സദ്യ സൂപ്പറാക്കേണ്ടേ! ആര്‍ക്കും ഉണ്ടാക്കാം ഇൗ കടുമാങ്ങാ അച്ചാർ
Mail This Article
കടുമാങ്ങ ഇല്ലെങ്കിൽ സദ്യ പൂർണമാവില്ല. കടുമാങ്ങ, മാങ്ങ കറി ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന സദ്യ മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും എളുപ്പമാണ്. വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ മാങ്ങ അച്ചാർ തയാറാക്കി എടുക്കാം. നല്ലെണ്ണയിൽ ഉണ്ടാക്കിയാൽ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കും.
ചേരുവകൾ
പച്ചമാങ്ങ - അര കിലോ
ഉപ്പ് - ആവശ്യത്തിന്
കാശ്മീരി മുളകുപൊടി- 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കായപ്പൊടി - കാൽ ടീസ്പൂൺ
ഉലുവപ്പൊടി - കാൽ ടീസ്പൂൺ
എണ്ണ - 3 ടേബിൾ സ്പൂൺ
കടുക് - ഒരു ടീസ്പൂൺ
വറ്റൽ മുളക് - 3
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ
വെള്ളം - അരക്കപ്പ്
തയാറാക്കുന്ന വിധം
മാങ്ങ കഴുകി വൃത്തിയാക്കി തുടച്ച് ചെറിയ കഷണങ്ങളാക്കി അരിയുക. മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല. മാങ്ങ കഷണങ്ങളിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. ഒരു മണിക്കൂർ കൊണ്ട് മാങ്ങാ കഷ്ണങ്ങൾ ഉപ്പുപിടിച്ച് നല്ല സോഫ്റ്റ് ആകും. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ ചൂടോടുകൂടി തന്നെ പുരട്ടി വച്ചിരിക്കുന്ന മാങ്ങ കഷണങ്ങളിലേക്ക് ചേർത്ത് യോജിപ്പിക്കുക. മാങ്ങാ അച്ചാറിന് ഗ്രേവി വേണമെന്നുണ്ടെങ്കിൽ അരക്കപ്പ് വെള്ളം തിളപ്പിച്ച് ഒഴിച്ച് യോജിപ്പിച്ച് എടുക്കാം. ചൂടാറിയശേഷം വായു കടക്കാത്ത പാത്രത്തിൽ ആക്കി അടച്ച് സൂക്ഷിക്കാം.
English Summary: Mango Pickle Recipe