ഓണം രുചികരമാക്കാൻ 4 നാടൻ കറികൾ : വിഡിയോ കാണാം

onam-special-video
SHARE

ഓണക്കാലം...സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾക്കു രുചിയുടെ തിളക്കം നൽകാൻ വീട്ടിലൊരുക്കാം തനി നാടൻ വിഭവങ്ങൾ. തിരുവോണ അട, പച്ച കുരുമുളക് അരച്ചു ചേർത്ത കുറുക്കുകാളൻ, പുളിയിഞ്ചി, വടുകപ്പുളി നാരങ്ങാ അച്ചാർ എന്നിവ തയാറാക്കുന്ന വിഡിയോകൾ കാണാം.

1. തിരുവോണ അട
ഓണത്തിന്റെ പ്രധാന നിവേദ്യ വിഭവമാണ് അട. ഉണക്കലരി കൊണ്ടുള്ള അടയ്ക്കുള്ളിൽ ശർക്കരയും നാളികേരവും പഴവും നിറച്ച് വേവിച്ചെടുക്കുന്ന അടയാണ് പ്രധാനമായും തൃക്കാക്കരയപ്പന് തിരുവോണനാളിൽ വീടുകളിൽ നിവേദിക്കുന്നത്. അടയും പഴം നുറുക്കും പപ്പടവും ഉപ്പേരിയുമാണ് തിരുവോണനാളിലെ പ്രാതൽ.

ചേരുവകൾ :

 • ഉണക്കലരി –  500 ഗ്രാം 
 • ശർക്കര– 500 ഗ്രാം
 • നാളികേരം  – 2 എണ്ണം ചിരവിയത് 
 • നേന്ത്രപ്പഴം –  1 എണ്ണം 
 • നെയ്യ്  – 2 ടേബിൾ സ്പൂൺ 
 • പഞ്ചസാര – 1 ടീ സ്പൂൺ 
 • വാഴയില ഒരടി നീളത്തിൽ – 20 കഷ്ണങ്ങൾ 

തയാറാക്കുന്ന വിധം 

 • ഉണക്കലരി 4-5 മണിക്കൂർ കുതിർത്തു വച്ച് വെള്ളം തീരെ കുറച്ച് മിക്സിയിൽ അരച്ചെടുക്കുക. 
 • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് ശർക്കര ഉരുകാൻ വയ്ക്കുക. 
 • ശർക്കര നല്ലപോലെ പാവുകുറുകിയാൽ ചിരകിവച്ച നാളികേരവും ചെറുതായി നുറുക്കിയ നേന്ത്രപ്പഴവും അതിലേക്കിട്ട് നാളികേരത്തിൽ നിന്നും ഊറി വരുന്ന വെള്ളമൊന്ന് വറ്റിയാൽ ഒരു സ്പൂൺ നെയ്യുമൊഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക 
 • അരച്ചു വച്ചിരിക്കുന്ന മാവിൽ ഒരു സ്പൂൺ നെയ്യും ഒരു സ്പൂൺ പഞ്ചസാരയും ചേർത്തിളക്കുക. അടയ്ക്ക് ഒരു മർദ്ദവത്തിന് ഇതു നല്ലതാണ്. 
 • കീറി വച്ചിരിക്കുന്ന ഇലക്കഷണങ്ങൾ ചെറുതീയിൽ ഒന്ന് വാട്ടിയെടുത്ത് അരച്ചു വച്ചിരിക്കുന്ന മാവ് അതിൽ ചെറിയ കനത്തിൽ വട്ടത്തിൽ പരത്തി അതിന്റെ ഒരു പകുതിയിൽ തയാറാക്കി വച്ചിരിക്കുന്ന ശർക്കര നാളികേര പാവ് ഇട്ട്‌ ഇല പതിയെ മടക്കുക . 
 • ഒരു ഇഡ്ഡലി കുക്കറിലോ തട്ടുള്ള ആവി പാത്രത്തിലോ അടിയിൽ അല്പം വെള്ളമൊഴിച്ച് തട്ടുകളിൽ മടക്കി ഇലയടകള്‍ അടുക്കി വച്ച് ആവി കയറ്റുക. 
 • 20-25 മിനിറ്റ് ആവി കയറ്റിയതിനു ശേഷം എടുക്കുക 
 • തിരുവോണ അട റെഡി

2. നല്ല കുരുമുളക് അരച്ചു ചേർത്ത കുറുക്കു കാളൻ

കേരളീയ പാരമ്പര്യ സദ്യയിലെ പ്രധാന വിഭവമാണ് കാളൻ. പല സ്ഥലങ്ങളിലും പല രീതിയിലും കാളൻ വയ്ക്കുന്നുണ്ട്. തൈരും ചേനയും നേന്ത്രക്കായയും കുരുമുളകും എല്ലാം ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുന്ന കാളനാണ് കേരളത്തിന്റെ പാരമ്പര്യ സദ്യയുടെ മുഖമുദ്ര. 

ചേരുവകൾ :

 • കട്ട ഉടച്ച തൈര് ( വെണ്ണ വേർതിരിച്ചെടുക്കാതെ ഒന്ന് കലക്കിയെടുത്തത് ) 2 ലിറ്റർ 
 • നേന്ത്രക്കായ ഇടത്തരം വലുപ്പം - 3 എണ്ണം 
 • ചേന - 750 ഗ്രാം
 • കുരുമുളക് –  70 ഗ്രാം
 • മഞ്ഞൾപ്പൊടി – 3 ടേബിൾസ്പൂൺ 
 • നാളികേരം സാമാന്യം വലുപ്പമുള്ളത് – 2 എണ്ണം 
 • പച്ചമുളക്– 5 എണ്ണം 
 • ജീരകപ്പൊടി – 1 ടീസ്പൂൺ 
 • ഉലുവാപ്പൊടി – 2 ടേബിൾസ്പൂൺ 
 • കറിവേപ്പില – 2 പിടി 
 • കടുക് 30-40 ഗ്രാം 
 • വെളിച്ചെണ്ണ– 4 -5 ടേബിൾസ്പൂൺ 
 • ഉപ്പ്  – പാകത്തിന് 

തയാറാക്കുന്ന വിധം

 • ഒരു ദിവസം മുൻപ് ഉറയൊഴിച്ചു വച്ച നല്ല പുളിയുള്ള തൈര് വെണ്ണ വേർതിരിച്ചെടുക്കാതെ ഒന്ന് കലക്കിയെടുക്കുക.
 • ഇടത്തരം വലുപ്പമുള്ള ഉരുളിയിലോ ചുവടുകട്ടിയുള്ള എതെങ്കിലും പാത്രത്തിലോ തൈരൊഴിച്ച് അതിൽ ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് അടുപ്പത്ത് വയ്ക്കുക.
 • അതേസമയം തന്നെ നുറുക്കിയ ചേനയും നേന്ത്രക്കായും ഒരു സ്പൂൺ മഞ്ഞൾപ്പൊടി, അല്പം ഉപ്പ്‌, 2-3 മണിക്കൂർ വെള്ളത്തിലിട്ടു കുതർത്തു വച്ച കുരുമുളക് നല്ലപോലെ അരച്ചെടുത്തതും‌ം ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കാൻ വയ്ക്കുക. 2 വിസിൽ വരുന്നത് വരെ വേവിക്കാം.
 • ഉരുളിയിൽ വച്ചിരിക്കുന്ന തൈര് തിളച്ച് പതഞ്ഞു വരുമ്പോൾ ആ പത മാത്രം ഒരു തവി കൊണ്ട് അൽപാൽപമായി കോരിയെടുത്ത് മറ്റൊരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. ഇത് പിന്നീട് ഉപയോഗിക്കാനുള്ളതാണ്.
 • രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ കുക്കർ ഓഫ് ചെയ്ത് ആവി പോയതിനു ശേഷം വേവിച്ചു വച്ച കഷ്ണങ്ങൾ കുറുകി വരുന്ന തൈരിലേക്ക് ചേർത്തിളക്കി അല്പം കറിവേപ്പിലയും ചേർത്ത് തൈര് അടുപ്പത്ത് വച്ച് കുറുക്കിക്കൊണ്ടിരിക്കുക. വെള്ളം ഒരു വിധം പാകമായി വന്നാൽ രണ്ടു നാളികേരം ചിരകിയതും പച്ചമുളകും ചേർത്ത് വെള്ളം ചേർക്കാതെ ( ആവശ്യമെങ്കിൽ വെള്ളം തളിച്ചു കൊടുക്കാം ) വെണ്ണപോലെ അരച്ചെടുത്തത് ചേർത്ത് ജീരകപ്പൊടിയും ചേർത്തിളക്കി വെള്ളം നല്ലപോലെ വറ്റി കുറുകിവന്നാൽ തീ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക.
 • ഒരു കരണ്ടിയിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുകിട്ട് പൊട്ടിക്കാം കറിവേപ്പിലയും ചേർത്ത് വറുത്തിട്ടത് കുറുകി വച്ചിരിക്കുന്ന കാളനിൽ ചേർക്കുക. ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കുക രുചികരമായ കുറുക്കുകാളൻ റെഡി. 

3

പുളിയിഞ്ചി; എരിവും പുളിയും ഉപ്പും മധുരവും കൂടിച്ചേർന്ന ഗംഭീര വിഭവം

കേരളീയ പാരമ്പര്യ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. 

ചേരുവകൾ: 

 • പുളി  - 250 ഗ്രാം
 • ശർക്കര – 750 ഗ്രാം 
 • പച്ചമുളക് 100-150 ഗ്രാം ( എരുവ് അനുസരിച്ച് )
 • ഇഞ്ചി 100-150 ഗ്രാം ( എരുവ് അനുസരിച്ച് ) 
 • മുളകുപൊടി – 3 ടേബിൾസ്പൂൺ 
 • മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ 
 • ഉലുവാപ്പൊടി – 1 ടീസ്പൂൺ 
 • കടുക് 20 - 30 ഗ്രാം
 • ചുവന്നമുളക് – 10-12 എണ്ണം 
 • കറിവേപ്പില – 10 തണ്ട് 
 • വെളിച്ചെണ്ണ – 4-5 ടേബിൾസ്പൂൺ 
 • ഉപ്പ് –  പാകത്തിന് 

തയാറാക്കുന്ന വിധം

 • പുളി 3-4 മണിക്കൂർ വെള്ളത്തിലിട്ട് കുതർത്ത് ധാരാളം വെള്ളം ചേർത്ത് പിഴിഞ്ഞ് അരിച്ചെടുത്തത് ഒരു ഉരുളിയിലോ ചുവടു കട്ടിയുള്ള പാത്രത്തിലേക്കൊ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. 
 • അതൊന്നു ചൂടായാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ചേർത്തിളക്കി തിളച്ചു വന്നതിനു ശേഷം ചെറുതായി അരിഞ്ഞു വച്ച പച്ചമുളകും ഇഞ്ചിയും ചേർക്കുക. 
 • അടുപ്പിൽ തീ നല്ലതുപോലെ കത്തിച്ച് നന്നായി കുറുക്കിയെടുക്കുക. 
 • വെള്ളം വറ്റി പാകുതിയോളം ആയാൽ അതിലേയ്ക്ക് ശർക്കര ചേർത്ത് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. വെള്ളം പാകമായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം. 
 • ഒരു തവയിൽ വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കടുകും വറ്റൽമുളക് മുഴുവനോടെയും അരിഞ്ഞുവച്ച കറിവേപ്പിലയും ചേർത്ത് കടുകമുളകും(വറ്റൽ മുളക്) പൊട്ടിയാൽ  മാറ്റി വച്ചിരിക്കുന്ന പുളിയിഞ്ചിലേക്ക് ചേർക്കുക. 
 • ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പുളിയിഞ്ചി തയാർ.

4. സദ്യയ്ക്കു രുചി കൂട്ടാൻ വടുകപ്പുളി  നാരങ്ങാ അച്ചാർ

ഓണത്തിന് ഉപ്പിലിട്ടതുകൾ പലതും ഉണ്ടാക്കുമെങ്കിലും വടുകപ്പുളി നാരങ്ങാ അച്ചാർ ഒരു പ്രത്യേകം തന്നെയാണ്. 

ചേരുവകൾ :

 • വടുകപ്പുളി നാരങ്ങാ - വലുത് 1 (ഏകദേശം 750 ഗ്രാം - 1 കിലോഗ്രാം) 
 • ഉപ്പ്  – പാകത്തിന് 
 • മുളകുപൊടി – 200-250 ഗ്രാം 
 • കായംപൊടി – 2 ടീ സ്പൂൺ 
 • നല്ലെണ്ണ ( എള്ളെണ്ണ ) – 4 ടേബിൾസ്പൂൺ 
 • കടുക്  –  20-30 ഗ്രാം
 • കറിവേപ്പില –  5 തണ്ട് 

തയാറാക്കുന്ന വിധം 

 • കഴുകി വൃത്തിയാക്കിയ വടുകപ്പുളി നാരങ്ങ തൊലിയോടെ ചെറുതാക്കി നുറുക്കി ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പിട്ട് ഇളക്കി വയ്ക്കുക. 
 • ഒരു കരണ്ടിയിൽ നല്ലെണ്ണ ചൂടാക്കി അതിൽ കായം പൊടിച്ചത് ഇട്ട് ചൂടായാൽ തീ ഓഫ് ചെയ്തതിനു ശേഷം അതിലേക്കു മുളകുപൊടിയും ചേർത്തിളക്കി ഉപ്പിട്ടു വച്ചിരിക്കുന്ന വാടകപ്പുളി നാരങ്ങായിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക. 
 • ശേഷം അല്പം നല്ലെണ്ണ വീണ്ടും ചൂടാക്കി അതിലേക്കു കടുകിട്ടു പൊട്ടി വന്നാൽ കറിവേപ്പിലയും ചേർത്ത് വറുത്തിട്ടതും കൂടി നാരങ്ങായിലേക്ക് ഒഴിച്ച് ഇളക്കി വയ്ക്കുക. 
 • വടുകപ്പുളി നാരങ്ങാ അച്ചാർ റെഡി. 
 • വെള്ളം കൂടുതൽ വേണം നിന്നുള്ളവർ തിളപ്പിച്ചാറിയ വെള്ളം അല്പം ചേർത്താൽ മതിയാകും.

English Summary : Onam Sadya Dishes Recipes In Malayalam 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA