്ചോ രണ്ട് മിനിറ്റ് നേരം ഒരു വശത്തേക്ക് മാത്രം ഇളക്കി മാവ് സോഫ്റ്റ് ആക്കി എടുക്കാം. (ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് മാവിൽനിന്ന് ഒരു നുള്ളു മാവ് എടുത്ത് വെള്ളത്തിലേക്കിട്ടു കഴിഞ്ഞാൽ മാവ് വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ മാവിന്റെ പരുവം ശരിയാണെന്ന് മനസ്സിലാക്കാം).

ഇനി ഇതിലേക്ക് ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, കുരുമുളക്, ജീരകം പൊടിച്ചത്, കായം പൊടിച്ചത് എന്നിവ ചേർത്തു കൈകൊണ്ടു തന്നെ നന്നായി യോജിപ്പിച്ച് എടുക്കാം.

ഇനി കൈയൊന്നു വെള്ളത്തിൽ നനച്ചശേഷം മാവിൽ നിന്നു കുറേശ്ശെ എടുത്ത് ഉരുളകൾ ആക്കി നടുക്ക് കുഴിയുണ്ടാക്കി ചൂടായി കിടക്കുന്ന എണ്ണയിൽ ഇട്ട് ഇടത്തരം തീയിൽ ഇരുവശവും മൊരിയുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം. ചമ്മന്തിയിലോ സാമ്പാറിലോ മുക്കി കഴിക്കാം.

ശ്രദ്ധിക്കാൻ

* അരയ്ക്കുമ്പോൾ ഉഴുന്ന് ചൂടാകാതെ നിർത്തി നിർത്തി അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

* വെള്ളം ചേർക്കാതെ അരയ്ക്കുന്നതു കൊണ്ടുതന്നെ മാവ് വളരെ കട്ടിയുള്ളതായിരിക്കും, അതുകൊണ്ടാണ് സ്പൂൺ കൊണ്ട് അടിച്ചു മാവ് ലൂസ് ആക്കി സോഫ്റ്റ് ആക്കി എടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവിലേക്ക് എയർ കടക്കുകയും ഉഴുന്നുവട സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും.

* ഉഴുന്നുവട മൊരിഞ്ഞു കിട്ടാൻ റവയോ അരിപ്പൊടിയോ ചേർക്കേണ്ടതില്ല, അങ്ങനെ ചേർക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ ഉഴുന്നുവട ഹാർഡ് ആയി പോകും.

Content Summary :  Uzhunnu vada is prepared using a batter made with urad dal, curry leaves, green chillies, black pepper corns and shallots.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS