ഇതെന്താണ് ചീര മസിയലോ? 10 മിനിറ്റ് കൊണ്ട് തമിഴ്നാട് സ്റ്റൈൽ കറി

Mail This Article
ചീരയും പരിപ്പും, ചീര തോരന്‍, ചീര അവിയലുമൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. സീസണയാൽ ചീര കൊണ്ടുള്ള കറികളാകും വീടുകളിൽ വയ്ക്കുന്നത്. ആരോഗ്യഗുണമുള്ള ഇലവർഗമായതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടവുമാണ്. ഈ വിഭവം വണ്ണം കുറയ്ക്കുന്നവർക്കും ഉത്തമമാണ്. 10 മിനിറ്റ് കൊണ്ട് ഇൗ കറി തയാറാക്കാം. ചീര കൊണ്ടുള്ള വെറൈറ്റി കറി തയാറാക്കിയാലോ? അതും തമിഴ്നാട് സ്റ്റൈലിൽ. എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
∙ചീര -250 ഗ്രാം
∙തുവര പരിപ്പ് വേവിച്ചത് - 1/2 കപ്പ്
∙ചെറിയ ഉള്ളി -10 എണ്ണം
∙തക്കാളി -1/2 കപ്പ്
∙പച്ചമുളക് -3 എണ്ണം
∙വാളൻ പുളി - 1 ചെറിയ കഷണം
∙മഞ്ഞൾ പൊടി -1/8 ടീസ്പൂൺ
∙ഉപ്പ് -ആവശ്യത്തിന്
∙കടുക് -1/2 ടീസ്പൂൺ
∙ചുവന്ന മുളക് -2 എണ്ണം
∙എണ്ണ -1 ടീസ്പൂൺ
∙കറി വേപ്പില
ഉണ്ടാകുന്ന വിധം
മൺചട്ടിയിൽ ഉള്ളി, തക്കാളി, പച്ചമുളക്, പുളി,മഞ്ഞൾ പൊടി എന്നിവ കുറച്ചു വെള്ളമൊഴിച്ചു വേവിക്കുക. വെന്തു വരുമ്പോൾ ചീര ചേർത്ത് കൊടുക്കുക. ചീര മുറിക്കാതെ കഴുകി എടുത്ത ഇലകൾ അങ്ങനെ തന്നെ ചേർത്ത് കൊടുക്കുന്നതാണ് നല്ലത്.അടച്ചു വച്ചു 5 മിനിറ്റ് വേവിക്കുക. വെന്തു വരുമ്പോൾ കടകോൽ / മത്ത് ( തൈര് കടയുന്ന ഉപകരണം ) അത് വച്ചു നന്നായി ഉടച്ചെടുക്കുക. കടകോൽ ഇല്ല എങ്കിൽ ഹാൻഡ് ബ്ലെൻഡറിൽ ഇട്ടോ തണുത്ത ശേഷം മിക്സിയിൽ അടിച്ചോ എടുക്കാം.
വേവിച്ചു വച്ച തുവര പരിപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. കടുകും മുളകും കറി വേപ്പിലയും ഉഴുന്ന് പരിപ്പും വറുത്തിടുക. മുകളിൽ കുറച്ചു നെയ്യ് കൂടി തൂവി കൊടുത്താൽ ചീര / കീരയ് മസിയൽ റെഡി. ഈ കറി കുറച്ചു വെള്ളം ചേർത്ത് ലൂസ് ആക്കിയാൽ സൂപ്പ് ആയും ഉപയോഗിക്കാം
English Summary: keerai masiyal weight loss recipe