ചോറിനൊപ്പം മാമ്പഴ പുളിശ്ശേരിയും മീൻകറിയുമുണ്ടെങ്കിൽ മറ്റൊന്നും വേണ്ട. അടിപൊളി രുചിയൂറും കോമ്പിനേഷനാണിത്. ഇപ്പോൾ മാങ്ങയുടെ സീസൺ ആയതിനാൽ എവിടെയും നല്ല പഴുത്ത മാമ്പഴം കിട്ടും. മാമ്പഴ പുളിശ്ശേരിയാണ് മിക്കവരും തയാറാക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി മാമ്പഴ പച്ചടിയായാലോ? ഇതൊന്നു ട്രൗ ൈ ചെയ്ത് നോക്കാം.
ചേരുവകൾ
പഴുത്ത മാങ്ങ – മൂന്നെണ്ണം
നാളികേരം– അരമുറി
കടുക് – ഒരു ടീസ്പൂൺ
വറ്റൽമുളക് – മൂന്നെണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ശർക്കര – ഒരെണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
തയാറാക്കേണ്ട വിധം
പഴുത്ത മാങ്ങയും ശർക്കരയും കുറച്ചു വെള്ളം ചേർത്ത് ചെറിയ തീയിൽ വച്ച് നന്നായി വേവിച്ചെടുക്കുക. അതിൽ ഉപ്പ് കുറച്ചു മഞ്ഞള്‍പൊടിയും മുളകുപൊടിയും കറിവേപ്പില എന്നിവ ചേർക്കുക. കുറച്ച് സമയത്തിന് ശേഷം മാങ്ങയും ശർക്കരയും നന്നായി മിക്സ് ആയിട്ടുണ്ടാവും. നാളികേരം നന്നായി അരച്ചതിനു ശേഷം അതിലേക്ക് കടുക് ചേർത്ത് ഒന്ന് ചെറുതായി അരയ്ക്കുക.
മാമ്പഴത്തിലേക്ക് നാളികേരം അരച്ചതും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഇത് ഒരു കുറുക്കിയ കറിയാണ്. വെളിച്ചെണ്ണ ചൂടായതിനു ശേഷം കടുക്, ഉണക്കമുളക് , കറിവേപ്പില കുറച്ചു മുളകുപൊടി ചേർത്ത് വറുത്തിടുക.കറി മൂടിവച്ചതിനുശേഷം കുറച്ച് സമയം കഴിഞ്ഞ് എടുക്കാം. ഇത്രയും സ്വാദിഷ്ടമായ ഒരു മാങ്ങക്കാലം ഈ കറിയിൽ കൂടെ ആസ്വദിക്കാം.
English Summary: Mango pachadi recipe