പതിനഞ്ച് രുചിക്കൂട്ടുകൾ ഇതാ, വീട്ടിൽ ഒരുക്കാം ഓണസദ്യ

onam-sadya
Image Credit : vm2002 / Shutterstock
SHARE

വീട്ടിൽ ഓണസദ്യ ഒരുക്കുന്നവർക്കു വേണ്ടിയാണ് ഈ ന്യൂഡൽഹി സ്പെഷൽ രുചിക്കൂട്ടുകൾ. ദേശീയ തലസ്ഥാന മേഖലയിലെ മലയാളികളാണു ഓരോ വിഭവവും തയാറാക്കുന്നത്. 

1. എരിശേരി – തയാറാക്കിയത് സുഹ്റ ഇക്ബാൽ(ആർകെ പുരം) 

erissery-ruchi

ചേരുവകൾ 

 •  ചേന– അരക്കിലോ 
 •  നേന്ത്രക്കായ– 5 
 •  മഞ്ഞൾപൊടി– ഒന്നര ചെറിയ സ്പൂൺ 
 •  കുരുമുളക് പൊടി– രണ്ട് ചെറിയ സ്പൂൺ 
 •  വെളിച്ചെണ്ണ– 150 ഗ്രാം 
 •  ഉപ്പ്– പാകത്തിന് 
 •  തേങ്ങ– രണ്ടെണ്ണം ചിരകിയത് 
 •  ജീരകം– ഒരു ചെറിയ സ്പൂൺ 
 •  നെയ്യ്– 100 ഗ്രാം 
 •  കറിവേപ്പില– 150 ഗ്രാം 

പാകം ചെയ്യുന്ന വിധം 

 •  ചേനയും കായും ചെറിയ കഷണങ്ങളായി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക 
 •  ഒരു തേങ്ങയുടെ പകുതി ചിരകിയതിൽ ജീരകം ചേർത്തു വേവിച്ച കൂട്ടിൽ ചേർത്തിളക്കണം 
 •  നെയ്യ് ചൂടാക്കി ബാക്കി തേങ്ങ ചിരകിയതും ആറാമത്തെ ചേരുവയും ചുവപ്പു നിറം ആകുന്ന വരെ വറുത്തെടുത്ത ശേഷം കറിയിൽ ചേർത്തിളക്കാം. 

2. ചേനക്കറി– തയാറാക്കിയത് സുനിത ജോജോ ഫ്ലാറ്റ് നമ്പർ– 17, സിദ്ധാർഥ് എൻക്ലേവ്, ആശ്രം ചൗക്ക് 

Onam Food Recipes

ചേരുവകൾ 

 •  ചേന– അരകിലോ 
 • സവാള– 1(ഇടത്തരം) 
 •  തേങ്ങ ചിരകിയത്–2 മുറി 
 •  ചെറു ജീരകം–1 ടീ സ്പൂൺ 
 •  കശ്മീരി മുളകുപൊടി– അര ടേബിൾ സ്പൂൺ 
 •  മഞ്ഞൾപൊടി– 1 നുണ്ണ് 
 • എണ്ണ– 1 ടേബിൾ സ്പൂൺ 
 •  വറ്റൽമുളക്– 4 എണ്ണം 
 •  ചെറിയുള്ളി അരി‍ഞ്ഞത്– 4 എണ്ണം 
 •  കടുക്– 1 ടീ സ്പൂൺ 
 •  കറിവേപ്പില– 1 തണ്ട് 
 •  ഉപ്പ്– ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ചേനയും സവാളയും വേവിച്ചെടുത്ത് നന്നായി ഉടയ്ക്കുക. ചിരകിവച്ച തേങ്ങയുടെ മുക്കാൽഭാഗവും ജീരകവും മുളകും ചേര‍്ത്തു നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്തു തിളപ്പിച്ചു വാങ്ങിവയ്ക്കുക(നീണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. കുറുകിയിരിക്കുന്നതാണു നല്ലത്). ഇതിലേക്കു കടുക് താളിച്ച് ചേർക്കുക(കടുക് താളിക്കുമ്പോൾ ഉള്ളിയരിഞ്ഞതും വറ്റൽമുളകും ബാക്കിയുള്ള കാൽഭാഗം തേങ്ങയും ചേർത്തു വറക്കുക).

3. കുറുക്കുകാളൻ– തയാറാക്കിയതു ബിന്ദു ലാൽജി–(മയൂർ വിഹാർ ഫേസ്–3) 

kovilakam-kalan

ചേരുവകൾ 

 •  ഏത്തക്കായ– ഒരെണ്ണം 
 •  ചേന– ഒരു ചെറിയ കഷണം 
 •  പച്ചമുളക് - എരിവ് അനുസരിച്ച് രണ്ടോ മൂന്നോ 
 •  കറിവേപ്പില - മൂന്ന് തണ്ട് 
 •  ജീരകം - കാൽ ടീസ്പൂൺ 
 •  കുരുമുളക് പൊടി - കാൽ ടി സ്പൂൺ 
 •  മഞ്ഞൾ പൊടി - അര ടീസ്പൂൺ 
 •  ഉലുവ പൊടി - രണ്ട് പിഞ്ച് 
 •  ഉപ്പ് - ആവശ്യത്തിന് 
 •  തേങ്ങ - ഒരു മുറി 
 •  തൈര് - 500 ഗ്രാം 

വറുത്തിടാൻ 

 •  വെളിച്ചെണ്ണ - 2 ടീസ്പൂൺ 
 •  കടുക് - കാൽ ടീസ്പൂൺ 
 •  ഉലുവ - ഒരു നുള്ള് 
 • വറ്റൽ മുളക് - മൂന്ന് 
 •  ചെറിയ ഉള്ളി - രണ്ട് 
 • കറിവേപ്പില 

തയാറാക്കുന്ന വിധം 

∙ ഏത്തക്കായയും ചേനയും തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പാത്രത്തിൽ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ചു വേവിക്കുക. കഷണങ്ങൾ ഒരുപാടു വെന്തു കുഴയാതിരിക്കാൻ ശ്രദ്ധിക്കണം. കട്ട തൈര് ചെറുതായി മിക്സിൽ അടിച്ച ശേഷം കട്ട ഇല്ലാതെയാക്കി ഇതിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു ചെറുതീയിൽ നന്നായ് തിളക്കുന്നവരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. 

നന്നായി കുറുകിയ ശേഷം തേങ്ങ, ജീരകം, പച്ചമുളക് എന്നിവയെല്ലാം നല്ലതുപോലെ അരച്ചെടുത്ത് അതിൽ കുറച്ചു കറിവേപ്പിലയും കൂടി ചേർത്തു ചൂടാക്കുക(തിളക്കരുത്). നല്ലതു പോലെ ചൂടാക്കി വാങ്ങി വയ്ക്കുക. മറ്റൊരു പാത്രത്തിൽ വെളിച്ചണ്ണ ഒഴിച്ചു കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിച്ചെടുക്കുക. അതിലേക്കു ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും കൂടി ഇട്ട് മൂപ്പിച്ച് ചേർക്കാം. കുറുക്കു കാളൻ തയാർ. 

4. അവിയൽ– തയാറാക്കിയതു സന്ധ്യാ അനിൽ–മെഹ്റോളി 

അവിയൽ

ചേരുവകൾ 

 •  ഏത്തക്കായ്– 
 •  പടവലങ്ങ– 
 •  ചേന– 
 •  ക്യാരറ്റ്– 
 •  ബീൻസ്– 
 •  വെള്ളരിക്ക– 
 •  മുരങ്ങിക്കായ്– 
 •  മഞ്ഞൾപൊടി– 1 ടേബിൾ സ്പൂൺ 
 •  പച്ചമുളക്– 4എണ്ണം നീളത്തിൽ അരിഞ്ഞത് 
 •  വെളിച്ചെണ്ണ– 2 സ്പൂൺ 
 •  കറിവേപ്പില– 4 തണ്ട് 
 •  ഉപ്പ്– ആവശ്യത്തിന് 

അരപ്പിന് 

 •  തേങ്ങ– 2 മുറി 
 •  ജീരകം– 2 സ്പൂൺ(ചെറുത്) 
 •  വെളുത്തുള്ളി– 4–5 എണ്ണം 
 •  ചുവന്നുള്ളി– 10 
 •  മഞ്ഞൾപൊടി– അര ടീസ്പൂൺ 
 •  പച്ചമുളക്– 2 എണ്ണം 

തയാറാക്കുന്നത് 

∙ പച്ചക്കറികളെല്ലാം കനം കുറച്ച് രണ്ടിഞ്ച് നീളത്തിൽ അരിഞ്ഞു വച്ചു നന്നായി കഴുകി വാരിമാറ്റി വയ്ക്കുക. അടി കട്ടിയുള്ള ചീനച്ചട്ടിയിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ഇടുക. അതിലേക്കു മഞ്ഞൾപൊടി, പച്ചമുളക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിനു വെള്ളവും ചേർത്ത് മൂടിവച്ചു ചെറുതീയിൽ വേവിക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, മഞ്ഞൾപൊടി, പച്ചമുളക് എന്നിവ മിക്സിൽ അരച്ചെടുക്കുക. പച്ചക്കറികൾ പകുതി വെന്തു കഴിയുമ്പോൾ അതിലേക്കു തേങ്ങ അരച്ചെടുത്തതു ചേർത്തു വേവിക്കുക. വെന്തു കഴിയുമ്പോൾ അൽപ്പം തൈരോ, പുളിനെല്ലിക്കയോ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. 

ചുവന്നുള്ളി, കറിവേപ്പില എന്നിവ നന്നായി ചതച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു യോജിപ്പിച്ചു വയ്ക്കുക. അവിയലിനു മുകളിൽ ഇതു ചേർത്ത് നന്നായി ഇളക്കുക. ചൂടോടെ ആസ്വദിക്കം.

5. ഓലൻ– തയാറാക്കിയത് വിദ്യാ നമ്പ്യാർ, ആർകെ പുരം 

Olan Recipe

ചേരുവകൾ 

 •  കുമ്പളങ്ങ തൊലിചെത്തി കട്ടികുറച്ച് ചെറുചതുരകഷണങ്ങളാക്കിയത്– 2 കപ്പ് 
 •  ഏത്തക്കാലയ ചെറുചതുരകഷണങ്ങളാക്കിയത്– 2 കപ്പ് 
 •  പച്ചമുളക് നടുകെ കീറിയത്– 4 എണ്ണം 
 •  വെള്ളം– ആവശ്യത്തിന് 
 •  തേങ്ങാപ്പാൽ– ഒരു മുറി തേങ്ങ ചിരകിയതിൽ നിന്നെടുത്ത കുറുകിയ ഒന്നാം പാൽ. കൂടാതെ രണ്ടാം പാലും– 1 കപ്പ് 
 •  വെളിച്ചെണ്ണ– 2 ടീസ്പൂൺ 
 •  കറിവേപ്പില 

തയാറാക്കുന്ന വിധം 

 കുമ്പളങ്ങയും ഏത്തക്കായും പച്ചമുളവും അരക്കപ്പു വെളത്തിൽ ഉപ്പുചേർത്തു വേവിക്കുക. വേവിക്കാനുള്ള വെള്ളം മാത്രം ചേർക്കാൻ ശ്രദ്ധിക്കണം. എല്ലാം വെന്തു യോജിക്കുമ്പോൾ രണ്ടാം പാൽ ചേർത്ത് ഒന്നിളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക. കഷണങ്ങളും തേങ്ങാപ്പാലും നന്നായി യോജിപ്പിച്ച് അൽപ്പം വറ്റുമ്പോൾ ഒന്നാം പാൽ ചേർത്ത് വീണ്ടും ചൂടാക്കുക. തിളയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. അടുപ്പിൽ നിന്നു വാങ്ങിവച്ച ശേഷം അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തുക. ശേഷം വിളമ്പാം. 

6. കാരറ്റ്–ബീൻസ് തോരൻ 

onam-sadya

തയാറാക്കിയത്: അശ്വതി സജി, ആർകെ പുരം സെക്ടർ 12 

ചേരുവുകൾ 

 • ബീൻസ് അരിഞ്ഞത്– 2 കപ്പ് 
 •  കാരറ്റ് അരിഞ്ഞത്– 1 കപ്പ് 
 •  തേങ്ങ ചിരകിയത്– 1 കപ്പ് 
 •  ചെറിയ ഉള്ളി– 10 എണ്ണം അരിഞ്ഞത്. 
 •  മഞ്ഞൾപൊടി– അര ടീസ്പൂൾ 
 •  പച്ചമുളക്– 4 എണ്ണം 
 •  ഉപ്പ്– ആവശ്യത്തിന് 
 •  കറിവേപ്പില– 3 തണ്ട് 
 •  വെളിച്ചെണ്ണ– 2 സ്പൂൺ 
 •  കടുക്– 1 സ്പൂൺ 
 •  വറ്റൽമുളക്– 2 എണ്ണം 

തയാറാക്കുന്ന വിധം 

 ബീൻസ്, ക്യാരറ്റ്, തേങ്ങ, ചെറിയ ഉള്ളി, മഞ്ഞൾപൊടി, പച്ചമുളക്, ഉപ്പ്, കറിവേപ്പില , ഉപ്പ് എന്നിവയെല്ലാം യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക. പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ട ശേഷം വറ്റൽമുളക് ഇടുക. യോജിപ്പിച്ചു വച്ചിരിക്കുന്ന കറിക്കൂട്ട് പാനിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച ശേഷം മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി നൽകണം. ചൂടോടെ വിളമ്പാം. 

7. പുളിശേരി തയാറാക്കിയത്– ഗിരി സുതൻ, ലക്ഷ്മി നഗർ 

Mambazha Pulissery

ചേരുവകൾ 

 • തൈര്: 2 കപ്പ് 
 • ജീരകം: അര ടീസ്പൂൺ 
 •  കടുക്: അര ടീസ്പൂൺ 
 •  മഞ്ഞൾപൊടി: അര ടീസ്പൂൺ 
 •  എണ്ണ: 2 ടേബിൾ സ്പൂൺ 
 •  കറിവേപ്പില: ആവശ്യത്തിന് 
 •  ഉപ്പ്: ആവശ്യത്തിന് 
 •  ഉലുവ: 1 ടീസ്പൂൺ 
 •  ചുവന്നുള്ളി: 3 എണ്ണം 

തയാറാക്കുന്ന വിധം 

∙ ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ വറ്റൽ മുളക്, കടുക്, ജീരകം, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് ഉറച്ച തൈരും മഞ്ഞൾപൊടിയും ഒപ്പം ചേർത്തിളക്കുക. അൽപ്പം ഉലുവപ്പൊടിയും ചേർക്കാം, ചൂടാകുമ്പോൾ ഇറക്കി വയ്ക്കാം. തിളയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുളിശേരി തയാർ. 

8. ശർക്കരവരട്ടി– ഷീനാ തോമസ്, ആശ്രം 

sarkkara-varatti

ചേരുവകൾ

 •  ഇടത്തരം പച്ച ഇടത്തരം പച്ച ഏത്തക്കായ– 3 എണ്ണം 
 •  ശർക്കര - 2 എണ്ണം 
 •  പഞ്ചസാര പൊടിച്ചത് - 2 ടീസ്പൂൺ 
 •  ചുക്കുപൊടി - ½ ടീസ്പൂൺ 
 •  അരിപൊടി - 2 ടീസ്പൂൺ 
 •  ഏലക്കായ് - 4 എണ്ണം 
 •  ജീരകം - ½ ടീസ്പൂൺ 
 •  എണ്ണ–വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്നത് 

തൊലി കളഞ്ഞ ഏത്തക്കായ നീളത്തിൽ രണ്ടായി കീറി. 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ ഏത്തക്കായ കഷണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാൻ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോൾ ഇളക്കുമ്പോൾ മനസ്സിലാകും. ഏതാണ്ട് 20-25 മിനിറ്റ് വേണം ഒരു തവണ വറുത്തെടുക്കാൻ. ടിഷ്യൂ പേപ്പറിൽ ഇട്ട് ചൂടുമാറിയെടുക്കുക. ശർക്കര കുറച്ച് വെള്ളം ചേർത്ത് പാനിയാക്കുക. അരിച്ച ശേഷം അടുപ്പത്ത് വച്ച് ജീരകപൊടി, പഞ്ചസാര പൊടിച്ചത്, ഏലക്കായ് പൊടി, ചേർത്ത് തിളപ്പിച്ച കട്ടിയുള്ള പരുവമാകുമ്പോൾ വറുത്തു വച്ച ഏത്തക്കായ ഇടുക. നല്ലപോലെ ഇളക്കി യോജിപ്പിക്കണം. ഒന്നിനൊന്നു ഒട്ടുന്ന പരുവത്തിൽ ആയിരിക്കണം. അടുപ്പത്തുനിന്നും വാങ്ങി ചുക്കുപൊടി 2 ടീസ്പൂൺ, പഞ്ചസാര പൊടിച്ചത് എന്നിവയും ചേർക്കുക. അവസാനം അരിപൊടി വിതറുക. വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.ഓണ സദ്യയിലെ പ്രധാന കൂട്ടുകളിലൊന്നാണ് ശർക്കര വരട്ടി. 

9. ഇഞ്ചിക്കറി– ദിവ്യ ജോസ്, രജൗരി ഗാർഡൻ 

inji-curry-olan

ചേരുവകൾ 

 •  ഇഞ്ചി: 300 ഗ്രാം(കനം കുറച്ച് അരിഞ്ഞത്) 
 •  പച്ചമുളക് : 4-5 എണ്ണം 
 •  മുളക് പൊടി: 3 ടേബിൾ സ്പൂൺ 
 •  കടുക്: അര ടേബിൾ സ്പൂൺ 
 •  കായപ്പൊടി: 1 നുള്ള് 
 •  വാളൻപുളി: ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ 
 •  ശർക്കര: 2 ടേബിൾ സ്പൂൺ 
 •  കറിവേപ്പില: ആവശ്യത്തിന് 
 •  വറ്റൽ മുളക്: രണ്ടെണ്ണം 
 •  ഉലുവ: അര ടേബിൾ സ്പൂൾ പൊടിച്ചത് 
 •  വെളിച്ചെണ്ണ: കാൽ കപ്പ് 
 •  ചുവന്നുള്ളി: 10 എണ്ണം ചെറുതായി അരിഞ്ഞത് 

തയാറാക്കുന്നത് 

ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളിച്ചെണ്ണയിൽ ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരുക. തണുത്ത ശേഷം പൊടിച്ചെടുക്കാം. എണ്ണയിൽ കടുകു പൊടിച്ച ശേഷം വറ്റൽ മുളക്, ചുവന്നുള്ളി എന്നിവ നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ചേർത്തിളക്കുക. പിഴിഞ്ഞെടുത്ത പുളിവെള്ളം ആവശ്യത്തിനു ചേർത്തിളക്കാം. തിളച്ചശേഷം മുളക് പൊടി, ഉലുവാ പൊടി, കായപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഇഞ്ചിയും ശർക്കരയും ചേർത്തു നന്നായി യോജിപ്പിക്കുക. പാകത്തിന് ഉപ്പുചേർത്തു 10 മിനിറ്റ് ചെറുതീയിൽ വച്ച ശേഷം വാങ്ങുക. സ്വാദിഷ്ടമായ ഇഞ്ചിക്കറി തയാർ. 

10. ബീറ്റ്റൂട്ട് പച്ചടി–തയാറാക്കിയതു ഷീല പിള്ള. ആർകെ പുരം സെക്ടർ 4 

Beetroot Pachadi Recipe

ചേരുവകൾ 

 •  ബീറ്റ്റൂട്ട്: ഒരെണ്ണം 
 •  തേങ്ങ: 4 ടേബിൾ സ്പൂൺ 
 •  കടുക്: 1 ടീസ്പൂൺ 
 •  ജീരകം: അര ടീസ്പൂൺ 
 •  പച്ചമുളക്: ഒരെണ്ണം 
 •  തൈര്: ഒരു കപ്പ് 
 •  ഉണക്കമുളക്: 2 എണ്ണം 
 •  കറിവേപ്പില: 2 തണ്ട് 
 •  വെളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ 
 •  ഉപ്പ്: ആവശ്യത്തിന് 
 •  മഞ്ഞൾ: കാൽ ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നന്നായി അരിഞ്ഞെടുക്കുക. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ വെളിച്ചെണ്ണയിൽ ബീറ്റ്റൂട്ട് ഉപ്പും മുളരും ചേർത്ത് വഴറ്റുക. മിക്സിയിൽ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി അരയ്ക്കുക. അവസാനം കടുകുമിട്ട് ഒന്ന് ചതച്ചെടുക്കുക. ബീറ്റ്റൂട്ട് പകുതി വേവാകുമ്പോൾ അരച്ചുവച്ചിരിക്കുന്ന മിശ്രിതം ഇട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് ഇളക്കി വാങ്ങിവയ്ക്കുക. ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിൽ വറ്റൽമുളക്, കടുക്, കറിവേപ്പില എന്നിവ ചൂടാക്കി ഇതിലേക്കു ചേർക്കുക. ബീറ്റ്റൂട്ട് പച്ചടി തയാർ. 

11. കൂട്ടുകറി– തയാറാക്കിയത് കെ.വി. സുജീന, മുനീർക്ക ചേരുവകൾ 

koottu-curry
 •  കടല– 150 ഗ്രാം 
 •  നേന്ത്രക്കായ– ഒന്ന്(വലുത്) 
 •  ചേന– 150 ഗ്രാം 
 •  കുരുമുളക് പൊടി– 1 ടീസ്പൂൺ 
 •  മഞ്ഞൾ പൊടി– അര ടീസ്പൂൺ 
 •  കശ്മീരി മുളക്പൊടി– അര ടീസ്പൂൺ 
 •  എരുവുള്ള മുളക്പൊടി– അര ടീസ്പൂൺ 
 •  ജീരകം– 1 ടീസ്പൂൺ 
 •  തേങ്ങ–1 
 •  വെളിച്ചെണ്ണ– ആവശ്യത്തിന് 
 •  കറിവേപ്പില– 3 തണ്ട്

  തയാറാക്കുന്ന വിധം 

∙ കടല 8 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക. ശേഷം മഞ്ഞൾപൊടി ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക. നന്നായി വെന്തശേഷം അതിലേക്കു നേന്ത്രക്കായ, ചേന എന്നിവ അരിഞ്ഞതും മുളക്പൊടി, കുരുമുളക്പൊടി എന്നിവ ചേർത്തു വേവിക്കുക. ഉപ്പ് ആവശ്യത്തിനു ചേർക്കാം. ചിരകിയ തേങ്ങ, ജീരകം എന്നിവ ചെറുതായി അരച്ചെടുത്ത് ഇതിലേക്കു ചേർത്ത് ആവശ്യത്തിനു വെള്ളവുമൊഴിച്ചു തിളപ്പിക്കാം. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ, കടുക്, ബാക്കി ഒരു മുറി ചിരകിയ തേങ്ങ, കറിവേപ്പില എന്നിവ ചേർത്തു ന്നായി വറുത്ത് കറിയിൽ ചേർക്കുക. കൂട്ടുകറി തയാർ.

12. കൈതച്ചക്ക കിച്ചടി– റീത്ത സജി, ടാഗോർ ഗാർഡൻ 

ചേരുവകൾ 

 •  പഴുത്ത കൈതച്ചക്ക– ഒരെണ്ണം 
 •  മുളകു പൊടി– 10 ഗ്രാം 
 •  മഞ്ഞൾപൊടി– 5 ഗ്രാം 
 •  ജീരകം- 10 ഗ്രാം 
 •  ചെറിയ ഉള്ളി- 50ഗ്രാം 
 •  നാളികേരം- 1എണ്ണം 
 •  ഉപ്പ്- പാകത്തിന് 
 •  തൈര്- 150 ഗ്രാം 
 •  കടുക്- 10 ഗ്രാം 
 • ഉണക്ക മുന്തിരി- 100 ഗ്രാം 
 •  വെളിച്ചെണ്ണ- 50ഗ്രാം
  തയാറാക്കുന്ന വിധം 

 തൊലികളഞ്ഞു കഴുകിയെടുത്ത കൈതച്ചക്ക ചെറു കഷണങ്ങളാക്കി അരിഞ്ഞതു മഞ്ഞൾ പൊടിയും , ഉപ്പും മുളകുപൊടിയും കുറച്ചു കടുകു പൊടിച്ചതും ചേർത്തു വേവിച്ചെടുക്കുക. അതിൽ ഉണക്ക മുന്തിരി ചേർത്തിളക്കുക. ചുവന്നുള്ളിയും ജീരകവും നാളികേരം ചിരണ്ടിയതും മിക്സിയിൽ അടിച്ചെടുത്തു ചേർത്തു വീണ്ടും ഇളക്കുക. തിളയ്ക്കുമ്പോൾ തൈരും ചേർക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ആദ്യം തയാറാക്കിയ പച്ചടി ഇതിലേക്ക് ഒഴിക്കാം. തിളച്ചു കഴിയുമ്പോൾ ഇറക്കിവച്ച് ചൂടാറിയ ശേഷം വിളമ്പാം. 

13. അവൽ പായസം - തയാറാക്കിയത് ബെറ്റി ഫെർണാണ്ടസ്, വിശാൽ എൻക്ലേവ്, രജൗരി ഗാർഡൻ 

Aval Payasam
 •  അവൽ: 1 കപ്പ് 
 •  പാൽ: 1 ലീറ്റർ 
 •  പഞ്ചസാര: അരക്കപ്പ് 
 •  ഏലയ്ക്ക: അര ടീസ്പൂൺ 
 •  നെയ്യ്: 1 ടീ സ്പൂൺ 
 •  കശുവണ്ടി : 3 ടീസ്പൂൺ 
 •  കിസ്മിസ്: 3 ടീസ്പൂൺ
  തയാറാക്കുന്ന വിധം 

 ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തു കോരുക. അതിൽ തന്നെ അവൽ ഇട്ട് വറുക്കുക. ശേഷം ഒരു ലീറ്റർ പാൽ ചേർത്ത് നല്ലതു പോലെ തിളപ്പിക്കുക. പിന്നീട് പഞ്ചസാര ചേർത്ത് ഇളകുക. നന്നായി കുറുകി വരുമ്പോൾ കശുവണ്ടി, കിസ്മിസ്, ഏലയ്ക്ക പൊടി എന്നിവ ചേർത്തു വാങ്ങാം. അധികം കുറുകിപോയാൽ അൽപ്പം കൂടി പാൽ ചേർക്കാം. 

14. അട പ്രഥമൻ തയാറാക്കിയത് ബെറ്റി ഫെർണാണ്ടസ്, വിശാൽ എൻക്ലേവ്, രജൗരി ഗാർഡൻ 

 •  അട: 1 പാക്കറ്റ് 
 •  ചവ്വരി: കാൽകപ്പ് 
 •  തേങ്ങ: 4 എണ്ണം 
 •  തേങ്ങ ചെറിയ കഷണങ്ങളാക്കിയത്: പാകത്തിന് 
 •  ശർക്കര: 500 ഗ്രാം 
 •  കശുവണ്ടി: 100ഗ്രാം 
 •  നെയ്യ്: 50ഗ്രാം 
 •  ചുക്ക് : 1 ടീസ്പൂൺ 
 •  ഏലയ്ക്കാ പൊടി: കാൽ ടീസ്പൂൺ 

തയാറാക്കുന്ന വിധം 

തേങ്ങ ചിരകി തേങ്ങാപ്പാൽ തയാറാക്കണം. ഒന്നാം പാൽ, രണ്ടാം പാൽ മൂന്നാം പാൽ എന്നിവ വേർതിരിച്ച് വയ്ക്കുക. ഇതിനു വേണ്ടി തേങ്ങ ചിരകിയതു മിക്സിയിൽ 2 കപ്പ് വെള്ളമൊഴിച്ച് അടിച്ചെടുക്കുക(കൈകൊണ്ടു പിഴിഞ്ഞെടുക്കുകയുമാകാം. ഇതാണ് ഒന്നുകൂടി എളുപ്പം). ഇതു വൃത്തിയുള്ള ഒരു തുണിയിൽ അരിച്ചെടുക്കുക. ഏതാണ്ട് 3 കപ്പ് കട്ടി പാൽ കിട്ടും. ഇത് ഒന്നാം പാൽ. ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയിൽ മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. ഇതും അരിച്ചെടുക്കുക. രണ്ടു കപ്പ് ലഭിക്കും. ഇതു രണ്ടാം പാൽ. വീണ്ടും 5 ഗ്ലാസ് വെള്ളം ഒഴിച്ച് തേങ്ങാപ്പീര അടിച്ചെടുത്ത്, തുണിയിൽ അരിച്ചെടുക്കുക(4 കപ്പ് ലഭിക്കും). ഇതാണു മൂന്നാം പാൽ. തേങ്ങാപ്പീര കളയരുത്. പിന്നീട് ആവശ്യമുണ്ടെങ്കിൽ പിഴിഞ്ഞ് എടുക്കാം. ചുക്കും ഏലക്കയും പൊടിച്ചെടുക്കുക. കശുവണ്ടി വറുത്തു മാറ്റി വെക്കുക.തേങ്ങ ചെറുതായി കഷണങ്ങൾ ആക്കിയതും വറക്കുക. ശർക്കര ഒരു കപ്പുവെള്ളത്തിലിട്ട് തിളപ്പിക്കുക. ശർക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ ,വാങ്ങി അരിച്ചെടുക്കുക. ഇതു മാറ്റിവയ്ക്കുക.

ഒരു പാത്രത്തിൽ മൂന്ന് കപ്പ്‌ വെള്ളം ഒഴിച്ച് ചവ്വരി അതിലിട്ടു തിളപ്പിക്കുക. ചവ്വരി മൃദു ആകുന്നതു വരെ വേവിക്കുക. ട്രാൻസ്പെരന്റുമാകും. ഇതും മാറ്റിവയ്ക്കുക. അട ആവശ്യമായ വെള്ളം ചേർത്ത് വേവിക്കുക. അട നീളത്തിലാണെങ്കിൽ കൈ കൊണ്ട് ഒടിച്ചു ചെറുതാക്കുക. വെന്തു കഴിയുമ്പോൾ അട നല്ല മൃദു ആകും. വാങ്ങി ഊറ്റി എടുക്കുക. പിന്നയും ഒട്ടുന്ന പോലെ തോന്നുന്നുവെങ്കിൽ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടി ഊറ്റി എടുത്താൽ മതിയാകും . ഇനി അട പ്രഥമൻ തയാറാക്കി തുടങ്ങാം. പ്രത്യേകം ശ്രദ്ധിക്കുക, അട പ്രഥമൻ തയ്യാറാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ (ഉരുളി ആണ് ഏറ്റവും നല്ലത് ),ശർക്കര പാനി ഒഴിക്കുക .ഇതിലേക്ക് അടയും ചവ്വരിയും ഒന്നിച്ചു ചേർത്ത് ഇളക്കുക. അട പാത്രത്തിൻറെ സൈഡ് വിട്ടു വരും വരെ ഇളക്കുക. ഇതിലേക്കു നെയ്യ് ഒഴിക്കാം. പിന്നീട് മൂന്നാം പാൽ ചേർക്കുക. തിളക്കാൻ അനുവദിക്കുക.

കൊഴുത്തുവരുന്നതു വരെ ഇളക്കണം. നന്നായി തിളച്ചു കഴിയുമ്പോൾ രണ്ടാം പാൽ ഒഴിക്കണം. ഇതു നന്നായി കൊഴുത്തു വരുമ്പോൾ ഒന്നാം പാലും ചേർക്കുക. തിളക്കാൻ പാടില്ല. ഒന്നു ചൂടാകുമ്പോൾ വാങ്ങി ഏലയ്ക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങാ കഷണങ്ങളും ചേര‍്ത്ത് അടച്ചു വയ്ക്കുക. തിളക്കുമ്പോൾ രണ്ടാം പാൽ ഒഴിക്കുക.ഇതു നല്ല കൊഴുത്ത് വരുമ്പോൾ ഒന്നാം പാൽ ഒഴിക്കുക. തിളക്കാൻ പാടില്ല . ഒന്ന് ചൂടാകുമ്പോൾ വാങ്ങി ഏലക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങ കഷണങ്ങളും ചേർത്ത് അടച്ചു വെക്കുക. കൂടുതൽ തിക്ക് ആയി തോന്നുകയാണെങ്കിൽ അൽപ്പം കൂടി തേങ്ങാപ്പാലോ സാധാരണ തിളപ്പിച്ച പാലോ ഒഴിച്ച് ശരിയാക്കാം. അടപ്രഥമൻ തയാർ.

onam-sadhya-recipes

15. കടല പ്രഥമൻ- എം ദീപാ മണി, ദ്വാരക സെക്ടർ 14 

 • കടലപരിപ്പ്: 250 ഗ്രാം 
 •  ശർക്കര: 700 ഗ്രാം 
 •  തേങ്ങ: 2 എണ്ണം 
 •  കിസ്മിസ്: 100 ഗ്രാം 
 •  കശുവണ്ടി: 100 ഗ്രാം 
 •  തേങ്ങാക്കൊത്ത്: 2 വലിയ സ്പൂണ് 
 •  ഏലയ്ക്കാപ്പൊടി: 1 സ്പൂൺ 
 •  നെയ്യ്: ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പരിപ്പ് കുക്കറിൽ നന്നായി വേവിക്കുക. ശർക്കര കുറച്ചു വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കിയ ശേഷം അരിച്ചെടുത്തു വയ്ക്കുക. തേങ്ങയുടെ ഒന്ന്, രണ്ട്, മൂന്ന്് പാൽ തയാറാക്കുക. പായസം തയാറാക്കാനുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് വേവിച്ച പരിപ്പും ശർക്കര പാനിയും നന്നായി വഴറ്റുക. ഇതിലേക്കു മൂന്നാം പാൽ ഒഴിച്ച് കുറേ സമയം തിളപ്പിക്കുക. പിന്നീട് രണ്ടാം പാൽ ഒഴിച്ച് വഴറ്റുക. കുറച്ചു നെയ്യും ചേർക്കുക. കുറച്ചു സമയം വഴറ്റിയ ശേഷം തീ അണച്ച് ഒന്നാം പാൽ ഒഴിക്കുക. കുറച്ച് ഏലയ്ക്കാ പൊടി ഇടുക. കിസ്മിസ്, കശുവണ്ടി, തേങ്ങാക്കൊത്ത് എന്നിവ നെയ്യിൽ വറുത്തെടുത്ത് ഇട്ടാൽ രുചികരമായ കടല പ്രഥമൻ തയാർ. 

English Summary : Onam Sadya, traditional recipes.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA