ADVERTISEMENT

മഴക്കെടുതികൾ അകന്നു...അതിജീവനത്തിന്റെ മറ്റൊരു ഓണക്കാലം കൂടി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം...രണ്ട് പായസം ഉൾപ്പെടെ 24 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ...

1) ഏത്തയ്ക്ക ഉപ്പേരി

ഏത്തയ്ക്ക – 1 കിലോ
വെളിച്ചെണ്ണ – അര കിലോ
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക.

2) ശർക്കര വരട്ടി

  • ഏത്തയ്ക്ക – 1 കിലോ
  • ശർക്കര – 1 കിലോ
  • നെയ്യ് – 20 ഗ്രാം
  • ചുക്ക് – 20 ഗ്രാം
  • കുരുമുളക് പൊടി –20 ഗ്രാം
  • എണ്ണ – അര കിലോ
  • ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം.
  • ജീരകം – 20 ഗ്രാം

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക.

1 കിലോ ശർക്കരയിൽ അര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് എടുക്കുക. ശർക്കര പാനി വറ്റിക്കഴിയുമ്പോൾ ഇറക്കി വച്ച് അൽപം നെയ്യ് തൂവിയതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് ഇളക്കണം. നന്നായി ഇളക്കിയതിനു ശേഷം വറുത്ത കായ് ഇട്ട് ഇളക്കി കോരി എടുക്കുക.

ഏത്തയ്ക്ക ഉപ്പേരിയുടേയും ശർക്കര വരട്ടിയുടേയും പാചകക്കുറിപ്പ്: സിബി ജോസഫ്, മാമിച്ചേടത്തീസ് ഫുഡ് പ്രോഡക്ട്, പുത്തനങ്ങാടി.

3) ഇഞ്ചിക്കറി

1 ഇഞ്ചി - 250 ഗ്രാം
2 ചെറിയ ഉള്ളികൊത്തി അരിഞ്ഞത് - അര കപ്പ്
3 പുളി - 10 ഗ്രാം
4 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 4 എണ്ണം
5 മുളകുപൊടി -മൂന്ന് ടീ സ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
കായപ്പെടി, ഉലുവാപ്പൊടി, മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ വീതം
6 ഉപ്പ് - ആവശ്യത്തിന്
7 ശർക്കര - ഒരു ചെറിയ കഷണം

പാകം ചെയ്യുന്ന വിധം

ഇഞ്ചി കഴുകി വൃത്തിയാക്കി പൊടിയായി കൊത്തിയരിയുക. പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ബ്രൗൺ നിറമാകുന്നവരെ മൂപ്പിക്കുക. തീ കുറച്ചു വച്ച ശേഷം അതിലേക്ക് 5-ാമത്തെ ചേരുവകൾ ചേർത്തിളക്കുക. പുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും, ശർക്കരയും വെള്ളവും ചേർത്ത് തിളപ്പിക്കുക കുറുകി വരുമ്പോൾ കടുക് താളിച്ച് ഒഴിച്ച് വാങ്ങുക.

പാചകക്കുറിപ്പ്: രഞ്ജിനി രാജേഷ്, കൊമ്പാറ വീട്, ആനിക്കാട് ഇൗസ്റ്റ്.

4) മാങ്ങാ അച്ചാർ

നല്ല നാടൻ മാങ്ങ – 1 കിലോ
നല്ലെണ്ണ – 250 ഗ്രാം
കടുക് – 3 ടീസ്പൂൺ
കറിവേപ്പില – 5 ഇതൾ
വറ്റൽ മുളക് പൊടി– 200 ഗ്രാം
മഞ്ഞൾപ്പൊടി – 4 ടീസ്പൂൺ
ഉലുവാപ്പൊടി – 1 സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
കായം – ഒരു ചെറിയ ടിൻ

പാകം ചെയ്യുന്ന വിധം

മാങ്ങാ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. അതിലേക്ക് മുളക് പൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. പിന്നീട് ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് അൽപം കടുക് ഇട്ട് പൊട്ടി കഴിഞ്ഞയുടൻ വറ്റൽമുളക് കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക.

അതിനു ശേഷം നന്നായി തിരുമ്മിയ മാങ്ങാ ചീനചട്ടിയിലേക്ക് ഇട്ട് ഇളക്കി പാകത്തിന് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. (വാങ്ങി വച്ച് ചൂടാറിയതിനു ശേഷം അടപ്പിട്ട് അടയ്ക്കാവൂ.)

പാചകക്കുറിപ്പ്: ബാലഗോപാൽ, പുതുപ്പള്ളി.

saji
ചിത്രത്തിനു വേണ്ടി പാചകക്കുറിപ്പുകൾ തയാറാക്കിയത് : സജി മഞ്ചേരിക്കളം, അലൻ കേറ്ററിങ്, മലകുന്നം, ഇത്തിത്താനം

5) കറി നാരങ്ങ അച്ചാർ

കറി നാരങ്ങ - 1
ചെറുതായി അരിഞ്ഞ ഇഞ്ചി - 250 ഗ്രാം
പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 250 ഗ്രാം
ചെറുതായി അരിഞ്ഞ വെളുത്തുള്ളി - 250 ഗ്രാം
വെളിച്ചെണ്ണ - 1 കിലോ
കടുക് - 1 സ്പൂൺ
ഉലുവ - 1 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 50 ഗ്രാം
കുരുമുളക് പൊടി 1/4 സ്പൂൺ
കറിവേപ്പില

പാകം ചെയ്യുന്ന വിധം

ആവിയിൽ വേവിച്ച നാരങ്ങ തീരെ ചെറിയ കഷണങ്ങൾ ആയി അരിഞ്ഞതിൽ മഞ്ഞൾപ്പൊടി, ഉപ്പു പൊടി, കായപ്പൊടി, ഉലുവയും കടുകും വറുത്തു പൊടിച്ചതും കൂട്ടി ഇളക്കി 15 മിനിറ്റ് വയ്ക്കണം.

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടുമ്പോൾ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ പുരട്ടി വച്ച നാരങ്ങ ഇതിലേക്ക് ചേർത്ത് ഇളക്കുക. അടുപ്പിൽ നിന്ന് വാങ്ങിയതിനു ശേഷം ആവശ്യത്തിന് വിനാഗിരി ചേർത്ത് ഇളക്കി വയ്ക്കുക.

പാചകക്കുറിപ്പ്: സജി ജോസഫ്, തുരുത്തി

6) പാവയ്ക്ക കിച്ചടി

പാവയ്ക്ക – 250 ഗ്രാം (ചെറുതായി അരിഞ്ഞത്)
തൈര് – ഒരു കപ്പ്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
കടുക്– 1 ടേബിൾ സ്പൂൺ (ചതച്ചത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
കറിവേപ്പില
ഉണക്കമുളക്

പാകം ചെയ്യുന്ന വിധം

പാവയ്ക്കയും പച്ചമുളകും ചെറുതായി അരിഞ്ഞത് വെളിച്ചെണ്ണയിൽ വറുക്കുക. ഏകദേശം ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുത്ത് അതിലേക്ക് കടുക് ചതച്ചത് ചേർത്തു വെയ്ക്കുക. ഈ കൂട്ട് വറുത്ത പാവയ്ക്കയിലേക്ക് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ചൂടാറിയ ശേഷം തൈര് ചേർത്ത് കടുകും തളിച്ച് ഇടുക (പിന്നീട് തിളപ്പിക്കരുത്).

പാചകക്കുറിപ്പ്: ലത ബി. നായർ, പനമറ്റം, പൊൻകുന്നം.

7) പച്ചടി

വെള്ളരിക്ക – 1 കിലോ
സവോള – 250 ഗ്രാം
പച്ചമുളക് – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
തേങ്ങ – രണ്ട് എണ്ണം
കടുക് – 25 ഗ്രാം
കശുവണ്ടി പൊടി – 100 ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
ഉലുവ – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – 1 പിടി
തൈര് – ഒന്നര ലിറ്റർ

∙ വെള്ളരിക്ക പൊടിയായി അരിയുക.

∙ കശുവണ്ടിപ്പൊടി ചൂട് വെള്ളത്തിൽ ഇട്ട് അടച്ച് വയ്ക്കുക.

∙. തേങ്ങ കടുക് ചേർത്ത് അരച്ച് വെയ്ക്കുക.

∙. ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞ് വയ്ക്കുക.

പാകം ചെയ്യുന്ന വിധം

ഒരു ചെറിയ ഉരുളി അടുപ്പത്ത് വച്ച്, അത് ചൂടായി കഴിയുമ്പോൾ അൽപം വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേയ്ക്ക് അരിഞ്ഞു വച്ച ഇഞ്ചി, സവോള, പച്ചമുളക് എന്നിവ ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ അൽപം കറിവേപ്പില ഇട്ട് ഇളക്കുക. അതിലേയ്ക്ക് അരിഞ്ഞു വെച്ച വെള്ളരിക്ക ഇട്ട് അൽപം വെള്ളവും കൂടി ചേർത്ത് വേവിക്കുക. വെന്ത ശേഷം അരച്ചു വച്ച കശുവണ്ടി പൊടി, തേങ്ങാ മിശ്രിതം ചേർത്ത് ഒന്നൂടെ വേവിക്കുക. അതിലേയ്ക്ക് തൈര് ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്തതിന് ശേഷം അത് തിളയ്ക്കുവാൻ പാടില്ല. ചെറുതായി ചൂടായാൽ മതി. അതിനു ശേഷം അത് അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. പിന്നീട് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവായും കറിവേപ്പിലയും വറ്റൽമുളകും ഇട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിയ്ക്കുക.

പാചകക്കുറിപ്പ്: നോബി സ്കറിയ, പ്ലാക്കിത്തൊട്ടിൽ, അന്നപൂർണ ഹോട്ടൽ, തെള്ളകം.

8) പഴം മധുര കറി

പാളേൻതോടൻ പഴം - 250 ഗ്രാം
ശർക്കര - 100 ഗ്രാം
പച്ച മുന്തിരി – 100 ഗ്രാം
കടുക് - 1ടേബിൾ സ്പൂൺ
നെയ് - 50 ഗ്രാം
കറിവേപ്പില - 3 തണ്ട്

പാകം ചെയ്യുന്ന വിധം

തയ്യാർ ആക്കുന്നത്. പഴം നെയ് ഒഴിച്ച് വേവിക്കുക, ശർക്കര പാനി ആക്കുക, ഉരുളി ചൂട് ആകുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിക്കുക, അതിൽ കടുക്, കറിവേപ്പില ഇടുക അതിൽ വേവിച്ച പഴം ഇടുക ചൂട് ആകുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കുക,. കുറുകി വരുമ്പോൾ പച്ച മുന്തിരി ഇട്ട് വാങ്ങുക.

പാചകക്കുറിപ്പ്: വൽസമ്മ ജോസഫ്, മണിവേലിൽ, തുരുത്തി.

9) ചേന– കായ മെഴുക്കുപുരട്ടി

ചേന – 250 ഗ്രാം
ഏത്തയ്ക്ക – 250 ഗ്രാം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടീസ്പൂൺ
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേനയും കായും സമചതുര കഷണങ്ങളായി അരിഞ്ഞ് വേവിയ്ക്കുക. തിളച്ചതിനു ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. നന്നായി വെന്തുവെന്നാൽ വെളിച്ചെണ്ണ ഒഴിച്ച് വറ്റിച്ചെടുക്കുക.

പാചകക്കുറിപ്പ്: സി.വി ആര്യാദേവി, ചൂരക്കാട്ട് ഇല്ലം, കുമാരനല്ലൂർ

 

10) ചേനത്തണ്ട് ചെറുപയർ തോരൻ

ചേനതണ്ട് – 1
ചെറുപയർ – 100 ഗ്രാം
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരുടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത്– അര തേങ്ങ
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – 50 മില്ലി
കടുക് – 1 ടീസ്പൂൺ
അരി – ഒരു ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉണക്കമുളക് – 3 എണ്ണം

∙ചേനത്തണ്ട് തൊലി കളഞ്ഞ് ചെറുതായി കൊത്തിയരിയുക. ∙ഇത് കൈ കൊണ്ട് നന്നായി പിഴിഞ്ഞെടുക്കുക. ∙തേങ്ങ പച്ചമുളകു ചേർത്ത് ചതച്ചു വെയ്ക്കുക. ∙ചേനത്തണ്ടിന് കടുകുപൊട്ടിക്കുമ്പോൾ അരിയാണ് ഉപയോഗിക്കുന്നത്.

പാകം ചെയ്യുന്ന വിധം

ചെറുപയർ വേവിച്ച് എടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, മുളക്, അരി ഇവയിട്ടു താളിയ്ക്കുക. ഇതിലേയ്ക്ക് പിഴിഞ്ഞു വച്ച ചേനത്തണ്ടും വേവിച്ച പയറും ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി ഇവ ചേർത്ത് നന്നായി ഇളക്കുക. ഇത് തട്ടിപ്പൊത്തി ചെറുതീയിൽ അടച്ച് വച്ചു 5 മിനിറ്റ് വേവിയ്ക്കുക. ഇതിനു ശേഷം തേങ്ങ ചതച്ചത് ചേർത്ത് ഇളക്കി വാങ്ങാം.

പാചകക്കുറിപ്പ്: വിജയശ്രീ വാസൻ, ആര്യാസ് ഫുഡ്സ്, കുമാരനല്ലൂർ

 

11) എരിശേരി

തിരുവോണസദ്യ ഒരുക്കാൻ എരിശേരി നിർബന്ധം. എരിശേരിയിൽ വറുത്ത തേങ്ങ ചേർക്കുമ്പോൾ ഉയരുന്ന ഗന്ധം ആസ്വദിച്ചു മഹാബലി എത്തുമെന്ന് പഴമൊഴി.

ചേന – 300 ഗ്രാം
മത്തങ്ങ – 500 ഗ്രാം
മഞ്ഞൾപ്പൊടി – ഒരു ടേബിൾ  സ്പൂൺ
മുളക് പൊടി –ഒരു സ്പൂൺ.
കുരുമുളക് പൊടി– 25 ഗ്രാം
വെളിച്ചെണ്ണ –100 ഗ്രാം
ഉപ്പ് –പാകത്തിന്
തേങ്ങ – 3 മുറി (ഒന്നര തേങ്ങ, ചുരണ്ടിയത്).
ജീരകം –ഒരു ചെറിയ സ്പൂൺ
കറിവേപ്പില –ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
ചേനയും മത്തങ്ങയും ചെറിയ കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും മുളകു പൊടിയും കുരുമുളകു പൊടിയും ചേർത്ത് നന്നായി വേവിക്കുക. ഒരു തേങ്ങ ചുരണ്ടി മാറ്റി വയ്ക്കുക. ചേനയും മത്തങ്ങയും നന്നായി വെന്തതിനു ശേഷം  ഒരു മുറി തേങ്ങ ചുരണ്ടിയതും ജീരകവും ചേർത്ത് അരച്ചത് വേവിച്ച കൂട്ടിൽ ചേർത്ത് ഇളക്കണം. വെള്ളം വറ്റി കുറുകിയതിനു ശേഷം അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. മാറ്റി വയ്ച്ച തേങ്ങ ചുരണ്ടിയത് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് ചൂടോടെ കറിയിൽ ചേർത്ത് ഇളക്കുക. കറിവേപ്പിലയും കടുകു വറുത്തതും അൽപം വെളിച്ചെണ്ണയും കൂടി ചേർത്താൽ ഏരിശേരി തയ്യാർ.

പാചകക്കുറിപ്പ്: ടി.എൻ ശ്രീദേവി അന്തർജനം, കാഞ്ഞിരക്കാട് കമലാലയം, മണ്ണയ്ക്കനാട്.

12 ഉള്ളിത്തീയൽ

ഉള്ളി - 250 ഗ്രാം
പച്ചമുളക് - 3 എണ്ണം
മുളകുപൊടി - 1 ടീ സ്പൂൺ
ജീരകം - 1 ടീ സ്പൂൺ
വെളിച്ചെണ്ണ - 200 ഗ്രാം
തേങ്ങ - 1 എണ്ണം
വാളൻപുളി -50 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
വറ്റൽ മുളക് - 3 എണ്ണം.
കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉള്ളിയും പച്ചമുളകും മുറിച്ചു വയ്ക്കണം. തേങ്ങ ചുരണ്ടി വറുക്കുക. അത് പകുതി മൂപ്പാകുമ്പോൾ പെരും ജീരകവും, മുളക് പൊടിയും ചേർത്ത് ഇളക്കുക. തേങ്ങ ഡാർക്ക്‌ ബ്രൗൺ നിറം ആകുമ്പോൾ വാങ്ങുക. ഇത്  മിക്സിയിൽ അരച്ച് എടുക്കുക. ഉരുളിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക് എന്നിവ ഇട്ട് അരിഞ്ഞു വച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക. ഇതിലേക്ക് അരപ്പു ചേർത്ത്  ആവശ്യത്തിനു ഉപ്പും വാളൻപുളിയും  ചേർത്ത് ഇളക്കി വാങ്ങുക.

പാചകക്കുറിപ്പ്: ലീന ജോജി, പായ്ക്കാട്ട്, വടക്കേക്കര

13) അവിയൽ

പടവലങ്ങ – 200 ഗ്രാം
വെള്ളരി – 200 ഗ്രാം
ചേന – 200 ഗ്രാം
പച്ച ഏത്തക്ക – 2 എണ്ണം
കോവയ്ക്ക – 150 ഗ്രാം
പച്ചത്തക്കാളി – 100 ഗ്രാം
പച്ചപ്പയർ – 200 ഗ്രാം
മുരിങ്ങിക്ക – 3 എണ്ണം
ക്യാരറ്റ് – 200 ഗ്രാം
വെളിച്ചെണ്ണ – 250 ഗ്രാം
തേങ്ങ – 2 എണ്ണം
പച്ചമുളക് – 150 ഗ്രാം
ജീരകം – 50 ഗ്രാം
മഞ്ഞൾപ്പൊടി
തൈര് – കാൽ ലീറ്റർ
കറിവേപ്പില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙അവിയല് കൂട്ടം അരിഞ്ഞ് എടുക്കുക.

∙ഉരുളിയിൽ അരിഞ്ഞ കൂട്ടവും പച്ചമുളകും അൽപം ജീരകവും പാകത്തിന് വെള്ളവും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് അടുപ്പത്ത് വച്ച് മൂടുക.

∙പച്ചക്കറികൾ 80 ശതമാനം വെന്തു കഴിയുമ്പോൾ തേങ്ങാചുരണ്ടിയതും കറിവേപ്പിലയും മഞ്ഞൾപൊടിയും ജീരകവും കൈയ്ക്ക് നന്നായി തിരുമ്മി എടുക്കുക.

∙ഇത് പച്ചക്കറിയുടെ മുകളിൽ ഇട്ട് ആവിക്ക് വച്ച് അരപ്പ് വേവിക്കുക.

∙ചുവന്നുള്ളി ഇടിച്ച് വെളിച്ചെണ്ണയിൽ തിരുമ്മി അരപ്പിനു മുകളിൽ ഒഴിക്കുക.

∙അടപ്പ് മാറ്റി അവിയൽ ഇളക്കുക.

∙പുളി കുറവെന്ന് തോന്നുകയാണെങ്കിൽ അൽപം തൈര് ചേർക്കുക.

∙പാകത്തിന് ഉപ്പ് ഉണ്ടോന്ന് നോക്കുക.

∙അവിയൽ തയാർ..

പാചകക്കുറിപ്പ്: വിനോദ് സെബാസ്റ്റ്യൻ, പാരിസ് ഹോട്ടൽ, മണിമല

14) ഓലൻ

 

  • വൻ പയർ
  • കുമ്പളങ്ങ
  • മത്തങ്ങ
  • പയർ
  • ചേമ്പ്

പാകം ചെയ്യുന്ന വിധം

വൻപയർ നന്നായി വേവിക്കുക

കമ്പളങ്ങയും മത്തങ്ങയും ചതുരത്തിലും ചേമ്പ് വട്ടത്തിലും പയർ നീളത്തിലും അരിഞ്ഞ് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. രണ്ടു പച്ചമുളക് കീറി ഇടണം. നന്നായി വേകുമ്പോൾ വൻ പയർ ചേർക്കുക. കുറുകി വരുമ്പോൾ പകുതി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് വാങ്ങി വയ്ക്കുക.

പാചകക്കുറിപ്പ്: ലക്ഷ്മി രമേഷ്, കോട്ടയം

15) കുറുക്കുകാളൻ

  • കട്ടത്തൈര് – 2 ലീറ്റർ (കുറച്ചു പുളിയുള്ളത്)
  • തേങ്ങ – 1 എണ്ണം
  • പച്ചമുളക് – 10 എണ്ണം (നടുകെ കീറിയത്)
  • ജീരകം – 1 സ്പൂൺ
  • ഉലുവ – 2 സ്പൂൺ
  • മഞ്ഞൾപൊടി – 1 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കടുക് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തൈര് നന്നായി ഉടച്ചെടുക്കുക. തേങ്ങയും ജീരകവും വെണ്ണപ്പരുവത്തിൽ അരച്ചെടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുകു പൊട്ടിക്കഴിയുമ്പോൾ ഉലുവ ഇട്ടു ഇളക്കുക. സ്വർണ നിറമാകുമ്പോൾ 5 വറ്റൽ മുളക് മൂന്നായി മുറിച്ച് ഇടുക. ഒന്ന് ഇളക്കിക്കഴിഞ്ഞ് പച്ചമുളക് ഇട്ട് നന്നായി ഇളക്കുക. പിന്നീട് തേങ്ങയും ജീരകവും അരച്ചത് ഇടുക. മഞ്ഞൾപൊടിയും ചേർക്കുക. തിളപ്പിച്ചാറിയ 1 കപ്പ് വെള്ളം ചേർക്കുക. ചെറുതീയിൽ പച്ചമുളക് വെന്തുതുടങ്ങുമ്പോൾ കറിവേപ്പില ഇടുക. തൈര് ചേർത്ത് നിർത്താതെ നന്നായി ഇളക്കുക. തൈരിലെ വെള്ളം വറ്റുന്നതുവരെ ഇളക്കണം. നന്നായി കുറുകിക്കഴിയുമ്പോൾ വാങ്ങി വയ്ക്കുക. ചൂടാറിക്കഴിഞ്ഞ് ആവശ്യത്തിന് ഉപ്പു ചേർക്കുക. (നന്നായി പഴുത്ത ഏത്തപ്പഴം ശർക്കര വരട്ടിക്ക് അരിയുന്നതുപോലെ അരിഞ്ഞ് പച്ചമുളകിന്റെ കൂടെയിട്ടു വേവിച്ചാൽ ചെറു മധുരം ലഭിക്കും.

പാചകക്കുറിപ്പ്: ലീലാമണി, ഇരവിനല്ലൂർ.

16) സാമ്പാർ

  • തുവരപരിപ്പ് – കാൽ കിലോ
  • വെണ്ടയ്ക്ക – 4 എണ്ണം
  • മുരിങ്ങയ്ക്ക – 1
  • തക്കാളി – 3 എണ്ണം
  • കിഴങ്ങ് – 3 എണ്ണം
  • കത്രിക്ക – 2 എണ്ണം
  • മത്തങ്ങ – ഒരു കഷണം (100 ഗ്രാം)
  • കുമ്പളങ്ങ – ഒരു കഷണം (100 ഗ്രാം)
  • ചേമ്പിൻ വിത്ത് – 2 എണ്ണം
  • പടവലങ്ങ – ഒരു കഷണം (100 ഗ്രാം)
  • ചെറിയ ഉള്ളി – ഒരു കപ്പ്
  • പച്ചമുളക് – 3 എണ്ണം
  • വറ്റൽ മുളക് – 4 എണ്ണം
  • കൊത്തമല്ലി – ചെറിയ ഒരു പിടി
  • ഉലുവ – അര ടീസ്പൂൺ
  • മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ
  • കായപ്പൊടി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – രണ്ട് ടേബി‍ൾ സ്പൂൺ
  • കടുക് – അര ടീസ്പൂൺ
  • കറിവേപ്പില – അര കപ്പ്
  • വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ

പാകം ചെയ്യുന്ന വിധം

പരിപ്പു കഴുകി അതിൽ ചെറിയ ഉള്ളി തൊലി കളഞ്ഞതും പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിക്കുക. (വെള്ളം വറ്റി അടിക്കു പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം) തക്കാളി, മുരിങ്ങയ്ക്ക, കിഴങ്ങ്, കത്രിക്ക, കുമ്പളങ്ങ ചേമ്പിൻവിത്ത്, മത്തങ്ങ, പടവലങ്ങ, വെണ്ടയ്ക്ക ഇവ വൃത്തിയാക്കി ആവശ്യത്തിന് വലിപ്പമുള്ള ചതുര കഷണങ്ങളായി മുറിക്കുക. പരിപ്പു വേവുമ്പോൾ കഷണങ്ങൾ കഴുകി അതിലിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് വേവിക്കുക. ഒരു പാത്രത്തിൽ അൽപം എണ്ണയൊഴിച്ച് വറ്റൽമുളകും ഉലുവയും കൊത്തമല്ലിയും കൂടി വറക്കുക. മൂക്കുമ്പോൾ എടുത്ത് നന്നായി പൊടിച്ചു വെക്കുക. വാളൻപുളി ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് കലക്കി അരിച്ചു വെക്കുക. സാമ്പാർ കഷണങ്ങൾ പകുതി വേവ് ആകുമ്പോൾ പുളി കലക്കിയത് ഒഴിക്കുക. അത് തിളക്കുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന കൂട്ട് അൽപം വെള്ളത്തിൽ കട്ട പിടിക്കാതെ കലക്കി ചേർത്തിളക്കണം. കഷണങ്ങൾ ആവശ്യത്തിന് വെന്ത് പരുവമാകുമ്പോൾ വാങ്ങി വെച്ച്, ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയതിനു ശേഷം അൽപം ഉലുവയും രണ്ടു കഷണം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽമുളക് മുറിച്ചതും ബാക്കി കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ച് സാമ്പാറിലേക്ക് ചേർക്കുക.

പാചകക്കുറിപ്പ്: ഡോ. രഞ്ജിനി രാജേഷ്, മാളിയക്കൽ, വൈക്കം.

17) പരിപ്പ് കറി

  • മസൂർ പരിപ്പ് – 500 ഗ്രാം
  • ചെറുപയർ പരിപ്പ് – 500 ഗ്രാം
  • കടുക് – 50 ഗ്രാം
  • തേങ്ങ – 2 എണ്ണം
  • ജീരകം – 50 ഗ്രാം
  • സവോള – 250 ഗ്രാം
  • ഇഞ്ചി – 50 ഗ്രാം
  • പച്ചമുളക് – 100 ഗ്രാം
  • വെളിച്ചെണ്ണ – 100 മില്ലി
  • തക്കാളി – 250 ഗ്രാം

പാകം ചെയ്യുന്ന വിധം

∙പരിപ്പ് രണ്ടും കഴുകി കുക്കറിൽ വച്ച് വേവിച്ച് വയ്ക്കുക.

∙തേങ്ങ, ജീരകം, പച്ചമുളക്, കറിവേപ്പില എന്നിവ അരച്ചു വെയ്ക്കുക.

∙സവോള, ഇഞ്ചി, പച്ചമുളക് ചെറുതായി അരിയുക.

ഉരുളി അടുപ്പത്ത് വച്ച് ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ച സവോള, ഇഞ്ചി, പച്ചമുളക് അൽപ്പം കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. പിന്നീട് തക്കാളി അരിഞ്ഞത് ചേർത്ത് ചെറുതായിട്ട് വഴറ്റുക. ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് അ‍രച്ചു വച്ച തേങ്ങയും കൂടി ഇട്ട് വഴറ്റുക. അതിനു ശേഷം പരിപ്പ് ചേർക്കുക. പരിപ്പ് ചേർത്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറുതായി തിളപ്പിച്ച് ഇറക്കുക. അതിലേക്ക് കടുക് താളിച്ച് ഒഴിക്കുക.

പാചകക്കുറിപ്പ്: പി.എ ജയ്മോൻ, അന്നപൂർണ, തെള്ളകം.

17 ) പുളിശേരി

1 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില – 2 വലിയ സ്പൂൺ
2 ഉലുവ, കടുക് – കാൽ സ്പൂൺ
3 വെളിച്ചെണ്ണ – 2 വലിയ സ്പൂൺ
4 മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
5 തൈര് – ഒരു കപ്പ്
6 ചൂട് വെള്ളം – ഒരു ഗ്ലാസ്
7 തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞൾപ്പൊടി

പാകം ചെയ്യുന്ന വിധം

ഒരു ചെറിയ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2–ാം ചേരുവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് 1–ാം ചേരുവ ചേർത്ത് വഴറ്റുക. തുടർന്ന് 7–ാം ചേരുവ മിക്സിയിൽ ഒതുക്കി 1 കപ്പ് തൈരും 1 ഗ്ലാസും ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വിളമ്പാം.

പാചകക്കുറിപ്പ്: ബിനു, മകരന്ത് ഹോട്ടൽ, നാൽക്കവല, കൊല്ലാട്.

18) പച്ചമോര്

1 ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില
2 ഉപ്പ്
3 തൈര്
4 വെള്ളം

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ അരലീറ്റർ തൈര് ഒഴിച്ച് അതിലേക്ക് 3 ഗ്ലാസ് വെള്ളവും 1–ാം ചേരുവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വിളമ്പാം.

19) രസം

1 മഞ്ഞൾപൊടി – അര സ്പൂൺ, മുളകുപൊടി – 2 സ്പൂൺ, കുരുമുളകുപൊടി – 2 സ്പൂൺ, കായം – 15 ഗ്രാം
2 ഇഞ്ചി, വെളുത്തുള്ളി – ചതച്ചത് 2 വലിയ സ്പൂൺ
3 തക്കാളി – 2 എണ്ണം
4 കടുക് – അര സ്പൂൺ, വറ്റൽ മുളക് – 5, ഉലുവ – അര സ്പൂൺ, കറിവേപ്പില,

5 വാളൻ പുളി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്.

മല്ലിയില

വെളിച്ചെണ്ണ – അര കപ്പ്

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണയിൽ 4–ാം ചേരുവകൾ ചേരുവ താളിച്ച് ഇതിൽ തക്കാളി അരിഞ്ഞത് വഴറ്റി എടുക്കുക. ഇതിലേക്ക് 2–ാം ചേരുവ ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ 1–ാം ചേരുവ ചേർത്ത് മൂപ്പിക്കുക. മൂത്ത് വരുമ്പോൾ 2 വലിയ കപ്പ് ചൂട് വെള്ളം ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് 5–ാം ചേരുവയും ഉപ്പും ആവശ്യത്തിന് ചേ‍ർത്ത് വാങ്ങുക. മല്ലിയില ചേർത്ത് വിളമ്പാം.

പാചകക്കുറിപ്പ്: നിഷ ബിനു, തുണ്ടിയിൽ പുത്തൻ പറമ്പിൽ, കൊല്ലാട്.

20) അടപ്രഥമൻ

അട തയാറാക്കുന്ന വിധം

∙ഉണക്കലരി പൊടിച്ചത്, വെളിച്ചെണ്ണ കദളിപ്പഴം എന്നിവ ചേർത്ത് ഇളക്കി ലൂസാക്കിയെടുക്കുക. വാഴയിലയിൽ കട്ടി കുറച്ച് ഒഴിക്കുക. ഇത് ചുരുട്ടി തിളച്ച വെള്ളത്തിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ (പച്ചവെള്ളം) അട ഇലയിൽ നിന്നും ഊരി എടുക്കുക

∙ശർക്കര പാനിയാക്കി ഉരുക്കിയെടുക്കുക. ഈ ശർക്കര പാനിയിലേക്ക് തയാറാക്കി വച്ചിരിക്കുന്ന അട ചേർത്ത് വരട്ടി എടുക്കുക. വരട്ടി ഏകദേശം കട്ടിയാകുമ്പോൾ ഇതിലേക്ക് തേങ്ങ ചിരണ്ടി പിഴിഞ്ഞെടുത്ത പാൽ ചേർക്കണം. (തേങ്ങാ പാൽ എടുക്കുന്ന വിധം. അര ലിറ്റർ കണക്കിൽ തലപ്പാൽ എടുക്കുക. 2 ലിറ്റർ അളവിൽ 2–ാം പാലും 3 ലിറ്റർ അളവിൽ 3–ാം പാലും എടുക്കുക). അടയും ശർക്കരയും വരട്ടിയതിലേക്ക് 3–ാം പാൽ ഒഴിച്ച് ഇളക്കി ചേർക്കുക. ഏകദേശം ഇത് വറ്റി വരുമ്പോൾ 2–ാം പാലും ചേർത്ത് ഇളക്കുക. തിളച്ചു പാകമാകുമ്പോൾ തല പാലിലേക്ക് ചുക്കുപൊടി, ജീരകപ്പൊടി, ഏലയ്ക്ക എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം തയാറായിക്കൊണ്ടിരിക്കുന്ന പായസത്തിലേക്ക് ഒഴിച്ചു ഇളക്കി വാങ്ങുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അണ്ടി പരിപ്പ്, മുന്തിരി എന്നിവ ചേർത്താൽ സ്വാദിഷ്ടമായ അടപ്രഥമൻ തയാർ.

21) ഉണക്കലരി പായ്ക്കറ്റ് അട കൊണ്ടുള്ള പായസം

അട – ഒരു കിലോ
ശർക്കര – രണ്ടേ കാൽ കിലോ
തേങ്ങ – 8 എണ്ണം
ചുക്ക് – 2 ടീസ്പൂൺ
ജീരകപ്പൊടി – 2 ടീസ്പൂൺ
ഏലക്കാപ്പൊടി – 2 ടീസ്പൂൺ
നെയ്യ് – 200 ഗ്രാം
കദളിപ്പഴം 2 എണ്ണം

പാകം ചെയ്യുന്ന വിധം

6 ലിറ്റർ വെള്ളം തിളപ്പിച്ച് അതിലേക്ക് അട ഇട്ട് വേവിച്ചെടുക്കുക. അതിനു ശേഷം പാനിയാക്കി വെച്ചിരിക്കുന്ന ശർക്കര പാനിയിൽ വരട്ടി എടുക്കുക. വരണ്ടുകഴിയുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക.

ഒന്നാം പാൽ– ഒരു ലിറ്റർ പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. രണ്ടാം പാൽ– രണ്ട് ലിറ്ററും മൂന്നാം പാൽ മൂന്ന് ലിറ്റർ എന്നീ ക്രമത്തിൽ പിഴിഞ്ഞെടുക്കുക.

വരട്ടിയെടുത്ത അടയിലേക്ക് മൂന്നാം പാൽ ചേർക്കുക. അത് വറ്റി പാകമായതിനു ശേഷം രണ്ടാം പാലും ചേർത്ത് ഇളക്കുക. പാകമായതിനു ശേഷം ഒന്നാം പാൽ ചേർക്കണം.

ഒന്നാം പാൽ ചേർക്കേണ്ട വിധം. ചുക്ക് പൊടി, ജീരകപ്പൊടി, ഏലയ്ക്കപ്പൊടി, കദളിപ്പഴം എന്നിവ ഒന്നാം പാലിൽ ചേർത്ത് ഇളക്കി ഒഴിക്കുക. ചെറുചൂടോടു കൂടി ഇളക്കി വാങ്ങുക.

പാചകക്കുറിപ്പ്: അനിൽ, കാവിലമ്മ കേറ്ററിങ്, കുഴിമറ്റം.

22) പാലട പ്രഥമൻ

അട 250 ഗ്രാം

പഞ്ചസാര 500 ഗ്രാം

ഏലയ്ക്കാ പൊടി 5 ഗ്രാം

ജീരകം പൊടിച്ചത് 5 ഗ്രാം

പാൽ ഒന്നര ലീറ്റർ

നെയ്യ് 50 ഗ്രാം

കശുവണ്ടിയും ഉണക്കമുന്തിരിയും 100 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒരു ലീറ്റർ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അട ഇടുക. തീ അണച്ച് 30 മിനുട്ട് അടച്ചു വയ്ക്കുക. അതിനുശേഷം പാൽ ഒഴിച്ചു കുറുകി വരുമ്പോൾ പഞ്ചസാര ഇടുക. ഏലയ്ക്ക പൊടിയും ജീരകപൊടിയും ചേർക്കുക. നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും പായസത്തിനു മുകളിലേക്ക് ഒഴിക്കുക. ബാക്കി നെയ്കൂടി ഒഴിച്ചശേഷം പായസം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക.

പാചകക്കുറിപ്പ്: ലില്ലി സജി, മഞ്ചേരിക്കളം, തുരുത്തി.

പായസവും മധുരക്കറിയും വേറെ വേണ്ടവർക്ക്

23) ചെറുപയർ പരിപ്പ് പായസം

ചെറുപയർ പരിപ്പ് – അര കിലോ

ശർക്കര – ഒന്നര കിലോ

തേങ്ങ – 5 എണ്ണം

നെയ്യ് – 2 കപ്പ്

കൊട്ടതേങ്ങ – അര മുറി

ചുക്കുപൊടി, ജീരകം പൊടിച്ചത് – 2 സ്പൂൺ

പാകം ചെയ്യുന്ന വിധം

ഉരുളി അടുപ്പത്തു വെച്ച് അൽപം നെയ്യ് ഒഴിക്കുക. ചൂടാകുമ്പോൾ ചെറുപയർ പരിപ്പ് ഇട്ട് നന്നായി ഇളക്കുക. ഏകദേശം സ്വർണ നിറമാകുമ്പോൾ വാങ്ങി വെയ്ക്കുക. ചൂടാറുന്നതു വരെ ഇളക്കി വേറൊരു പാത്രത്തിലേക്ക് പകർന്നു വെയ്ക്കുക. പിന്നീട് ശർക്കര പാനിയാക്കി അരിച്ചെടുക്കുക.

പരിപ്പ് പ്രത്യേകമായി തുറന്ന പാത്രത്തിൽ ‍വേവിച്ചെടുക്കുക.

പരിപ്പ് 90 ശതമാനമേ വേകുവാൻ പാടുള്ളൂ.

ഉരുളി അടുപ്പത്തു വെച്ച് അൽപം നെയ്യ് ഒഴിച്ച് അതിലേക്ക് ശർക്കര പാനി ഒഴിക്കുക. നന്നായി ഇളക്കുക. ശർക്കര പാനി ഏതാണ്ട് കുറുകി വരുമ്പോൾ പരിപ്പ് ഇടുക. നന്നായി ഇളക്കുക. കുറെ ഇളക്കി കഴിയുമ്പോൾ ചട്ടുകത്തിനു പുറമേ ഒരു വഴി പോലെ തെളിഞ്ഞു വരും. അപ്പോൾ മൂന്നാം പാൽ ചേർക്കുക. (ശ്രദ്ധിക്കണം. മൂന്നാം പാൽ ആണ് പായസത്തിന് അളവ് നിശ്ചയിക്കുന്നത്.). തുടരെ ഇളക്കുക. പിന്നീട് 2–ാം പാ‍ൽ ചേർക്കണം. തുടരെ ഇളക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ വാങ്ങി വെയ്ക്കുക. ശേഷം ഒന്നാം പാലിൽ ചുക്കും ജീരകവും പൊടിച്ചു വെച്ചത് ചേർത്ത് പായസത്തിൽ ചേർത്ത് ഇളക്കുക. നന്നായി ഇളക്കുക.

ഒരു ചെറിയ ചീനചട്ടിയിൽ നെയ്യൊഴിച്ച് തേങ്ങ വറുത്ത് (െചറുതായി അരിഞ്ഞത്)ചേർത്ത് ഇളക്കി ഉപയോഗിക്കുക.

പാചകക്കുറിപ്പ്: എസ്. സുരേഷ്, പുതുപ്പള്ളി.

24) പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ – 1 കിലോ
നെയ്യ് – 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ശർക്കര – 1 കിലോ
തേങ്ങ – 2 എണ്ണം
പച്ചമുന്തിരിങ്ങ – 150 ഗ്രാം
അണ്ടി പരിപ്പ് – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

ഉരുളി ചൂടായതിനു ശേഷം ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് പൈനാപ്പിൾ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ മഞ്ഞൾപൊടി 1 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. പൈനാപ്പിൾ വെന്തതിനു ശേഷം ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർത്തു വരട്ടി എടുക്കുക.

ഇതിലേക്ക് ചുരണ്ടി വച്ചിരിക്കുന്ന തേങ്ങാ ചേർത്ത് നല്ലവണ്ണം ഇളക്കി ചേർക്കുക. വരണ്ടതിനു ശേഷം അണ്ടിപ്പരിപ്പ് മൂപ്പിച്ചത്, പച്ച മുന്തിരിങ്ങ എന്നിവ ഇട്ട് ഇളക്കി വാങ്ങുക.

പാചകക്കുറിപ്പ്: അജിത്ത് കുമാർ, അജിത്ത് ഭവൻ, കുഴിമറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com