ADVERTISEMENT

ശീമപ്പുളി, ഇരുമ്പൻ പുളി, ചിലുമ്പി, ഇലുമ്പി, പിലിമ്പി എന്നൊക്കെ പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഇരുമ്പൻ പുളിക്ക് പറമ്പിലെ പഴക്കൂടയിലൊരു സ്ഥാനം നൽകാം. കൊളസ്ട്രോൾ കുറയ്ക്കും രക്തസമ്മർദം നിയന്ത്രിക്കും എന്നൊക്കെ അവകാശവാദങ്ങളുണ്ടെങ്കിലും ശാസ്ത്രീയ അടിത്തറയില്ലെന്ന് ഓർക്കുക. മീൻകറിയിലെ പുളിക്കൂട്ടായി മാത്രം ഇരുമ്പനെ കണ്ടാൽ മതി.

ചെമ്മീൻ കറിയിലും ഇതര മീൻ കറികളിലും പച്ചക്കറിക്കൂട്ടുകളിലും പുളിയായി ചേർത്താൽ തനതായൊരു രുചി വിശേഷം അനുഭവിക്കാം. ഇതിന്റെ ഇളയ കായകളും വയലറ്റ് - പർപ്പിൾ നിറത്തിലുള്ള പൂക്കളും ചില സ്ഥലങ്ങളിൽ തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അച്ചാറിനും കൊള്ളാം.

വളരാൻ വിട്ടാൽ പത്ത് മീറ്റർ വരെ ഉയരത്തിൽ പടർന്നു പന്തലിക്കും ഇരുമ്പൻ. വർഷത്തിൽ രണ്ടോ മൂന്നോ തവണ കായ്ക്കും. മഴക്കാലത്തിന്റെ ആരംഭമാണു നടാൻ ഉത്തമം. അഞ്ചടി ആഴത്തിലുളള കുഴിയെടുത്തു മേൽ മണ്ണിട്ട് മൂടി അതിൽ നടാം. മീൻ കഴുകിയ വെള്ളം, നേർപ്പിച്ചെടുത്ത പുളിച്ച കഞ്ഞിവെള്ളം എന്നിവ നൽകാം. വർഷത്തിൽ ഒരിക്കൽ അൽപം കോഴിക്കാഷ്ഠമോ ചാണകപ്പൊടിയോ ഇട്ടു കൊടുക്കാം. മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും.

ഇരുമ്പൻ പുളി ചേർത്ത മത്തിക്കറി

ചേരുവകൾ

1. മത്തി – അരക്കിലോഗ്രാം
2. ചെറിയുള്ളി – 9 എണ്ണം
3. പച്ചമുളക് – 3 എണ്ണം
4. കറിവേപ്പില – ആവശ്യത്തിന്
5. വെളുത്തുള്ളി - 5-6 അല്ലി
6. ഇഞ്ചി – ഒന്ന്
7. ഇരുമ്പൻ പുളി – 7 – 8എണ്ണം
8. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
10. എണ്ണ – 1 ടേബിൾസ്പൂൺ
11. ഉലുവ - 1/4 ടീസ്പൂണ്‍
12. കടുക് - 1/2 ടീസ്പൂണ്‍
13. കുരുമുളകുപൊടി - 1 ടീസ്പൂണ്‍
14. കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
15. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍
16. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മത്തി നന്നായി ഉപ്പിട്ട് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.

ചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചശേഷം 1/4 ടീസ്പൂണ്‍ ഉലുവ, 1/2 ടീസ്പൂണ്‍ കടുക് എന്നിവ ചേര്‍ക്കുക. കടുക് 

പൊട്ടി വന്നശേഷം, നീളത്തിൽ അരിഞ്ഞ ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക. 

ഇവ മൂത്തുവന്നശേഷം ഇതിലേക്ക്  1/2 ടീസ്പൂണ്‍ കുരുമുളകുപൊടി, 2 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂണ്‍  മഞ്ഞൾപ്പൊടി എന്നിവ ചെറുതീയിൽ വച്ച് മൂപ്പിക്കുക. 

ചെറുതായി മൂത്തുതുടങ്ങുമ്പോള്‍ അൽപം വെള്ളം ഒഴിച്ചശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

ഇടത്തരം തീയിൽ വച്ചശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക്  വീണ്ടും ഏകദേശം  2 ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഇളക്കി കൊടുത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വച്ചിട്ടുള്ള ഇരുമ്പൻ പുളി ചേർക്കാം. 

ഇവ തിളച്ചു വരുമ്പോൾ  മത്തി ഓരോന്നായി ഇട്ടു കൊടുക്കാം. 

ആവശ്യത്തിന് കറിവേപ്പില കൂടിയിട്ട് 10 മിനിറ്റ് നേരം അടച്ചുവച്ച്  വേവിക്കാം. 

നന്നായി തിളച്ച് വരുമ്പോൾ അൽപം വെളിച്ചെണ്ണ കൂടി ഒഴിച്ചു അടുപ്പിൽ നിന്നും വാങ്ങാം. 

English Summary : Fish is cooked with irumban puli for sourness instead of tomatoes or kudampuli.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com