ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും മുട്ടയും പൊറോട്ടയും ചിക്കനുമെല്ലാം പലര്‍ക്കും ഇഷ്‌പ്പെട്ട കോമ്പോയുമാണ്. എന്നാൽ ഇന്ന് ഇത് കടയിൽ നിന്ന് വാങ്ങി കഴിക്കാൻ പലർക്കും ഇഷ്ടമില്ല. അതുകൊണ്ട് വീട്ടിൽ ഉണ്ടാക്കിയാലോ! കുറച്ചു പ്രാക്ടീസ് ഉണ്ടെങ്കിൽ നമുക്കും വീടുകളിൽ ഹോട്ടൽ ശൈലിയിലെ  ലേയേർഡ് പൊറോട്ടകൾ ഉണ്ടാക്കാൻ കഴിയും. എങ്ങനെ എന്നു നോക്കാം.

ചേരുവകൾ:

  • മുട്ട                 - ഒരു മുട്ടയുടെ പകുതി
  • പഞ്ചസാര            - 1 ടേബിൾസ്പൂൺ
  • പാൽ               - ½ കപ്പ്
  • നെയ്യ്               - 1 ടേബിൾസ്പൂൺ
  • നാരങ്ങാ നീര്      - 1 ടീസ്പൂൺ
  • മൈദ               - 500 ഗ്രാം
  • ബേക്കിങ് പൗഡർ     - 1 ടീസ്പൂൺ
  • വെള്ളം             - ¾ കപ്പ്
  • ഉപ്പ്                - ആവശ്യത്തിന്
  • ഓയിൽ             - 2 ടേബിൾസ്പൂൺ + ആവശ്യത്തിന്
  • ഓയിൽ-നെയ്യ് മിശ്രിതം - ആവശ്യത്തിന് ( 4 ടേബിൾസ്പൂൺ ഓയിലിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ്)

തയാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് മുട്ട, പഞ്ചസാര, പാൽ, നെയ്യ്, നാരങ്ങ നീര് എന്നിവ ചേർക്കുക. പഞ്ചസാര അലിയുന്നത്‌ വരെ ഇത് നന്നായി ഇളക്കുക. ഇനി മൈദ പൊടിയും ബേക്കിങ് പൗഡറും ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക. അതിനുശേഷം ഉപ്പ് വെള്ളം ഒഴിച്ചു മാവു കുഴച്ചെടുക്കുക.

വൃത്തിയാക്കിയ പ്രതലത്തിൽ കുറച്ചു മൈദ പൊടി തൂകി അതിലേക്കു മാവ് മാറ്റിയശേഷം വെജിറ്റബിൾ ഓയിൽ ചേർത്തു കുറഞ്ഞത് 5 മിനിറ്റെങ്കിലും മാവ് സോഫ്റ്റ് ആകുന്നതു വരെ നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഒരു ബോൾ ആകൃതിയിൽ ഉരുട്ടിയെടുക്കുക. വൃത്തിയുള്ള പ്രതലത്തിൽ എണ്ണ ഒഴിച്ചതിനു ശേഷം മാവ് വച്ച് എണ്ണ മാവിൽ എല്ലായിടത്തും പിടിക്കുന്നതിന് ഒന്ന് ഉരുട്ടിയെടുക്കുക. ഇനി നനഞ്ഞ തുണി ഉപയോഗിച്ച് മൂടി ഒരു മണിക്കൂർ വയ്ക്കണം.

ഒരു മണിക്കൂറിന് ശേഷം, മാവ് ഉരുളകളാക്കിയെടുക്കണം. ഇത് എണ്ണ തൂകിയ പ്രതലത്തിൽ വെച്ചശേഷം ഉരുളകളിലും ആവശ്യത്തിന് എണ്ണ തൂകി കൊടുക്കുക. വീണ്ടും നനഞ്ഞ തുണികൊണ്ടു മൂടി അരമണിക്കൂറോളം വയ്ക്കണം

ഇനി പൊറോട്ട അടിക്കുന്നതിനുള്ള പ്രതലത്തിൽ എണ്ണ തേച്ചു കൊടുക്കുക. ഒരു ഉരുളയെടുത്തു കൈപ്പത്തി കൊണ്ട് ഒന്ന് പരത്തുക. വലതു കൈയുടെ നാല് വിരലുകൾ മുകളിലും ഇടത് കൈയുടെ നാല് വിരലുകൾ താഴെയുമായി പിടിച്ചശേഷം നന്നായി കനം കുറയുന്നത് വരെ മാവ് വീശിയടിച്ചെടുക്കുക.

ഇനി ഇതിനു മുകളിൽ കുറച്ച് ഓയിൽ-നെയ്യ് മിശ്രിതം തൂകി കൊടുക്കുക (4 ടീസ്പൂൺ എണ്ണയ്ക്ക് 2 ടീസ്പൂൺ നെയ്യ്). മുകളിൽ കുറച്ച് പൊടി കൂടി വിതറിയശേഷം വീശിയടിച്ച മാവിനെ നടുവെ മുറിച്ച് രണ്ടാക്കുക. ശേഷം

ഒരു ഭാഗം റിബ്ബൺ പോലെ കൂട്ടിപിടിക്കുക, എന്നിട്ട് കൈകൊണ്ട് അമർത്താതെ ചുറ്റിയെടുത്തിട്ട് അവസാനത്തെ അറ്റം അടിയിലേക്ക് തിരുകി കൊടുക്കുക. എല്ലാ ഉരുളകളും ഇത് പോലെ ചെയ്തെടുക്കുക

ഇനി ഓരോന്നും എടുത്ത് കൈപ്പത്തി കൊണ്ട് പരത്തിയെടുക്കുക. ഇത് വളരെ കനം കുറയ്ക്കരുത്, അങ്ങനെ ചെയ്താൽ കൂടുതൽ ലെയറുകൾ ലഭിക്കില്ല. ചൂടുള്ള തവയിൽ എണ്ണ പുരട്ടിയശേഷം വേഗം തന്നെ പരത്തിയ മാവ് അതിലേക്കു മാറ്റുക. മറുവശത്തേക്ക് തിരിച്ചിടുന്നതിന് മുൻപ് ആവശ്യത്തിന് എണ്ണ പുരട്ടുക. മറുവശത്തും എണ്ണ പുരട്ടുക. ഇടത്തരം ചൂടിൽ വേവിക്കുക

മൂന്നോ നാലോ പോറോട്ടകൾ ചെയ്തുകഴിഞ്ഞാൽ, അവയെ ഒരുമിച്ച് വച്ച് വശങ്ങളിൽ നിന്ന് രണ്ട് കൈകളും ഉപയോഗിച്ച് അടിച്ച് ലേയറുകൾ വേർതിരിക്കുക. പോറോട്ടകൾ ചൂടോടു കൂടിത്തന്നെ ഇങ്ങനെ ചെയ്തെടുക്കണം. ഇതിനായി 3-4 പോറോട്ടകൾ ചെയ്തെടുക്കുന്നത് വരെ വേവിച്ച പൊറോട്ടകൾ ചൂടാറാതെ സൂക്ഷിക്കണം. 

Content Summary : Layered parotta in restaurant style.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com