ADVERTISEMENT

ഇഫ്താർ വിഭവങ്ങളിലെ ബൺ രുചിയറിയാം. ചിക്കൻ ചേർത്തുള്ള മസാല കൂട്ട് നിറച്ച സ്വാദുറും ബൺ നോമ്പുതുറ വിഭവങ്ങളിൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകുന്ന രുചിവൈവിധ്യങ്ങളിൽ ഒന്നാണ്.

ചേരുവകൾ

ബൺ ഉണ്ടാക്കാൻ

  • മൈദ അല്ലെങ്കിൽ ഗോതമ്പ് - ഒന്നര കപ്പ്
  • ഉപ്പ്: 1/2 ടീസ്പൂൺ
  • തിളപ്പിച്ചാറിയ വെള്ളം: 1/2 കപ്പ്
  • യീസ്റ്റ്: 1/2 ടീസ്പൂൺ
  • പഞ്ചസാര: 1 ടീസ്പൂൺ
  • നെയ്യ്: 2 ടീസ്പൂൺ

ചിക്കൻ മസാല ഉണ്ടാക്കാൻ

  • സവാള: 2 എണ്ണം ചെറുതായി അരിഞ്ഞത്
  • പച്ചമുളക്: 5-6 എണ്ണം
  • ഇഞ്ചി - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി: 3-4അല്ലി
  • കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
  • ഗരം മസാല: 1/2 ടീസ്പൂൺ
  • ഉപ്പ്: സ്വാദിന്
  • മല്ലിയില: 2 ടീസ്പൂൺ
  • എണ്ണ: 1 -2 ടീസ്പൂൺ
  • ചിക്കൻ: 300 ഗ്രാം (എല്ലില്ലാത്തത്)
  • വെള്ളം: ആവശ്യാനുസരണം

 

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ വെള്ളം, മുളകുപൊടി, ഗരം മസാല, മഞ്ഞൾ, ഉപ്പ് എന്നിവ ഉപയോഗിച്ച് വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയ ശേഷം വേവിച്ച ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി വഴറ്റണം. ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേർത്തിളക്കിയ ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കണം. ഒരു പാത്രത്തിൽ മാവും ഉപ്പും ഇട്ടു സ്പൂൺ ഉപയോഗിച്ച് യോജിപ്പിച്ച ശേഷം മാവിന്റെ നടുവിലായി ഒരു കുഴി ഉണ്ടാക്കി അതിലേക്കു തിളപ്പിച്ചാറിയ വെള്ളം, യീസ്റ്റ്, പഞ്ചസാര എന്നിവ ചേർക്കുക. ആദ്യം ഒരു സ്പൂൺ ഉപയോഗിച്ച് മിക്‌സ് ചെയ്യുക, തുടർന്ന് പതിയെ കൈകൊണ്ട് നെയ്യ് ചേർത്ത് കുഴച്ച് രണ്ടു മണിക്കൂർ മാറ്റി വെക്കുക. അതിന് ശേഷം വീണ്ടും നന്നായി മാവ് കുഴച്ച് ചെറിയ ഉരുളുകളാക്കി ഓരോ ഉരുളകളും കയ്യിൽ വച്ച് പരത്തണം. പരത്തിയ ശേഷം ഓരോന്നിന്റെയും മധ്യത്തിലായി നേരത്തെ തയാറാക്കി വച്ച ചിക്കൻ മസാല നിറച്ച ശേഷം ബൺ ആകൃതിയിൽ ഉരുട്ടി 30 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം ബൺ നന്നായി പൊന്തി വരും. ഒരു ഫ്രൈപാനിൽ അൽപം നെയ്യ് തടവിയതിന് ശേഷം ഓരോ ബണ്ണും ഇതിൽ ഇടവിട്ട് നിരത്തി വയ്ക്കുക. തുണിയിൽ പൊതിഞ്ഞ മൂടി കൊണ്ട് അടച്ച് വച്ച് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ശേഷം തുറന്ന് മറുവശം കൂടെ 5 മിനിറ്റ് വേവിക്കുക. ബണ്ണിന്റെ രണ്ട് ഭാഗവും നല്ലത് പോലെ മൊരിച്ചെടുക്കാം. ബണ്ണിന്റെ ഫില്ലിങ്ങിനായി ചിക്കനു പകരം മീൻ, ബീഫ് കൊണ്ടുള്ള മസാലക്കൂട്ടുകളോ അല്ലെങ്കിൽ ചീസ്, ചോക്ലേറ്റ് എന്നിവയും ഉപയോഗിക്കാം.

തയാറാക്കിയത്, നജ്‌ല അബ്ദുൽ ലത്തീഫ് എച്ച് ആർ അനലിസ്റ്റ്, ഹമദ് ആശുപത്രി സ്വദേശം: തൃശൂർ

English Summary : Masala Bun Recipe for Iftar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com