െഎസ്ക്രീമോ ചോക്ലേറ്റോ എന്തുമാകട്ടെ മധുരം നിറഞ്ഞ വിഭവങ്ങൾ കുട്ടികൾക്കടക്കം മുതിർന്നവർക്കും പ്രിയമാണ്. എന്നും െഎസ്ക്രീം വാങ്ങാൻ പറ്റിയില്ലെങ്കിലും കസ്റ്റർഡും രുചിയോടെ കഴിക്കുന്നവരുമുണ്ട്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കസ്റ്റർഡുകളിൽ നിന്നും വ്യത്യസ്തമായി വീട്ടിലെ സാധനങ്ങൾ വച്ച് അടിപൊളി രുചിയിൽ കസ്റ്റർഡ് തയാറാക്കാം. ഫ്രൂട്ട്സ് സേമിയ കസ്റ്റർഡ്.
സേമിയ കസ്റ്റർഡ്
∙സേമിയ- 2 ടേബിൾ സ്പൂൺ
∙കസ്റ്റർഡ് പൗഡർ- 1 ടേബിൾ സ്പൂൺ
∙പഞ്ചസാര - 3 ടേബിൾ സ്പൂൺ, വേണമെങ്കിൽ കൂടുതൽ ചേർക്കാം.
∙പാൽ - 2 1/2 കപ്പ്
∙വെള്ളം - 1 കപ്പ്
∙നെയ്യ് - 1/2 ടീസ്പൂണ്
∙വാനില എസ്സൻസ് - 1/4 ടീസ്പൂണ്
∙ഉപ്പ് - 1/8 ടീസ്പൂണ്
തയാറാക്കുന്ന വിധം
വെള്ളവും പാലും കലർത്തുക. ശേഷം 1/2 കപ്പ് പാൽ എടുത്ത് കസ്റ്റാർഡ് പൊടി കട്ടയില്ലാതെ യോജിപ്പിക്കാം. ഒരു പാത്രം ചൂടാക്കി നെയ്യ് ചേർക്കുക. സെമിയ ചേർത്ത് 30 സെക്കൻഡ് വഴറ്റുക. (വറുക്കാത്ത സേമിയ ആണെങ്കിൽ ലൈറ്റ് ബ്രൗൺ കളർ ആവുന്നത് വരെ വറക്കുക)
ഇതിലേക്ക് പാലും വെള്ളവും ചേർത്ത് തിളക്കാൻ അനുവദിക്കുക. തീ കുറച്ച് വച്ച് സേമിയ വേവിക്കാം. ഇനി പഞ്ചസാരയും ഉപ്പും ചേർക്കാം.
പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ കസ്റ്റാർഡ് മിശ്രിതം ചേർത്ത് 8 മുതൽ 10 മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കുക. ആവശ്യത്തിന് കട്ടി ആയാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയാക്കാം. ശേഷം ഫ്രിജിൽ വച്ച് തണുപ്പിക്കാം. വിളമ്പുമ്പോൾ ഡ്രൈ ഫ്രൂട്സും പഴങ്ങള്‍ അരിഞ്ഞതും ചേർക്കാം.
English Summary: Easy Semiya Custard