ADVERTISEMENT

പഫ്സ് പ്രത്യേകിച്ച് മുട്ട പഫ്സ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും.  നാലുമണിക്ക് ചായയ്ക്കൊപ്പം ഒരു മുട്ട പഫ്സ് കൂടെയുണ്ടെങ്കിൽ... ആഹാ അന്തസ്സ്.. അതും വീട്ടിൽ തന്നെ അവ്ൻ ഇല്ലാതെ  ഉണ്ടാക്കിയത്. ഇരുപത് മിനിറ്റ് കൊണ്ട് നല്ല തകർപ്പൻ എഗ് പഫ്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. 

‌ഫില്ലിങ്ങിനായുള്ള  മസാല

  • മുട്ട പുഴുങ്ങിയത് –4
  • സവാള  – 2
  • കാശ്മീരി മുളകുപൊടി– 1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
  • ഗരംമസാല– 1/4 ടീ സ്പൂൺ
  • ഇഞ്ചി– ഒരു ചെറിയ കഷണം പൊടിയായി അരിഞ്ഞത്
  • വെളുത്തുള്ളി – 4 അല്ലി പൊടിയായി അരിഞ്ഞത്
  • കറിവേപ്പില –രണ്ട് തണ്ട്
  • ടൊമാറ്റോ സോസ് (നിർബന്ധമില്ല)– 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു പാനിൽ 1 ടീ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക. ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം. നന്നായി വഴന്നു വരുമ്പോൾ കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല  എന്നിവ ചേർത്ത് എണ്ണ തെളിയും വരെ ഇളക്കാം.  ഇതിലേക്ക് ടൊമാറ്റോ സോസും ചേർത്ത് നന്നായി യോജ‍ിപ്പിക്കാം. മസാല റെഡി. 

പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് മാറ്റിവയ്ക്കാം.

പഫ്സ് ഷീറ്റ് തയാറാക്കാനായി. ഒന്നര കപ്പ് മൈദ  ആവശ്യത്തിന് ഉപ്പും ഒരു ടീ സ്പൂൺ എണ്ണയും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചു വയ്ക്കാം. ഇത് എട്ട് ഉരുളകളാക്കി മാറ്റിവയ്ക്കുക. ഒരോ ഉരുളയും  നീളത്തിൽ പരത്തിയെടുത്ത് നടുവേ രണ്ടായി മുറിക്കുക. ഇത്  ഒന്നിനു മേലെ ഒന്നായി വയ്ക്കാം. ഇതിന്റെ നടുവിലായി ഒരു സ്പൂൺ മസാല വയ്ക്കുക. അതിനു മുകളിൽ മുട്ടയുടെ ഒരു കഷണം  കമഴ്ത്തി വയ്ക്കാം. എന്നിട്ട് അടിയിലത്തെ പഫ്സ് ഷീറ്റ് ഒരോന്നായി അങ്ങോട്ടും ഇങ്ങോട്ടുമായി മടക്കാം. ഇനി തൊട്ടുമുകളിലെത്തെ പഫ്സ് ഷീറ്റും ഇതു പോലെ മടക്കുക. ഈ പഫ്സ് ഷീറ്റ് വെള്ളം തൊട്ടോ അല്പം മൈദ മാവ് വെള്ളത്തിൽ കലക്കിയത് അരികിൽ തേച്ചോ ഒട്ടിച്ചുവയ്ക്കുക. 

ഒരു പാനിൽ എണ്ണ ഒഴിച്ച് (പഫ്സ് മുങ്ങാൻ വേണ്ടത്) ചൂടാകുമ്പോൾ ഒരോന്നായി വറത്തു കോരുക.  ഇളം ബ്രൗൺ നിറമാകുന്നതാണ് പരുവം.  ചെറു ചൂടോടെ ടൊമാറ്റോ സോസിനൊപ്പം കഴിക്കാം.  പ്രീ ഹീറ്റ് ചെയ്ത അവ്നിൽ ഇത് 200 ‍ഡിഗ്രി താപനിലയിൽ 20 മിനിറ്റ് വച്ച്  ബേക്ക് ചെയ്തും എടുക്കാം.  ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സ് പോലെ ലെയറുകൾ ഉണ്ടാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല!

egg-puffs
Image Credit : Muhammed Riyaz/ Shutterstock

English Summary : Home Made Egg Puffs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com