പഴുത്തു കറുത്തു പോയ പഴത്തിൽ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും രക്തക്കുറവിനും ഇത് ഉത്തമം. ആവിയിൽ വേവിച്ച പഴം അപ്പം ഉണ്ടാക്കിയാലോ?കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•നേന്ത്രപ്പഴം - രണ്ടെണ്ണം
•ശർക്കര - 150 ഗ്രാം
•വെള്ളം - കാൽ കപ്പ്
•തേങ്ങ ചിരവിയത് - അരക്കപ്പ്
•ഉണക്കമുന്തിരി - ഒരു ടേബിൾ സ്പൂൺ
•നെയ്യ് - ഒരു ടേബിൾ സ്പൂൺ
•അണ്ടിപ്പരിപ്പ് - ഒരു ടേബിൾ സ്പൂൺ
•ഏലക്കാപ്പൊടി - അര ടീസ്പൂൺ
•ജീരകപ്പൊടി - അര ടീസ്പൂൺ
•ചുക്കുപൊടി - ഒരു ടീസ്പൂൺ
•പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
•വറുത്ത അരിപ്പൊടി - 1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒന്നര അച്ച് ശർക്കര എടുത്തതിനുശേഷം കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇത് നല്ലപോലെ ഇളക്കി കൊടുത്ത് ഉരുകി വരുമ്പോൾ അരിച്ചെടുത്ത് മാറ്റിവെക്കാം. ഏലക്കായും, ജീരകവും, പഞ്ചസാരയും കൂടി പൊടിച്ചു വയ്ക്കുക. നല്ല പഴുത്ത മധുരമുള്ള രണ്ട് നേന്ത്രപ്പഴം ആവിയിൽ വച്ച് വേവിച്ചെടുത്തതിന് ശേഷം ചൂടൊക്കെ ആറിയിട്ട് മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുക്കണം. നമ്മൾ നേരത്തെ തയാറാക്കി വച്ച ശർക്കരപ്പാനി ചൂടറിയതിന് ശേഷം ഒഴിച്ച് കൊടുത്തു വീണ്ടും അരക്കുക. ശർക്കരപ്പാനി മുഴുവനായിട്ട് ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല, ആദ്യമേ തന്നെ കുറച്ച് ഒഴിച്ചുകൊടുത്ത് മധുരം നോക്കിയതിനുശേഷം ആവശ്യമാണെങ്കിൽ പിന്നീട് ഒഴിച്ചു കൊടുക്കാം.
ഒരു പാൻ അടുപ്പത്ത് വച്ച് അതിനകത്തേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നട്സും ഉണക്ക മുന്തിരിയും വറുത്തു കോരാം. ശേഷം നമ്മൾ നേരത്തെ അരച്ചുവച്ച നേന്ത്രപ്പഴത്തിന്റെ മിക്സ് ഈ പാനിലോട്ട് ഇട്ടുകൊടുക്കാം. ഇനി ഇത് കുറച്ചുനേരം വഴറ്റി കൊടുക്കുക. രണ്ട് മിനിറ്റ് മാത്രം വഴറ്റി കൊടുത്താൽ മതി. തേങ്ങ ചിരവിയത് കൂടെ ചേർക്കാം. പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഇതിനകത്തേക്ക് ഏലക്കായും, ജീരകവും, പഞ്ചസാരയും കൂടി പൊടിച്ചതും, ഒരു നുള്ള് ഉപ്പും, ചുക്കുപൊടിയും ഇട്ടുകൊടുക്കുക. എല്ലാം കൂടെ നല്ലപോലെ മിക്സ് ആക്കി കൊടുക്കാം ശേഷം ഇതിനകത്തേക്ക് കാൽ കപ്പ് വറുത്ത അരിപ്പൊടി ഇട്ടുകൊടുക്കാം ഇടിയപ്പത്തിനും പത്തിരിക്കൊക്കെ യൂസ് ചെയ്യുന്ന വറുത്ത അരിപ്പൊടി ആണ് വേണ്ടത്.
എല്ലാം കൂടെ നല്ലപോലെ യോജിപ്പിച്ചു കൊടുക്കുക അതിനുശേഷം ഇത് പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ നമ്മൾക്ക് ഗ്യാസ് ഓഫ് ചെയ്യാം.
അരിപ്പൊടിയുടെ അളവ് ഒരിക്കലും കൂടി പോകരുത് നേന്ത്രപ്പഴത്തിന്റെ ടേസ്റ്റ് വേണം മുൻപന്തിയിൽ നിൽക്കാൻ. ഇനി ആവി വരുന്ന ഇഡ്ഡലിത്തട്ടിൽ നെയ്യ് തേച്ചു നട്സും ഉണക്കമുന്തിരിയും ഇട്ട് കൊടുത്ത ശേഷം, നമ്മൾ ഉണ്ടാക്കിയ ഫില്ലിംഗ് ഇതിനകത്തേക്ക് വെച്ച് ഒന്ന് പ്രസ് ചെയുക. അതിനുശേഷം ഇത് 12 മിനിറ്റ് വേവിച്ചെടുക്കാം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴം അപ്പം ഇവിടെ റെഡിയായിക്കഴിഞ്ഞു.
English Summary: Steamed Sweet Banana Snack Recipe