ചോറ് കൊണ്ട് നാലുമണി പലഹാരമോ? എണ്ണ അധികം വേണ്ട

Mail This Article
ചോറ് ബാക്കി വന്നാൽ കുറഞ്ഞ ചേരുവയിൽ എണ്ണ അധികം ഇല്ലാത്ത നാലുമണി പലഹാരം തയാറാക്കാം. നമ്മുടെ വീടുകളിൽ പലപ്പോഴും ബാക്കി വരാറുള്ള ഒന്നാണ് ചോറ്. ഇത് വച്ച് നല്ലൊരു നാലുമണി പലഹാരം എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•ചോറ് - 2 കപ്പ്
•കടലമാവ് - 1 കപ്പ്
•ഉരുളക്കിഴങ്ങ് - ഒന്ന്
•സവാള - രണ്ടെണ്ണം
•കാബേജ് - ഒരു ചെറിയ കഷണം
•മല്ലിയില - ഒരുപിടി
•കറിവേപ്പില - ഒരു തണ്ട്
•പച്ചമുളക് - മൂന്നെണ്ണം
•മഞ്ഞൾപൊടി - അര ടീസ്പൂൺ
•കുരുമുളകുപൊടി - അര ടീസ്പൂൺ
•ഗരം മസാല - അര ടീസ്പൂൺ
•കശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതിനുശേഷം കുറച്ചു വെള്ളത്തിലേക്ക് ഇട്ടുവയ്ക്കാം.
•സവാളയും, കാബേജും,മല്ലിയിലയും, കറിവേപ്പിലയും, പച്ചമുളകും, ചെറുതാക്കി അരിഞ്ഞെടുക്കുക. ശേഷം ഒരു വലിയ പാത്രം എടുത്ത് അതിനകത്തേക്ക് ബാക്കി വന്ന ചോറും നമ്മൾ അരിഞ്ഞുവച്ച പച്ചക്കറികളും മസാല പൊടികളും ഇട്ടുകൊടുക്കാം. ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് വച്ചത് പിഴിഞ്ഞതിനുശേഷം അതും കൂടി ഇട്ടുകൊടുത്ത് എല്ലാം കൂടെ നന്നായി കുഴച്ചെടുക്കുക.
•ശേഷം ആവശ്യാനുസണം കടലമാവ് ചേർത്ത് ചപ്പാത്തി മാവിനെക്കാളും ലൂസ് ആയ പാകത്തിൽ കുഴച്ചെടുക്കുക.
•കൈവെള്ളയിൽ എണ്ണ തടവി നമ്മൾ തയ്യാറാക്കി വെച്ച മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ഉരുളകളാക്കി പരത്തി ചൂടായ എണ്ണയിൽ ക്രിസ്പി ആകുന്നവരെ വറുത്തു കോരാം.
English Summary: Easy snack recipes with leftover rice.