ADVERTISEMENT

ഭക്ഷണം തയാറാക്കുമ്പോൾ സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്നും മാറി പുതിയ രീതികൾ പരീക്ഷിക്കുന്നവരുണ്ട്. ചില പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ വിജയം കാണുന്നവയും ഉണ്ട്. എന്നാൽ കെട്ടിലും മട്ടിലും രുചിയിലുമെല്ലാം യഥാർത്ഥ വിഭവത്തെ വെല്ലുവിളിക്കുന്ന പുതുവിഭവങ്ങളാണ് സോഷ്യൽ ലോകത്തു ഇപ്പോൾ വൈറൽ ആകുന്നത്. പുതിയ രുചിക്കൂട്ടിനെ ചിലർ സ്വാഗതം ചെയ്യുമ്പോൾ അയ്യേ...എന്ന് പറഞ്ഞു മൂക്കത്തു വിരൽ വച്ച് മാറിനിൽക്കുന്നവരെയും രോഷത്തോടെ പ്രതികരിക്കുന്നവരെയുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാണാവുന്നതാണ്. വിചിത്രമായ കോമ്പിനേഷനിൽ എത്തി സോഷ്യൽ ലോകത്തിന്റെ വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്ന പുതുവിഭവമാണ് വാട്ടർ ബർഗർ. സംഭവം നടക്കുന്നത് ഇന്ത്യയിൽ അല്ല എന്നുള്ള ആശ്വാസമുണ്ട് ഇവിടുത്തെ ഭക്ഷണ പ്രേമികൾക്ക്. 

 

ബർഗറിനുള്ളിൽ വയ്ക്കുന്ന പാറ്റീസിലാണ് പരീക്ഷണം. സാധാരണ ഫ്രൈ ചെയ്തോ ഗ്രിൽ ചെയ്തോ ആണല്ലോ ബർഗറിനുള്ളിൽ പാറ്റീസ് വെയ്ക്കുന്നത്. എന്നാൽ ഇവിടെ വെള്ളത്തിലിട്ടു വേവിച്ചാണ് തയാറാക്കുന്നത്. ജോഷ് ആൻഡ് മൊമ്മ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പാറ്റീസ് വെള്ളത്തിലിട്ടു തയാറാക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മറ്റുമാർഗങ്ങളെ അപേക്ഷിച്ചു ആരോഗ്യകരമാണെന്ന് മാത്രമല്ല, കൂടുതൽ ജ്യൂസിയുമായിരിക്കുമെന്നാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ ഉപ്പോ കുരുമുളകോ പോലുള്ള ഒന്നും ചേർക്കാതെ, വെള്ളത്തിലിട്ടു വേവിക്കുമ്പോൾ രുചിയൊട്ടുമുണ്ടാകില്ല എന്നാണ് വിഡിയോയുടെ താഴെയുള്ള കമെന്റുകൾ പറയുന്നത്. 

 

വിഡിയോ കണ്ട എല്ലാവരും തന്നെ ഈ വിചിത്രരീതിയിലുള്ള ഭക്ഷണ രീതിയെ പാടെ വിമർശിക്കുകയാണ്. നേരത്തെയും ഇത്തരത്തിലുള്ള വിഡിയോകൾ ഈ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ളതു കൊണ്ടുതന്നെ ഇത് മറ്റുള്ളവയെ അപേക്ഷിച്ചു മികച്ചതാണെന്നാണ് വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ്. ആളുകൾ പട്ടിണിയിലാണ് ചിലർ ഭക്ഷണം പാഴാക്കുന്നു എന്ന് ചിലരെഴുതിയപ്പോൾ ഞാനൊരു ഷെഫ് ആണ് ഇത് കണ്ടു ഞാൻ മരണപ്പെട്ടു എന്നാണ് മറ്റൊരു കുറിപ്പ്. എന്നാൽ ഈ വാട്ടർ ബർഗർ പരീക്ഷിച്ചുവെന്നും പ്രതീക്ഷിച്ചത്രയും മോശമല്ലെന്നുള്ള കമെന്റും വിഡിയോയുടെ താഴെയുണ്ട്.  

English Summary: Water Burger? Know All About The Internet's Latest Food Sensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com