പഴുത്ത മാമ്പഴം കിട്ടിയാൽ തൈര് ചേർത്ത് രസികൻ പുളിശ്ശേരി തയാറാക്കാം. കുട്ടികളടക്കം മുതിർന്നവർക്കും ഈ രുചി ഇഷ്ടപ്പെടും. ഇൗ സ്പെഷൽ രുചിക്കൂട്ട് എങ്ങനെയാണ് തയാറാക്കേണ്ടതെന്ന് അറിയാം.
ചേരുവകൾ
മാമ്പഴം - 1 കപ്പ്
ഇഞ്ചി - 1 ടീസ്പൂണ്
വെളുത്തുള്ളി - 1 ടീസ്പൂണ്
കറിവേപ്പില
പച്ചമുളക് - 2 എണ്ണം
വറ്റൽ മുളക്- 2 എണ്ണം
വെളിച്ചെണ്ണ - 1 ടീസ്പൂണ്
കടുക്- 1/2 ടീസ്പൂണ്
ഉലുവ പൊടി - 1/8 ടീസ്പൂണ്
കായപ്പൊടി - 1/8 ടീസ്പൂണ്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1/4 ടീസ്പൂണ്
തൈര് - 1 കപ്പ്
വെള്ളം - 1/2 കപ്പ് + 1/2 കപ്പ്
പഞ്ചസാര - 1 ടേബിൾസ്പൂൺ
ഉപ്പ്
കട്ടിതൈര് 1/2 കപ്പ് വെള്ളം ചേർത്ത് കട്ട ഇല്ലാതെ ഉടച്ചെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞെടുക്കണം. ഒരു മണ്‍ പാത്രം ചൂടാക്കി വെളിച്ചെണ്ണ ചേര്‍ക്കുക. കടുക് ചേർത്ത് പൊട്ടിയതിന് ശേഷം തീ താഴ്ത്തുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേര് ത്ത് മൂപ്പിക്കുക. അതിലേക്ക് ഉലുവ പൊടിയും കായം പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക. നന്നായി യോജിപ്പിക്കണം. ഇനി അരിഞ്ഞ മാമ്പഴം, ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേർക്കണം. മാമ്പഴം വേവുന്നതുവരെ ഇടത്തരം തീയിൽ പാചകം ചെയ്യുക.
തൈര് ചേർത്ത് തൈര് ചൂടാകുന്നത് വരെ നന്നായി ഇളക്കുക. തൈര് തിളപ്പിക്കരുത്. അവസാനം പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. തൈര് പിരിഞ്ഞു പോകാതിരിക്കാൻ കറി സാധാരണ താപനിലയിൽ എത്തുന്നതുവരെ ഇളക്കുക. രുചികരമായ മാമ്പഴ മോരു കറി തയാർ.
English Summary: Mambazha Pulissery Recipe