വിനാഗിരി ഒട്ടും ചേർക്കാതെ അടിപൊളി അച്ചാർ ഉണ്ടാക്കാം; ദേ ഇങ്ങനെ!
Mail This Article
ഓണസദ്യ പൊടിപൊടിക്കാൻ അച്ചാറുകളിൽ മാങ്ങയും നാരങ്ങയും ഇഞ്ചിയുമൊക്കെ വേണം. വിനാഗിരി ഒട്ടും ചേർക്കാതെ തന്നെ ഉണ്ടാക്കുന്ന ഈ അച്ചാർ വളരെ രുചികരമാണ്. ഇത്തവണ അങ്ങനയെയൊരു അടിപൊളി അച്ചാര്‍ തയാറാക്കിയാലോ?
ചേരുവകൾ
•പച്ചമാങ്ങ - ഒരു കിലോഗ്രാം
•ഉപ്പ് - ആവശ്യത്തിന്
•കടുക് - ഒരു ടീസ്പൂൺ
•ഉലുവ - കാൽ ടീസ്പൂൺ
•വെളുത്തുള്ളി - ഒരു പിടി
•കറിവേപ്പില - രണ്ടു തണ്ട്
•നല്ലെണ്ണ - നാല് ടേബിൾസ്പൂൺ
•പച്ചമുളക് - നാലെണ്ണം
•ഉണക്കമുളക് - മൂന്നെണ്ണം
•മഞ്ഞൾപൊടി - അര ടീസ്പൂൺ
•കായപ്പൊടി -ഒരു ടീസ്പൂൺ
•വറുത്തു പൊടിച്ച ഉലുവ - മുക്കാൽ ടീസ്പൂൺ
•മുളകുപൊടി - 4 ടേബിൾ സ്പൂൺ
•വെള്ളം - അരക്കപ്പ്
•വറുത്തു പൊടിച്ച കടുക് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
•മാങ്ങ നന്നായി കഴുകിയതിനുശേഷം തുടച്ചെടുക്കുക. ഇത് ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കാം, ഇതിലേക്ക് ഉപ്പ് ചേർത്ത് നന്നായി പുരട്ടി വെച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.
•ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നാല് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കാം. ശേഷം ഉലുവ കൂടി ഇട്ടുകൊടുക്കാം. ഇത് ചെറുതായി മൂത്തു വരുമ്പോൾ ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും, വെളുത്തുള്ളി നടു കീറിയതും, കറിവേപ്പിലയും, ഉണക്കമുളകും കൂടി കൊടുക്കാം.
•നന്നായി വഴന്നു വന്നതിനുശേഷം ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. മഞ്ഞൾപൊടി, കായപ്പൊടി, വറുത്തു പൊടിച്ച ഉലുവ, മുളകുപൊടി ഇത്രയും ഇട്ടുകൊടുത്തതിനുശേഷം ചെറിയ തീയിൽ വഴറ്റി എടുക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ഒഴിച്ചുകൊടുത്തു തിളയ്ക്കുമ്പോൾ നേരത്തെ പുരട്ടിവെച്ച മാങ്ങ ഇട്ടു കൊടുക്കാം. ചെറിയ തീയിൽ എല്ലാം കൂടി ഇളക്കി കൊടുക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കാം. വറുത്തു പൊടിച്ച കടുകും കൂടെ ചേർത്തുകൊടുത്തതിനുശേഷം തീ ഓഫ് ചെയ്യാം.
•വെള്ളമയം തീരെ ഇല്ലാത്ത പാത്രങ്ങൾ വേണം ഇതു ഉണ്ടാക്കാൻ എടുക്കാൻ.
തണുക്കുമ്പോൾ ഇത് ഗ്ലാസ് ബോട്ടിൽ ആക്കി സൂക്ഷിച്ചുവയ്ക്കാം.
English Summary: easy mango pickle recipe