കോഫി രുചിയിൽ വീട്ടിലൊരുക്കാം മോക്കാ പേസ്ട്രി കേക്ക്

HIGHLIGHTS
 • ഈസി ടേസ്റ്റി കേക്ക് വീട്ടിൽ തയാറാക്കാം
mocha-cake
SHARE

കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് ബേക്കറിയിൽ പോയി വാങ്ങി കഴിക്കാൻ പലർക്കും ഇഷ്ടമില്ല. ഞെട്ടിക്കുന്ന വില തന്നെയായിരിക്കും അതിന് ഒരു കാരണം. അങ്ങനെയുള്ളവർക്കും കുക്കിങ് ഒരു പാഷനായി കൊണ്ടു നടക്കുന്നവർക്കും ഇങ്ങനെയുള്ള കേക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. എങ്കിൽ പിന്നെ കോഫി രുചിയിൽ കിടിലൻ പേസ്ട്രി തയാറാക്കിയാലോ?

ചേരുവകൾ:

 • മൈദ - 1 ½ കപ്പ്
 • കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ
 • ബേക്കിങ് പൗഡർ - 1½ ടീസ്പൂൺ
 • ബേക്കിങ് സോഡ - ¼ ടീസ്പൂൺ
 • ഉപ്പ് - ¼ ടീസ്പൂൺ
 • മുട്ട - 4 എണ്ണം
 • പൊടിച്ച പഞ്ചസാര - 1 കപ്പ്
 • വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ
 • കാപ്പിപൊടി - 2 ടേബിൾസ്പൂൺ
 • ചൂട് വെള്ളം - ½ കപ്പ്
 • വാനില എസ്സൻസ് - 1 ടീസ്പൂൺ

ചോക്ലേറ്റ് സിറപ്പ്

 • ചൂട് പാൽ - 1 കപ്പ്
 • ഡാർക്ക് ചോക്ലേറ്റ് - 30 ഗ്രാം
 • പഞ്ചസാര - ¼ കപ്പ്

ചോക്ലേറ്റ് കോഫി ഗനാഷെ

 • വിപ്പിങ് ക്രീം - ¾ കപ്പ്
 • കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
 • കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ 
 • ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം

ഫ്രോസ്റ്റിങ്:

 • വിപ്പിങ് ക്രീം - 1 കപ്പ്
 • പൊടിച്ച പഞ്ചസാര - ½ കപ്പ്
 • ചോക്ലേറ്റ് കോഫി ഗനാഷെ

തയാറാക്കുന്ന വിധം

വെള്ളമോ എണ്ണമയമോ ഒട്ടുമില്ലാത്ത ഒരു പാത്രത്തിൽ മുട്ടയെടുത്തു വാനില എസൻസ് ചേർത്തു ബീറ്റ് ചെയ്തു തുടങ്ങണം. പതഞ്ഞു തുടങ്ങുമ്പോൾ പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്തു മുട്ട നല്ലതുപോലെ പതഞ്ഞു പൊങ്ങുന്നത് വരെ (റിബൺ പരുവം) അടിച്ചെടുക്കാം. ഇനി ഓയിൽ ഒഴിച്ചു കുറഞ്ഞ സ്പീഡിൽ യോജിപ്പിച്ച് എടുക്കാം. ഇനി മറ്റൊരു പാത്രത്തിൽ ചൂടുവെള്ളം എടുത്തു കാപ്പിപ്പൊടി ചേർത്ത് ഇളക്കി മാറ്റി വയ്ക്കാം.

മുട്ട പതച്ചതിലേക്കു മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ കുറേശ്ശെയായി അരിച്ചു ചേർത്തു പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം തയാറാക്കി വച്ചിരിക്കുന്ന കാപ്പിയും ചേർത്തു പതുക്കെ ഇളക്കി എടുക്കണം. ഇനി ബട്ടർ പേപ്പർ ഇട്ടുവച്ച ബേക്കിങ് ടിന്നിൽ ബാറ്റർ ഒഴിച്ച് 160 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ആയി കിടക്കുന്ന അവ്നിൽ  40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കേക്ക് നന്നായി തണുത്ത ശേഷം മൂന്ന് ലയറുകൾ ആക്കി മുറിച്ച് മാറ്റിവയ്ക്കാം.

കേക്ക് നനച്ചു കൊടുക്കുന്നതിനുള്ള സിറപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ഒരു പാത്രത്തിൽ ചോക്ലേറ്റ് എടുത്ത് അതിലേക്ക് ചൂട് പാലും പഞ്ചസാരയും ചേർത്ത് ഇളക്കി ചൂടാറുന്നതിനായി മാറ്റി വയ്ക്കാം.

ഇനി ക്രീം തയാറാക്കുന്നതിനു വേണ്ടി വിപ്പിങ് ക്രീം ചൂടാക്കിയ ശേഷം അതിലേക്കു കാപ്പിപ്പൊടിയും കൊക്കോ പൗഡറും ചേർത്തു നല്ലതുപോലെ ഇളക്കി, ചോക്ലേറ്റ് കഷ്ണങ്ങളാക്കി വച്ചിരിക്കുന്നതിലേക്ക് ഒഴിച്ച് ഇളക്കി എടുക്കാം. ഈ മിശ്രിതം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം.

മറ്റൊരു ബൗളിൽ കുറച്ചു വിപ്പിങ് ക്രീം എടുത്തു പൊടിച്ച പഞ്ചസാര ചേർത്തു നന്നായി അടിച്ചെടുക്കണം. അതിലേക്കു തണുപ്പിച്ചെടുത്ത ചോക്ലേറ്റ് മിശ്രിതത്തിൽ നിന്നു പകുതി ചേർത്ത് എല്ലാംകൂടി ഒന്നു യോജിക്കുന്നതു വരെ മാത്രം ബീറ്റ് ചെയ്തെടുക്കാം. ഇനി കേക്ക് ബോർഡിൽ ആദ്യത്തെ ലെയർ കേക്കു വച്ച് ചോക്ലേറ്റ് സിറപ്പു കൊണ്ടു നനച്ച ശേഷം ക്രീം പരത്തി, അതിനുമുകളിൽ പകുതി മാറ്റിവച്ച കോഫി ഗനാഷിൽ നിന്ന് ഒരു സ്പൂൺ ഒഴിച്ച് എല്ലായിടത്തും ഒരുപോലെ പരത്തി എടുക്കാം. അതിനുശേഷം മുകളിൽ അടുത്ത ലെയർ വച്ച് ഇതുപോലെതന്നെ ചെയ്തെടുക്കാം. അവസാനത്തെ ലെയർ വെച്ച ശേഷം സിറപ്പ് ഒഴിച്ച് ക്രീം പരത്തി ലെവൽ ആക്കിയ ശേഷം അരമണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം.

ഇനി അരികുകൾ മുറിച്ചുമാറ്റാം. മുകളിൽ ക്രീം ഇഷ്ടമുള്ള രീതിയിൽ പൈപ്പ് ചെയ്ത ശേഷം ഗനാഷ് ഒഴിച്ച്, ചോക്ലേറ്റ് ചിപ്സ് കൂടി വിതറി കൊടുക്കാം. ഇനി കേക്ക് പേസ്ട്രിയുടെ വലുപ്പത്തിൽ കട്ട് ചെയ്ത് എടുക്കാം. മോക്കാ കേക്ക് തയ്യാറായിക്കഴിഞ്ഞു.

Content Summary : Chocolate Mocha Cake, For a richer chocolate flavor, use dark cocoa powder.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS