ആസ്വദിച്ചു കഴിക്കാൻ പനീർ ദം ബിരിയാണി

HIGHLIGHTS
  • രുചി വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഉത്തരമലബാർ.
paneer-biryani
SHARE

രുചി വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഉത്തരമലബാർ. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനേക്കാൾ വച്ചുവിളമ്പി അതിഥികളെ സൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവിടെ കൂടുതൽ. രുചികരമായൊരു പനീർ ദം ബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

മസാലയ്ക്ക് വേണ്ട ചേരുവകൾ

∙ പനീർ – 250 ഗ്രാം
∙ എണ്ണ/നെയ്യ് – ഒരു കപ്പ്
∙ ബേയ് ലീഫ് – ഒരെണ്ണം
∙ ഏലയ്ക്ക – 4 എണ്ണം
∙ സാജീരകം – ഒരു ടീ സ്പൂൺ
∙ കറുവാ പട്ട – ഒരു ചെറിയ കഷ്ണം
∙ ഗ്രാമ്പു – 3 എണ്ണം
∙ സവാള – 4 എണ്ണം (ചെറുത്)
∙ ഇഞ്ചി – വെളുത്തുള്ളി അരച്ചത് – ഒന്നര ടേബിൾ സ്പൂൺ
∙ തക്കാളി – 2 എണ്ണം
∙ മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
∙ മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
∙ മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ
∙ ബിരിയാണി മസാല – ഒരു ടീ സ്പൂൺ
∙ തൈര് – അര കപ്പ്
∙ മല്ലിയില, പുതിയിന ഇല – അര കപ്പ്
∙ വെള്ളം – 3 കപ്പ്
∙ ഉപ്പ് – ആവശ്യത്തിന്

അരി വേവിക്കുമ്പോൾ ചേർക്കേണ്ടവ

∙ ബസ്മതി അരി – 2 കപ്പ്
∙ വെള്ളം – 3 കപ്പ്
∙ ഉപ്പ് – 3 ടേബിൾ സ്പൂൺ
∙ കുരുമുളക് – 3, 4 എണ്ണം
∙ സാജീരകം – ഒരു ടീ സ്പൂൺ
∙ കറുവ പട്ട – ഒരു ചെറിയ കഷ്ണം
∙ ബേയ് ലീഫ് – ഒരെണ്ണം
∙ ഏലയ്ക്ക – 2 എണ്ണം
∙ ഗ്രാമ്പു – 2 എണ്ണം
∙ പച്ചമുളക് – 2 എണ്ണം
∙ നെയ്യ് – ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ കുതിരാൻ വയ്ക്കുക. ഈ സമയം പനീർ അൽപം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു ചെറുതായി ഒന്ന് ഇളക്കുക.

പനീർ പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് അര മണിക്കൂർ മാറ്റി വച്ചതിനു ശേഷം എണ്ണയിൽ ചെറുതായി വറുത്തെടുത്തു മാറ്റി വയ്ക്കാം. ഇനി മസാല തയാറാക്കാം. അതിനായി ഒരു പാനിൽ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കുക. ഇതിലേക്കു മേൽപറഞ്ഞിരിക്കുന്ന അളവിൽ കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു, സാജീരകം, ബേയ് ലീഫ് എന്നിവ ചേർക്കുക. ശേഷം സവാള ചേർത്തു വഴറ്റുക. സവാള ബ്രൗൺ നിറത്തിലേക്കു മാറി തുടങ്ങുന്ന സമയം ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി അരപ്പ്, തക്കാളി എന്നിവ ചേർക്കുക. തക്കാളിയും സവാളയും നന്നായി വെന്തതിനു ശേഷം ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ബിരിയാണി മസാല എന്നിവ ചേർക്കുക. പൊടികളുടെ പച്ചമണം മാറുന്നതു വരെ വഴറ്റണം. ചെറു തീയിൽ വേണം വഴറ്റാൻ. ശേഷം ഇതിലേക്കു തൈര്, മല്ലിയില, പുതിന ഇല എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പു ചേർക്കുക. അൽപം കൊഴുത്ത ഗ്രേവി ലഭിക്കുന്ന വിധത്തിൽ വെള്ളം ചേർക്കുക. ഇതിലേക്ക് വറുത്ത് മാറ്റി വച്ചിരിക്കുന്ന പനീർ ചേർത്തിളക്കി യോജിപ്പിക്കുക.

ഇനി കഴുകി മാറ്റി വച്ചിരിക്കുന്ന അരി മേൽ പറഞ്ഞ ചേരുവകൾ ചേർത്തു വേവിക്കുക. അരി വെന്ത് കുഴഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് അടി കട്ടിയുള്ള പാത്രത്തിൽ ആദ്യം തയാറാക്കിയ പനീർ മസാല ഒഴിക്കുക. ഇതിനു മുകളിൽ അരി വിളമ്പുക. ഇതിനു മുകളിലായി ആവശ്യമെങ്കിൽ കശുവണ്ടി, ഉണക്കമുന്തിരി, മല്ലിയില, പുതിനയില എന്നിവ തൂകാം. 

ദം ചെയ്യുന്നതിനു മുൻപായി അരിയുടെ മുകളിൽ 2 ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർക്കുക. 10 മിനിറ്റ് ദം ചെയ്യുക. ശേഷം ചൂടോടെ വിളമ്പുക.

English Summary : Paneer Dum Biryani is rich, spicy and delicious medley of spices.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA