കൊതിപ്പിക്കും ചൂറോസ്, ഒരു കപ്പ് മൈദയും രണ്ടു മുട്ടയും ചേർത്ത്

churros
SHARE

എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾക്ക് പ്രശസ്തമാണ് ഇന്ത്യ. ജിലേബി മുതൽ ഉണ്ണിയപ്പം വരെയുള്ള വിവിധ രുചിഭേദങ്ങൾ ഇതിനുദാഹരണമാണ്. ഇവ ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്ന വാദം ഇപ്പോഴും തുടരുമ്പോഴും പല വിദേശ രാജ്യങ്ങളിലും പ്രഭാത ഭക്ഷണമായും സ്നാക്കായും ഇടം പിടിച്ച ഒരു വിഭവമുണ്ട്. ചൂറോസ്. ഒരു കപ്പ് മൈദയും രണ്ടു മുട്ടയും ചേർത്ത് ഉണ്ടാക്കുന്ന ചൂറോസിന് ലോകമെമ്പാടും ആരാധകരേയാണ്. ചൂറോസിന്റെ മേൽ ഏത് രാജ്യത്തിനാണ് അവകാശം എന്ന് ഇപ്പോഴും തെളിയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും സ്പാനിഷ്, പോർച്ചുഗീസ് ക്യൂസീനിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണിത്. സ്പെയിൻ, കൊളംബിയ, പെറു, വെനിസ്വല അടക്കമുള്ള രാജ്യങ്ങളിലെ പ്രധാന സ്ട്രീറ്റ് ഫുഡ് വിഭവങ്ങളിൽ ഒന്നാണ് ചൂറോസ് . ചോക്ലേറ്റ് സോസിൽ മുക്കിയാണ് ചൂറോസ് കഴിക്കുന്നത്.

ചൂറോസ് ഉണ്ടാക്കുന്നത് പലയിടത്തും പല രീതിയിലാണ്. പരമ്പരാഗത രീതിയിൽ തിളച്ച വെള്ളത്തിൽ മൈദ മാവിട്ട് മുട്ടയും ചേർത്ത് കുഴച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ വെള്ളത്തിന് പകരം പാൽ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. ഇത് മാവിന് കുറച്ചേറെ മധുരം നൽകും. പാലിനുള്ളിൽ ബട്ടർ ചേർക്കുന്നവരുമുണ്ട്. ഇത് കുഴച്ചെടുക്കുന്ന മാവിന് മയം കിട്ടാൻ സഹായിക്കും.

കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ചൂറോസിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഏറെ ആരാധകരെ ലഭിച്ചത്. ചൂറോസിന്റെ മേലുള്ള വിവിധ പരീക്ഷണങ്ങൾക്കും അന്ന് ലോകം സാക്ഷി ആയി. ഐസ്ക്രീമിനൊപ്പവും ചോക്ലേറ്റ്, ന്യൂടെല്ല , തേൻ എന്നിവയിൽ മുങ്ങി നിൽക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. വീണ്ടുമൊരു ലോക്ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഒന്നു പരീക്ഷിച്ചു നോക്കാം ചൂറോസ് എങ്ങനെ തയാറാക്കാമെന്ന്.

ചേരുവകൾ

 • പാൽ/ വെളളം - 1 കപ്പ്
 • ബട്ടർ - ഒരു ടേബിൾ സ്പൂൺ
 • മൈദ - 3/4 കപ്പ്‌
 • മുട്ട - 2 എണ്ണം
 • റിഫൈൻഡ് ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • വെള്ളം / പാലിൽ അൽപം ബട്ടർ ചേർത്ത് തിളപ്പിക്കുക.
 • തിളച്ച ശേഷം ഇതിലേക്ക് മൈദയും അൽപം ഉപ്പും ചേർത്ത് പത്തിരിക്കും ചപ്പാത്തിക്കുമെന്ന പോലെ കുഴച്ചെടുക്കുക.
 • അൽപം ചൂടാറിയ ശേഷം മുട്ട ചേർത്തു വീണ്ടും കുഴച്ച ശേഷം ചൂണ്ടുവിരലിന്റെ നീളത്തിൽ പരത്തി വറുത്തെടുക്കാം.
 • ബീറ്റർ ഉള്ളവരാണെങ്കിൽ കുഴച്ചെടുത്ത മാവ് ബീറ്ററിലേക്ക് മാറ്റിയ ശേഷം ഒരോ മുട്ട ഇടവിട്ട് ചേർത്ത് നന്നായി അടിച്ചെടുക്കുക
 • ശേഷം മിശ്രിതം ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റി എണ്ണയിലേക്ക് പീസുകളായി മുറിച്ചു ഇട്ടു കൊടുക്കുക.
 • ഗോൾഡൺ ബ്രൗൺ നിറമാക്കുന്നത് വരെ മീഡിയം ചൂടിൽ വറുത്തെടുക്കുക.
 • ശേഷം പൊടിച്ച പഞ്ചസാര ( ആവശ്യമെങ്കിൽ അൽപം സിനമൺ പൊടിച്ചതും ) മുകളിൽ വിതറി ചോക്ലേറ്റ് സോസിനൊപ്പം വിളമ്പുക.
 • ചൂറോസ് ഒന്നു രണ്ടു മണിക്കൂർ തണുപ്പിച്ച ശേഷം വറുത്തെടുത്താൽ പൊട്ടി പോകാതെ ഇരിക്കും.

English Summary : Churros with sugar and chocolate sauce.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA