ADVERTISEMENT

ഫുൾ ജാർ സോഡയുടെ ആരാധകർക്കു വെല്ലുവിളിയുയർത്തി ‘കറക്കി ചായ’ എത്തിയിരിക്കുകയാണ്. കറക്കി ചായ ഇതിലെയൊക്കെ കറങ്ങി നടന്നിരുന്ന കക്ഷിയാണെങ്കിലും ഫുൾ ജാർ  തരംഗം ഒന്നടങ്ങിയപ്പോൾ ദാ വീണ്ടും തരംഗമാകുന്നു. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതലാളുകൾ കുടിക്കുന്ന പാനീയമാണ് ചായ. ഇഞ്ചിച്ചായ, മസാലച്ചായ, സുലൈമാനി, നാരങ്ങാച്ചായ, ഏലക്കാച്ചായ അങ്ങനെ ചായയുടെ രുചിവൈവിധ്യങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.

നമ്മുടെ നാട്ടിൽത്തന്നെ അടുത്തിടയ്ക്ക് തന്തൂർ ചായ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മസാലച്ചായയാണു തന്തൂർ ചായയാക്കി നൽകുന്നത്. തന്തൂർ അടുപ്പിലിട്ടു പൊള്ളിച്ച മണ്‍കപ്പുകളിലേക്കു പകരുന്ന തന്തൂർ ചായയ്ക്ക് ആരാധകർ ഏറെയായിരുന്നു.

കറക്കി ചായ തയാറാക്കുന്ന രീതിയാണ് അതിന്റെ പ്രത്യേകത, രുചി പഴയകാല സമോവർ ചായയുടേതു തന്നെ. കറക്കി ചായ റെഡിയാക്കാൻ വെള്ളം ചേർക്കാതെ തിളപ്പിച്ചെടുത്ത പാൽ നന്നായി അടിച്ചു പതപ്പിച്ചെടുക്കും.

3 ഗ്ലാസ് കറക്കി ചായ തയാറാക്കാൻ

  • വെള്ളം – 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
  • പാൽ –  2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
  • തേയിലപ്പൊടി – 6 ടീസ്പൂൺ
  • പഞ്ചസാര – 6 ടീസ്പൂൺ
  • ഏലക്കാ – 2
  • ഗ്രാമ്പു – 3

തയാറാക്കുന്ന വിധം

∙ ഒരു പാനിൽ വെള്ളവും മറ്റൊരു പാനിൽ പാലും തിളപ്പിക്കുക.

∙ വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് തേയിലപ്പൊടിയും പഞ്ചസാരയും ഏലയ്ക്കയും ഗ്രാമ്പുവും ചേർത്ത് അരിച്ചെടുക്കണം. 

∙ തിളച്ച പാൽ നന്നായി ആറ്റിയെടുത്തു പതപ്പിക്കണം.

∙ ഗ്ലാസിലേക്ക് മുക്കാൽ ഭാഗം ചായക്കൂട്ട് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൂൺ ഉപയോഗിച്ച് പതപ്പിച്ചു വച്ചിരിക്കുന്ന പാൽപത അൽപാൽപം ചേർക്കാം. ഇത് കൈയിലെടുത്ത് കറക്കിയെടുക്കുന്നതിലാണ് ഇതിന്റെ ബ്യൂട്ടി. ഇനി ഇങ്ങനെ കറക്കാൻ സാധിക്കാത്തവർക്ക് ഒരു അലുമിനിയം ഫോയിൽ കൊണ്ട് നന്നായി ഗ്ലാസ് മൂടിപ്പിടിച്ച് കറക്കിയെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com