സദ്യയ്ക്ക് കിട്ടുന്ന അതേ സ്വാദ്; പൈനാപ്പിളിന്റെ രുചിക്കൂട്ട്
Mail This Article
സദ്യക്ക് കിട്ടുന്ന കൈതച്ചക്ക പച്ചടി വീട്ടിൽ അതിനെക്കാളും രുചിയിൽ തയാറാക്കാം. പുളിയും മധുരവും എരിവും ചേർന്ന ഈ വിഭവം എളുപ്പം ഉണ്ടാക്കാവുന്നതും, ദോശ, ഇഡ്ഡലി, അപ്പം, ഇടിയപ്പം, ചോറ് എന്നിവയ്ക്ക് നല്ല ഒരു സൈഡ് ഡിഷും ആണ്.
ചേരുവകൾ
∙കൈതചക്ക – 1 എണ്ണം
∙ഉപ്പ് - ആവശ്യാനുസരണം
∙മഞ്ഞൾപൊടി – ½ സ്പൂൺ
∙വെള്ളം – 1 ഗ്ലാസ്
∙ശർക്കര – 2 സ്പൂൺ
∙തേങ്ങ ചിരകിയത് – 1 ബൗൾ
∙പച്ചമുളക് - 1 എണ്ണം
∙മോര് – ½ ഗ്ലാസ്
∙വെളിച്ചെണ്ണ – 3 സ്പൂൺ
∙കടുക് – 1 സ്പൂൺ
∙കറിവേപ്പില – 5-6 ഇല
∙ഉണക്കമുളക് – 1 എണ്ണം
തയാറാക്കുന്ന വിധം
കൈതചക്ക വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചെടുക്കുക. ചീനച്ചട്ടിയിൽ കൈതച്ചക്ക കഷ്ണങ്ങൾ, ഉപ്പ്, മഞ്ഞൾപൊടി, 1/2 ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് അടച്ച് വച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞ ശേഷം 3 സ്പൂൺ ശർക്കര ചേർത്ത് അലിയാൻ വേണ്ടി 2 മിനിറ്റ് അടച്ച് വയ്ക്കുക. തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. മിക്സർ ജാറിൽ ചിരകിയ തേങ്ങ, പച്ചമുളക്, കടുക് , വേവിച്ചു വെച്ച കൈതചക്ക എന്നിവ അരച്ച് എടുക്കുക.
അരപ്പ് എല്ലാം വീണ്ടും ചീനച്ചട്ടിയിലേയ്ക്ക് മാറ്റിയിട്ട് മോര് ചേർക്കുക. ചെറിയ തീയിൽ ഇളക്കി കൊണ്ട് തിള വരുന്നത് വരേ വേവിയ്ക്കുക. തിള വന്നാൽ വാങ്ങി വെയ്ക്കുക. വെളിച്ചെണ്ണയിൽ കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വരവ് ഇടുക. സ്വാദിഷ്ടമായ കൈതചക്ക അരച്ച പച്ചടി തയാർ.
English Summary: Pineapple Pachadi Recipes