മധുരക്കിഴങ്ങ് കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാമോ? ബ്രേക്ഫാസ്റ്റിനു സ്നാക്കിനും ഇതുമതി
Mail This Article
മധുരകിഴങ്ങ് പുഴുങ്ങി കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇൗ രുചി കൊണ്ട് പല വെറൈറ്റി വിഭവങ്ങളും തയാറാക്കാവുന്നതാണ്. ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആരോഗ്യത്തിന് അത്യുത്തമമാണ്. സിംപിളായി മധുര കിഴങ്ങ് ബോളി തയാറാക്കാം.
ചേരുവകൾ
•മാവ് തയ്യാറാക്കാൻ
ഗോതമ്പുപൊടി - 200 ഗ്രാം
നെയ്യ് - 2 സ്പൂൺ
ഉപ്പ് - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
•ഫില്ലിങ്ങിന്
മധുരക്കിഴങ്ങ് - 1 മീഡിയം സൈസ്
ശർക്കര - 200 ഗ്രാം
ഉപ്പ് - 1/4 ടീസ്പൂൺ
ഏലക്കായ - 2 എണ്ണം
വെള്ളം - 1/2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഗോതമ്പ് പൊടി, നെയ്യ് ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ബോളിയുടെ മാവ് തയാറായി, ഇനി ഫില്ലിങ് റെഡിയാക്കാം.
മധുരക്കിഴങ്ങ് വൃത്തിയായി കഴുകി അഞ്ചാറു വലിയ കഷണങ്ങൾ ആക്കി കുക്കറിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് 3-4 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. ചൂടാറിയശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇനി ഒരു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ഉടച്ചെടുത്ത മധുരക്കിഴങ്ങ് ചേർത്ത് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക, വരണ്ട പരുവം ആവുമ്പോൾ ഏലക്കായ പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർക്കുക. തീ അണച്ച് ചൂടാറാൻ വയ്ക്കുക. ഫില്ലിംഗ് റെഡിയായി.
ബോളിമാവ് ഉരുട്ടി വയ്ക്കാം, ഓരോന്നായി എടുത്ത് ഒരു പപ്പട വട്ടത്തിന്റെ വലുപ്പത്തിൽ പരത്തി ഫില്ലിംഗ് വച്ച് നന്നായി മാവ് വീണ്ടും ചേർത്തുവച്ച് ഒന്നൂടെ പരത്താം. ഇനി അൽപ്പം നെയ്യ് ഒഴിച്ച് ബോളി ചപ്പാത്തി കല്ലിൽ ചുട്ടെടുക്കാം. രുചികരവും ആരോഗ്യപ്രദവുമായ മധുരക്കിഴങ്ങ് ബോളി സ്നാക്കായും ബ്രേക്ക്ഫാസ്റ്റ് ആയും കഴിക്കാം
English Summary: Sweet Potato Boli