ബൗണ്ടി ബാറുകൾ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. നാരുകളുടെയും മഗ്നീഷ്യത്തിന്റെയും നല്ല ഉറവിടമാണ് ബൗണ്ടി ബാറുകൾ. ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണിത്. എന്നിരുന്നാലും, ബൗണ്ടി ബാറുകളിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്, അതിനാൽ അവ മിതമായ അളവിൽ കഴിക്കണം.
ചേരുവകൾ
- ഡെസിക്കേറ്റഡ് കോക്കനട്ട്
- കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
- മിൽക്ക് ചോക്ലേറ്റ് - 200 ഗ്രാം
- വൈറ്റ് ചോക്ലേറ്റ് - 200 ഗ്രാം (വൈറ്റ് ബൗണ്ടിക്കു വേണ്ടി )
തയാറാക്കുന്ന വിധം
ഡെസിക്കേറ്റഡ് കോക്കനട്ട് തയ്യാറാക്കാൻ നാളികേരം ചിരട്ട കളഞ്ഞു എടുത്തു നാളികേരത്തിന്റെ ബ്രൗൺ തൊലി ചെത്തി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ച് എടുക്കണം. (മിക്സി നിറുത്തി നിറുത്തി അടിക്കണം). ഒരു ഫ്രൈയിങ് പാൻ ചൂടാക്കി പാനിലേക്കു നാളികേരം പൊടിച്ചതു ചേർത്തു കൊടുത്തു വറുത്ത് എടുക്കണം (ഇടത്തരം തീയിൽ). ഒരു നാളികേരം ഇതുപോലെ വറുത്ത് എടുത്താൽ ഒന്നേമുക്കാൽ കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് കിട്ടും.
ബൗണ്ടി തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്കു ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടു കൊടുക്കുക. ഇതിലേക്കു കുറേശേ കണ്ടൻസ്ഡ് മിൽക്ക് ചേർത്തു യോജിപ്പിക്കുക. കൈ കൊണ്ടു നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഈ മിക്സിൽ നിന്നും കുറേശേ എടുത്തു ബൗണ്ടി ഷേപ്പിൽ ഉരുട്ടി വയ്ക്കുക. ഇങ്ങനെ ഉരുട്ടിയ ബൗണ്ടി ഫ്രീസറിൽ വയ്ക്കുക. ഇനി ഒരു ബൗളിലേക്കു മിൽക്ക് ചോക്ലേറ്റ് ഇട്ടു കൊടുത്തു ഡബിൾ ബോയിലിങ് ചെയ്തു ചോക്ലേറ്റ് ഉരുക്കി എടുക്കുക. ഫ്രീസറിൽ വച്ച ബൗണ്ടി പുറത്തെടുത്ത്, ഉരുക്കി എടുത്ത ചോക്ലേറ്റിൽ മുക്കി എടുക്കുക. ചോക്ലേറ്റ് മുക്കി എടുത്ത ബൗണ്ടി ഒരു ബട്ടർ പേപ്പറിൽ വച്ച് ഒന്നു സെറ്റ് ആയാൽ നമ്മുടെ ബൗണ്ടിചോക്ലേറ്റ് റെഡി. ഇതുപോലെ തന്നെ വൈറ്റ് ബൗണ്ടിയും ഉണ്ടാക്കി എടുക്കാം. വൈറ്റ് ചോക്ലേറ്റ് ഉരുക്കി എടുത്തു ഷേപ്പ് ചെയ്ത ബൗണ്ടി, വൈറ്റ് ചോക്ലേറ്റ് ഉരുക്കിയതിൽ മുക്കി എടുത്തു ബട്ടർ പേപ്പറിൽ വച്ച് സെറ്റ് ആയാൽ വൈറ്റ് ബൗണ്ടി ചോക്ലേറ്റും റെഡി.
Content Summary : Bounty bars are a popular snack in many countries around the world.