പൊന്നോണത്തിനൊരുക്കാം വാഴപ്പൂ പായസം, വിഡിയോ
Mail This Article
ഓണസദ്യയുടെ ആകർഷണം തൂശനിലയിൽ ഒഴുകിപ്പരന്നെത്തുന്ന പായസം തന്നെ. പപ്പടം പൊടിച്ചു ചേർത്തു കഴിക്കാവുന്ന ഉഗ്രൻ പായസരുചി ഇതാ...
ചേരുവകൾ
- വാഴപ്പൂ അരിഞ്ഞത് – 1 കപ്പ്
- ഏത്തപ്പഴം – 1 എണ്ണം
- ശർക്കര പാനി – 250 മില്ലിലിറ്റർ
- തേങ്ങാപ്പാൽ – 2 കപ്പ്
- ഏലയ്ക്കാ പൊടിച്ചത് – 1/2 ടീസ്പൂൺ
- ചുക്ക് പൊടി – 1/2 ടീസ്പൂൺ
- നെയ്യ് – 100 ഗ്രാം
- അണ്ടിപ്പരിപ്പ് – 10 ഗ്രാം
- ഉണക്കമുന്തിരി – 20 ഗ്രാം
- തേങ്ങാക്കൊത്ത് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
വാഴപ്പൂവ് ചെറുതായി അരിഞ്ഞ് നന്നായി കഴുകി വെള്ളം ഊറ്റി വയ്ക്കുക. പഴുത്ത ഒരു ഏത്തപ്പഴം പുഴുങ്ങിയ ശേഷം പേസ്റ്റ് പോലെ അരച്ചു വയ്ക്കുക. ശേഷം സ്റ്റൗ കത്തിച്ച് ഒരു ഉരുളി ചൂടാക്കി അതിലേക്കു നെയ്യ് ഒഴിച്ച് (100 ഗ്രാം) ഉരുകി വരുമ്പോൾ വെള്ളം ഊറ്റി വച്ച വാഴപ്പൂവ് അരിഞ്ഞത് നെയ്യിലേക്കിട്ട് നന്നായി വറ്റി വരുമ്പോൾ ഏത്തപ്പഴം അരച്ചത് ചേർത്തു യോജിപ്പിക്കുക. ശേഷം തയാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി (250 ml) യും തേങ്ങാപ്പാലും (2 കപ്പ്) ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് അര ടീസ്പൂൺ വീതം ഏലയ്ക്കാ പൊടിയും ചുക്കു പൊടിയും കൂടി ചേര്‍ത്തു വീണ്ടും നന്നായി ഇളക്കുക. ഇനി മറ്റൊരു ഉരുളിയിൽ കുറച്ചു നെയ്യ് ഉരുക്കി രണ്ട് ടീസ്പൂൺ തേങ്ങാക്കൊത്തിട്ട് അത് മൂത്തു വരുമ്പോൾ അണ്ടിപ്പരിപ്പും (10 ഗ്രാം) ഉണക്കമുന്തിരി (10 ഗ്രാം) യും കൂടി ചേർത്തു വറുത്തെടുക്കുക. ഇതെല്ലാം കൂടി തയാറാക്കി വച്ചിരിക്കുന്ന പായസത്തിലേക്കു ചേർത്തു ചെറുതായി ഒന്നിളക്കി കൊടുക്കുക. വാഴപ്പൂ പായസം തയാർ.
English Summary : Vazhapoo pazham payasam, unique dessert from Coconut lagoon Kumarakom.