ADVERTISEMENT

മഴക്കാലം എന്നാൽ തണുപ്പുകാലം. പെരുമഴയ്ക്കൊപ്പം വിശപ്പേറുന്ന കാലം. രോഗങ്ങളുടെയും കാലം. അതുകൊണ്ടുതന്നെ മഴക്കാല‌ം ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലംകൂടിയാവുന്നു.

വിശപ്പു കൂടുന്ന മഴക്കാലത്ത് എന്തും വലിച്ചുവാരി തിന്നാം എന്നൊരു തെറ്റായ ധാരണ എങ്ങനെയോ നമ്മുടെയിടയിൽ പരന്നിട്ടുണ്ട്. സയത്തും അസമയത്തും തണുപ്പകറ്റാൻ ചൂടുള്ള എന്തിനെയും വേണ്ടതിലേറെ അകത്താക്കാനുള്ള പ്രവണത ഈ സമയത്ത് ഏറെയാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഈ കാലത്ത് നമ്മുടെ ബലഹീനതയായി മാറുന്നു. ശരീരത്തിന് ആവശ്യമായതിനേക്കാൾ ഊർജം ഉണ്ടാകുന്നതുമൂലമാണ് തണുപ്പുകാലത്ത് ഭക്ഷണം കൂടുതൽ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതുതന്നെ. ആഹാരം ഏത് എന്ന പോലെ എത്രമാത്രം എന്ന കാര്യത്തിലും മിതത്വം പാലിക്കേണ്ട സമയമാണിത്. ഭക്ഷണം കൂടുതൽ കഴിച്ചാലും ശരീരത്തിന് നല്ലതല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം.

അതേപോലെ ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും പടരാൻ സാധ്യത കൂടുതലുള്ള കാലം എന്ന നിലയിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ശുചിത്വം പാലിക്കുന്നതിലും അതീവശ്രദ്ധ പുലർത്തണം. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും ഇക്കാലത്ത് ശ്രദ്ധിക്കണം. വൃത്തിയുള്ള സ്ഥലത്തു മാത്രമേ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യാവൂ.

ശുചിത്വം പ്രധാനം

മഴക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെക്കാൾ പ്രധാനമാണ് ശുചിത്വം. രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗങ്ങൾക്ക് വഴിവയ്ക്കുവാൻ ഏറ്റവും സാധ്യത ഈ കാലത്താണ്. വിരശല്യം, വിവിധയിനം പനികൾ, ഛർദി, അതിസാരം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികൾ മാത്രമല്ല ശ്വാസകോശ രോഗങ്ങൾ, സന്ധിവാതം, എന്നിവയുടെ കാഠിന്യം വർധിക്കാനുള്ള സാധ്യതയും ഏറെ. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും പാനീയങ്ങളും വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കി കഴിക്കണം എന്ന് നിർബന്ധം. തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം. തണുപ്പുകാലത്ത് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഏറെയായതിനാൽ ഇക്കാര്യത്തിലും ശ്രദ്ധ വേണം. നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ. അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളംപോലും വൃത്തിയുള്ളതായിരിക്കണം.

വെള്ളംകുടി നിർബന്ധം

ശാരീരിക പ്രവർത്തനം കുറയുന്നതുമൂലം വിയർക്കുന്നതും ചൂടു കുറവാണ് എന്നും കരുതി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് നന്നല്ല. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. അഞ്ചു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം.

കാപ്പിയും ചായയും അധികം വേണ്ട

തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും ആവാം എന്ന രീതി നന്നല്ല. ഇവ ആവശ്യത്തിലേറെയായാൽ ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ ഏറെ ജലം നഷ്ടപ്പെടുകയും ക്ഷീണാവസ്ഥയ്ക്ക് വഴിവയ്ക്കുകയും ചെയ്തേക്കാം.

മാംസാഹാരം വേണ്ട

ശരീരത്തിന് ആഗിരണം െചയ്യാനും ദഹിക്കാനും പ്രയാസമുള്ള ഭക്ഷണപദാർഥങ്ങളാണ് മാംസാഹാരം പൊതുവേ. അതുകൊണ്ട് വളരെ ശ്രദ്ധിച്ചുവേണം മാംസാഹാരങ്ങൾ ഈ കാലത്ത് തിരഞ്ഞെടുക്കുവാൻ. വറുത്ത മാംസം ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിർബന്ധമെങ്കിൽ കറിയായി പാകം ചെയ്യാം. മീൻ ആവശ്യത്തിന് ഉപയോഗിക്കാം. വിദഗ്‌ധർ നിർദേശിക്കുന്ന അളവിലുള്ള മൽസ്യമാംസാദികൾ മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ. അതുപോലെതന്നെ പൊറോട്ട, പൂരി, ബിരിയാണി, ഫ്രൈഡ്റൈസ്, ന്യൂഡിൽസ് തുടങ്ങിയവയും വേണ്ടെന്നുവയ്ക്കണം. മുട്ട കഴിക്കുന്ന ശീലമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ആയി കുറച്ച് അതു തുടരാം.

‘വറപൊരി’ വേണ്ടേ വേണ്ട

ശരീരത്തിന്റെ തടി കൂട്ടുന്ന കാലംകൂടിയാണ് മഴക്കാലം. വറുത്തതും പൊരിച്ചതും കൊറിച്ചുകൊണ്ട് മഴ ആസ്വദിക്കുക എന്നത് മലയാളിയുടെ പണ്ടുമുതലുള്ള ശീലമാണ്. ശരീരത്തിന് ദഹിപ്പിക്കാൻ പാടുപെടേണ്ടി വരുന്ന ഇത്തരം ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. ദഹിക്കാൻ പ്രയാസമുള്ളതും ദഹനക്കേടിന് സാധ്യതയുള്ളതുമായ ‘ഫ്രൈഡ്’ പദാർഥങ്ങൾ വേണ്ടെന്നുവയ്ക്കാം. പ്രത്യേകിച്ച് ഇൗ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ കായികാദ്ധ്വാനം ഒന്നും ലഭിക്കുന്നില്ല എന്ന കാര്യം മറക്കരുത്.

വെജിറ്റേറിയൻ ശൈലി

പച്ചക്കറികളും ഇലക്കറികളും പഴങ്ങളും മെനുവിൽ നിർബന്ധമായും ഇടം നേടണം. പെട്ടെന്ന് ദഹിക്കുന്നവയാണ് ഇവ. എന്നാൽ ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. വൃത്തിയില്ലാത്തയിടത്തു വിൽക്കുന്നതും ചീഞ്ഞുതുടങ്ങിയതുമായ പച്ചക്കറികളും പഴങ്ങളും വാങ്ങരുത്. ഇവ ഉപയോഗിക്കുന്നതിലൂടെ രോഗം വരാം. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികളും പച്ചക്കറികളും ഗോതമ്പുദോശ, ചപ്പാത്തി തുടങ്ങിയവയും അത്താഴത്തിന് ഉപയോഗിക്കാം. രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം. ഒപ്പം ചുട്ടെടുത്ത പപ്പടവും, ചമ്മന്തിയും, ചെറുപയറുമൊക്കെയായാൽ ഏറെ നന്ന്. ഇവ വയറിന് നല്ല സുഖവും ശോചനയെ സഹായിക്കുകയും ചെയ്യും. എല്ലാ ദിവസവും ഏതെങ്കിലും പഴം കഴിക്കാം.

പാനീയങ്ങൾ

പഴച്ചാറുകൾ നല്ലതാണ്. എന്നാൽ അവ വൃത്തിയോടെയും ശുചിത്വത്തോടെയും തയാറാക്കണം. ഐസ് ഇടരുത്. ഉണ്ടാക്കിയാലുടൻ കുടിക്കണം. ഏറെ നേരം ഫ്രിജിലോ പുറത്തോ വയ്ക്കരുത്. ശീതളപാനീയങ്ങളും കൃത്രിമമായിയുണ്ടാക്കിയ ജ്യൂസുകളും അപകടം ക്ഷണിച്ചുവരുത്തും. മറ്റ് രോഗങ്ങളില്ലെങ്കിൽ ചെറുചൂടോടെ ഓരോ ഗ്ലാസ് പാലു കുടിക്കാം. മഴക്കാലത്തും തണുപ്പത്തും മദ്യം ഉപയോഗിക്കാം എന്നത് മിഥ്യാധാരണ മാത്രമാണ്. മദ്യപാനം മൂത്രം അമിതായി ഉൽപ്പാദിപ്പിക്കാൻ ഇടയാവും. ഇത് ദാഹത്തിനും ലവണ നഷ്ടത്തിനും അതുമൂലം ക്ഷീണത്തിനും വഴിവയ്ക്കും.

∙ വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ബി. പത്മകുമാർ,വകുപ്പുതലവൻ,
മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

English Summary : Follow these diet tips to stay healthy in monsoons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com