സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്. പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയാണ്. അതിൽ നിന്നും വ്യത്യസ്തമായി കാരമൽ സേമിയ പായസം തയാറാക്കിയാലോ? ഇങ്ങനെ ഇളക്കി കഷ്ടപ്പെടാതെ കുക്കറിലും ഈ മധുരമൂറും പായസം തയാറാക്കാം. ഇതെങ്ങനെ തയാറാക്കുമെന്നു നോക്കാം.
ചേരുവകൾ
•നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
•സേമിയ - 100 ഗ്രാം
•അണ്ടിപ്പരിപ്പ് -രണ്ട് ടേബിൾ സ്പൂൺ
•ഉണക്കമുന്തിരി -രണ്ട് ടേബിൾ സ്പൂൺ
•നേന്ത്രപ്പഴം - ഒന്ന്
•പഞ്ചസാര - ഒന്നര കപ്പ്
•പാൽ - ഒരു ലിറ്റർ
•ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
•ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചതിനുശേഷം സേമിയ ചെറുതായി വറുത്തെടുക്കുക. ഇത് വറുത്ത് മാറ്റിയതിനുശേഷം അതേ പാനിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ കൂടെ നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അണ്ടിപ്പരിപ്പ് ചെറുതായി വറുത്തെടുക്കാം, കൂടെത്തന്നെ ഉണക്കമുന്തിരിയും, നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും കൂടി ഇട്ടുകൊടുത്ത് ചെറുതായി വഴറ്റിയെടുക്കുക. ഏതാണ്ട് പാകമായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇതിന് മുകളിൽ വിതറി കൊടുക്കാം.ഇതു മാറ്റി വച്ചതിനുശേഷം നമ്മൾക്ക് ഇനി ഒരു കുക്കർ അടുപ്പത്തേക്ക് വയ്ക്കാം.
•അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ഇട്ടു കൊടുത്തതിനു ശേഷം ചെറിയ തീയിൽ വയ്ക്കാം. പഞ്ചസാര ചെറുതായി കാരമലൈസ് ആയി വരുമ്പോൾ അത് ഇളക്കി കൊടുക്കാം കരിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര മുഴുവൻ കാരമലൈസ് ആയി കഴിഞ്ഞാൽ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് ഒരു ലിറ്റർ പാല് കൂടി ഒഴിച്ച് കട്ടയില്ലാതെ ഇളക്കിയെടുക്കാം. കുറച്ചുനേരത്തിനുള്ളിൽ ഇതിലെ കട്ടകൾ എല്ലാം മാറിക്കിട്ടും.
•പാല് നന്നായി തിളച്ചു വരുമ്പോൾ നേരത്തെ വറുത്തുവച്ച സേമിയ കൂടി ഇട്ടു കൊടുക്കാം. ശേഷം കുക്കർ അടച്ച് ഏറ്റവും ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചെടുക്കാം.
•കുക്കർ തുറന്നതിനു ശേഷം നമ്മൾ നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നേന്ത്രപ്പഴവും എല്ലാം ഇട്ടു കൊടുക്കാം. സ്വാദിഷ്ടമായ കാരമൽ പായസം റെഡിയായി. ഈ രീതിയിൽ തയ്യാറാക്കുന്ന കാരമൽ പായസത്തിന് പ്രത്യേക രുചി തന്നെയാണ്.
English Summary: Caramel ayasam Recipe